‘മാധ്യമം’ വാർത്ത ഫലംകണ്ടു, വൈത്തിരി ആശുപത്രിയിൽ ഗർഭിണികൾക്ക് കിടത്തിച്ചികിത്സ
text_fieldsവൈത്തിരി: പ്രതിഷേധം ഫലം കണ്ടതോടെ വൈത്തിരി ഗവ. താലൂക്ക് ആശുപത്രിയിൽ ഗർഭിണികൾക്ക് കിടത്തിച്ചികിത്സ നൽകാൻ തീരുമാനമായി. ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിൻ ജോൺ ആളൂർ ചുമതലയേറ്റെടുത്ത ശേഷം ജില്ല മെഡിക്കൽ ഓഫിസറുടെ ഓഫിസിൽ നടന്ന ചർച്ചക്കൊടുവിലാണ് ഗർഭിണികളുടെ വാർഡിൽ കിടത്തി ചികിത്സ നൽകാനും പ്രസവം നടത്തുവാനുമുള്ള ക്രമീകരണങ്ങൾ ഒരുക്കാനും തീരുമാനമായത്. ആശുപത്രിയിലെ പ്രസവ വാർഡ് പ്രവർത്തനക്ഷമമാണെന്നും ഗർഭിണികൾക്കുള്ള ഒ.പിയും വാർഡും എല്ലാ ദിവസവും ഉണ്ടാകുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ഗൈനക്കോളജിസ്റ്റുകളും വാർഡും സൗകര്യങ്ങളുമുണ്ടായിട്ടും ഗർഭിണികൾക്ക് പ്രവേശനം നൽകാത്തത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ഗർഭിണികളെ കിടത്തി ചികിത്സിക്കാത്തതിനെതിരെ മുസ്ലിം യൂത്ത് ലീഗ് നിവേദനം നൽകിയിരുന്നു.
സാധാരണക്കാരും ആദിവാസികളും തോട്ടം തൊഴിലാകളും ആശ്രയിക്കുന്നത് വൈത്തിരി താലൂക്ക് ആശുപത്രിയെയാണ്. എല്ലാ സൗകര്യങ്ങളുമുള്ള പ്രസവ വാർഡും ലേബർ മുറിയും രണ്ട് ഗൈനക്കോളജിസ്റ്റുകളും ആശുപത്രിയിൽ ഉണ്ടായിട്ടും ആശുപത്രിയിൽ ഗർഭിണികൾക്ക് കിടത്തിചികിത്സ നൽകാത്തത് സംബന്ധിച്ചായിരുന്നു ‘മാധ്യമം’ വാർത്ത. നിലവിൽ ആശുപത്രിയിലെത്തുന്ന ഗർഭിണികൾക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. 20 കിടക്കകളുള്ള പ്രസവ വാർഡാണ് ഇവിടെയുള്ളത്. എന്നാൽ, ഗർഭിണികളെ പ്രവേശിപ്പിക്കാതെയും പ്രസവം നടത്താതെയും നാലുവർഷമായി ഇത് ഒഴിഞ്ഞുകിടക്കുകയാണ്. ചട്ടപ്രകാരം മൂന്ന് ഗൈനക്കോളജിസ്റ്റുകൾ ഇല്ലെങ്കിൽ ഗർഭിണികളെ കിടത്തിച്ചികിത്സിപ്പിക്കാൻ പാടില്ലെന്നതിനാലാണ് അഡ്മിറ്റ് ചെയ്യാത്തതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, നേരത്തേ ഒരു ഗൈനക്കോളജിസ്റ്റ് മാത്രമുള്ള സമയത്തുപോലും കിടത്തിചികിത്സ നൽകിയിരുന്നു. അതേസമയം, മതിയായ ഡോക്ടർമാരെ ആശുപത്രിയിൽ നിയമിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഡോക്ടർമാരുടെ സംഘടനയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.