യുവാവിന്റെ മരണം കൊലപാതകം; പ്രതി പിടിയിൽ
text_fieldsവൈത്തിരി: തമിഴ്നാട് അരിയല്ലൂർ സ്വദേശിയായ അരുളിന്റെ (40) മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് അരിയൂർ മുത്ത് സെർവാമഠം സ്വദേശിയായ രമേശിനെ(43) വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു.
അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസിൽ നടന്ന അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് റോഡിൽ കുഴിവെട്ടുന്ന ജോലിക്കായി തമിഴ്നാട്ടിൽ നിന്നു വന്ന തൊഴിലാളിയാണ് മരണപ്പെട്ട അരുൾ. കഴിഞ്ഞ 30ന് പൊഴുതന ആറാം മൈലിൽ തൊഴിലാളികൾ താമസിച്ചിരുന്ന വാടകവീട്ടിലാണ് സംഭവം. ഭക്ഷണം പാകം ചെയ്ത് ഒരുമിച്ചിരുന്നു കഴിക്കുന്ന സമയത്ത് മരണപ്പെട്ട അരുൾ മദ്യ ലഹരിയിൽ മറ്റുള്ളവരുടെ പാത്രങ്ങളിലേക്ക് പഴകിയ ഭക്ഷണാവശിഷ്ടം എറിഞ്ഞത് ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന മേസ്ത്രിയായ രമേശ് ചോദ്യം ചെയ്തു.
തുടർന്നുണ്ടായ സംഘർഷത്തിൽ അരുളിന് പരിക്കുപറ്റി വൈത്തിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണം. സബ് ഇൻസ്പെക്ടർ സന്തോഷ് മോന്റെ നേതൃത്വത്തിൽ എ.എസ്.ഐ മണി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ദേവജിത്ത്, അനസ്, സിവിൽ പൊലീസ് ഓഫിസർമാരായ ആഷ്ലിൻ, പ്രമോദ്, അബ്ദുൽനാസർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.