ടൂറിസം വകുപ്പിന് ലക്ഷങ്ങളുടെ നഷ്ടം, റിസോർട്ടുകൾക്ക് 'പണിമുടക്ക്' ചാകര
text_fieldsവൈത്തിരി: ദ്വിദിന പണിമുടക്കിൽ ജീവനക്കാരെത്താത്തതിനാൽ ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളും അടഞ്ഞുകിടന്നു. ആദ്യദിവസം ജില്ലയിലെ മിക്കവാറും എല്ലാ കേന്ദ്രങ്ങളും അടഞ്ഞുകിടന്നപ്പോൾ മുത്തങ്ങ, തോൽപ്പെട്ടി വന്യമൃഗ കേന്ദ്രങ്ങളും ഡി.ടി.പി.സിയുടെ കീഴിലുള്ള ചീങ്ങേരി മല, ടൗൺ സ്ക്വയർ, മ്യൂസിയം, കുറുവ ദ്വീപിന്റെ ഒരുവശം മാത്രമാണ് തുറന്നത്. ചൊവ്വാഴ്ച കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നുവെങ്കിലും സന്ദർശകർ കുറവായിരുന്നു.
ഡി.ടി.പി.സിയുടെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പൂക്കോട് തടാകം ഒഴികെ മറ്റെല്ലാ കേന്ദ്രങ്ങളും തുറന്നു. കൂടുതൽ സഞ്ചാരികളെത്തുന്ന പൂക്കോട് തടാകത്തെ കൂടാതെ പഴശ്ശി പാർക്ക്, എടക്കൽ ഗുഹ ബാണാസുര ഡാം, കാരാപ്പുഴ ഡാം എന്നിവയും തുറന്നില്ല. വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടതുമൂലം ടൂറിസം വകുപ്പിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.
അതേസമയം, പണിമുടക്ക് 'അവധി' ആഘോഷിക്കാൻ നിരവധി പേരാണ് ചുരം കയറിയത്. സർക്കാർ ജീവനക്കാരും സ്വകാര്യ കമ്പനി ജീവനക്കാരും ജില്ലയിലെ ഒട്ടുമിക്ക റിസോർട്ടുകളും രണ്ടു ദിവസത്തേക്ക് മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. റിസോർട്ടുകളിലും ഹോംസ്റ്റേകളിലും നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടത്. ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കാത്തതിനാൽ പലരും താമസസ്ഥലത്തുതന്നെ കഴിച്ചുകൂട്ടി. ഹോട്ടലുകൾ പലയിടത്തും തുറന്നതിനാൽ സഞ്ചാരികൾക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടേണ്ടിവന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.