വൈത്തിരി താലൂക്ക് ആശുപത്രിയെന്താ, ആശുപത്രിയല്ലേ!
text_fieldsവൈത്തിരി: കോവിഡ് രണ്ടാംതരംഗത്തിൽ സംസ്ഥാനത്തെ ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞപ്പോഴും നോക്കുകുത്തിയായി വൈത്തിരി താലൂക്ക് ആശുപത്രി.
പ്രധാന ആശുപത്രികളെല്ലാം കോവിഡ് ആശുപത്രികളാക്കി മാറ്റിയതോടെ ജില്ലയിലെ ചികിത്സ കേന്ദ്രങ്ങളുടെ എണ്ണവും കുറഞ്ഞിരുന്നു. എന്നിട്ടും ആധുനിക സൗകര്യങ്ങളും ആവശ്യത്തിലധികം ജീവനക്കാരുമുള്ള താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സയില്ല.
എല്ലാ ആധുനിക സജ്ജീകരണങ്ങളുമുള്ള ജില്ലയിലെ സർക്കാർ ആശുപതികളിലൊന്നാണിത്. ഏതാനും വർഷം മുമ്പ് വരെ നിരവധി പേർ ഇവിടെ ചികിത്സ തേടിയെത്തിയിരുന്നു. ഇന്ന് ആരും ഇവിടേക്ക് വരുന്നില്ല. ചുരത്തിനു താഴെ താമരശ്ശേരിയിൽ നിന്നുപോലും ചികിത്സ തേടി രോഗികൾ എത്തിയിരുന്നു.
ഡോക്ടർമാർ ഉൾപ്പെടെ 170 ജീവനക്കാരുണ്ട്. എന്നാൽ, ഇവർക്ക് കാര്യമായ ജോലിയൊന്നുമില്ല. ദിവസങ്ങളായി ഒരു രോഗിയെ പോലും ഇവിടെ കിടത്തി ചികിത്സിച്ചിട്ടില്ല. നിസ്സാര കാരണങ്ങളാണ് ആശുപത്രി അധികൃതർ കണ്ടെത്തുന്ന ന്യായീകരണങ്ങൾ.
പ്രസവ വാർഡടക്കം നൂറിലധികം പേരെ പ്രവേശിപ്പിക്കാവുന്ന സൗകര്യം ആശുപത്രിയിലുണ്ട്. ജീവനക്കാരിൽ 125 പേർ സ്ഥിര നിയമനം നേടിയവരാണ്. എച്ച്.എം.സിയിൽനിന്നും മറ്റുമായി താൽക്കാലിക ജീവനക്കാരായി 45 പേരും ഇവിടെയുണ്ട്.
ഗൈനക്കോളജി വിഭാഗത്തിൽ മാത്രം രണ്ടു ഡോക്ടർമാരുണ്ട്. അഞ്ചുവർഷത്തിന് ശേഷമാണ് ആശുപത്രിക്കു സ്ഥിരമായി ഒരു സൂപ്രണ്ടിനെ ലഭിക്കുന്നത്. ഗൈനക്കോളജിയിൽ വരുന്ന രോഗികളെ മിക്ക സമയത്തും സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യുന്ന പരിപാടി നേരത്തേയുണ്ട്.
മുൻ സൂപ്രണ്ട് ആശുപത്രിയുടെ സമീപത്തുതന്നെ സ്വകാര്യ ക്ലിനിക്കും നടത്തുന്നുണ്ട്. ആശുപത്രിയിൽ ജനറൽ ഫിസിഷ്യൻ ഉണ്ടെങ്കിലും അദ്ദേഹത്തിന് 20 ദിവസവും മാനന്തവാടി ജില്ല ആശുപത്രിയിലാണ് ഡ്യൂട്ടി. ഫിസിഷ്യെൻറ അഭാവമാണ് കിടത്തി ചികിത്സക്ക് തടസ്സമെന്ന് സൂപ്രണ്ട് പറയുന്നു.
ഡോക്ടർമാരിൽ ചിലർ താൽക്കാലിക നിയമനമാണെന്നും അവർക്ക് അഡ്മിറ്റ് ചെയ്യാൻ കഴിയില്ലെന്നും വാദിക്കുന്നുമുണ്ട്.
കോവിഡ് പരിശോധനക്ക് സൗകര്യമില്ല
അഡ്മിറ്റിനു വരുന്ന രോഗികൾക്ക് ആൻറിജൻ, ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നതിനുള്ള സൗകര്യം ഇവിടെയില്ല. അതുകാരണം അഡ്മിറ്റ് ചെയ്യാൻ വരുന്ന രോഗികളെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് ഡോക്ടർമാരുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് ആക്ഷേപമുണ്ട്.
മൂന്നു വർഷത്തിനിടെ പത്തു രോഗികളെ ഒന്നിച്ച് അഡ്മിറ്റ് ചെയ്ത ഒരുദിവസം പോലും ഉണ്ടായിട്ടില്ലെന്ന് ആശുപത്രി വികസന സമിതിയിലെ ഒരംഗം പറയുന്നു. ഇതുകൊണ്ടുതന്നെ രോഗികൾ സ്വകാര്യ ആശുപത്രികളെ സമീപിക്കുകയാണ്.
ആശുപത്രിയിൽ രോഗികളില്ലാത്ത അവസ്ഥയിൽപോലും എന്തിനാണ് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതെന്ന ചോദ്യത്തിന് മറുപടിയില്ല. കോവിഡിെൻറ പേരുപറഞ്ഞാണ് രോഗികളെ നിരുത്സാഹപ്പെടുത്തുന്നത്. ഒ.പി വിഭാഗം പോലും ശരിയാംവിധമല്ല പ്രവർത്തിക്കുന്നത്. എസ്റ്റേറ്റ് തൊഴിലാളികളും സാധാരണക്കാരും ആദിവാസികളും ഏറ്റവും കൂടുതലുള്ള വൈത്തിരി താലൂക്കിലെ ആശുപത്രിയിപ്പോൾ സ്വകാര്യ ആശുപത്രിക്കുള്ള പ്രവേശന കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. കെടുകാര്യസ്ഥതയുടെ മകുടോദാഹരണമായും.
വൈത്തിരി താലൂക്ക് ആശുപത്രി കോവിഡ് ചികിത്സ കേന്ദ്രമായി മാറ്റാൻ ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ടുവന്നെങ്കിലും അറ്റകുറ്റപ്പണികൾക്കായി പന്ത്രണ്ടര ലക്ഷം ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിരുന്നു.
പിന്നീട് കോവിഡ് സെൻററിന് പുതിയ ബ്ലോക്ക് തന്നെ വേണമെന്നും 32 ലക്ഷം രൂപ വകയിരുത്തണമെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ അവകാശ വാദം. ഗർഭിണികൾക്കുള്ള കോവിഡ് സെൻററായി ആശുപത്രിയെ പരിഗണിക്കണമെന്ന നിർദേശം ഒരു ഗൈനക്കോളജി ഡോക്ടറുടെ എതിർപ്പുമൂലം നടക്കാതെ പോവുകയായിരുന്നു.
ഇതിൽ പ്രതിഷേധിച്ച് ആശുപത്രി സൂപ്രണ്ട് യോഗത്തിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു.
ആശുപത്രി വികസന കമ്മിറ്റി കൂടിയിട്ടും മാസങ്ങളായി. ആശുപത്രിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ടെന്നും ഉടൻ യോഗം ചേർന്ന് ശാശ്വത പരിഹാര നടപടികൾ കൈക്കൊള്ളുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നസീമ ടീച്ചർ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.