കുടിവെള്ളമില്ല; പഴയ വൈത്തിരിയിൽ ജനം ദുരിതത്തിൽ
text_fieldsവൈത്തിരി: കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തെ ആശ്രയിച്ചു കഴിയുന്ന പഴയ വൈത്തിരി, മുള്ളൻപാറ, കച്ചേരിപ്പാറ ഭാഗങ്ങളിലെ ജനങ്ങൾ ദുരിതത്തിൽ. ഇക്കഴിഞ്ഞ വിഷുവിനും ഇപ്പോൾ പെരുന്നാളിനും പ്രദേശത്തുകാർക്ക് കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. ഒരു മാസത്തിലധികമായി ഈ ഭാഗങ്ങളിൽ അതോറിറ്റിയുടെ വെള്ളം ആവശ്യത്തിന് ലഭിക്കുന്നില്ല. മൂന്നും നാലും ദിവസങ്ങളിലൊരിക്കൽ മാത്രമാണ് വെള്ളം പൈപ്പിലൂടെ വരുക. അതും മണിക്കൂറുകൾക്കകം നിലക്കുകയും ചെയ്യും. വരൾച്ചയും കടുത്ത ചൂടും നിലനിൽക്കുന്ന സാഹചര്യത്തിൽ കുടിവെള്ളംകൂടി കിട്ടാതാവുന്നതോടെ നിരവധി കുടുംബങ്ങളാണ് ദുരിതം പേറുന്നത്. ജല അതോറിറ്റിയുടെ കൽപറ്റ ഓഫിസുമായി തദ്ദേശവാസികൾ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും പരിഹാരനടപടികളുണ്ടായില്ലെന്ന് മാത്രമല്ല വെള്ളം ലഭിക്കാത്തതിന്റെ കാരണവും അറിയിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
വൈത്തിരിയിൽ മുന്നൂറിലധികം കുടുംബങ്ങൾക്കായുള്ള ആശുപത്രിക്കടുത്തുള്ള പഴയ കിണറിൽനിന്നാണ് വെള്ളം പമ്പുചെയ്യുന്നത്. വൈത്തിരി ടൗണിൽ മിക്കവാറും എല്ലായിടത്തും വെള്ളം ലഭ്യമാകുന്നുണ്ടെങ്കിലും വൈത്തിരി മുതൽ പഴയ വൈത്തിരി ഭാഗത്തേക്കാണ് വെള്ളപ്രശ്നം രൂക്ഷമായി അനുഭവപ്പെടുന്നത്. ഹൈസ്കൂൾ റോഡിൽ വൈ.എം.സി.എയുടെ സമീപം പുതിയ കിണറും അതോടനുബന്ധിച്ച് കംപ്രസറും നിർമിച്ചിട്ട് മാസങ്ങളായെങ്കിലും ഇതിൽനിന്നും വെള്ളം വിതരണം നടക്കുന്നില്ല. ഉയർന്ന വോൾട്ടേജിൽ വൈദ്യുതി ലഭിക്കണമെന്നും അതിന് പ്രത്യേക ട്രാൻസ്ഫോർമർ വേണമെന്നുമാണ് ജലഅതോറിറ്റി അധികൃതർ പറയുന്നത്. എങ്കിൽ മാത്രമേ കൂടുതലിടങ്ങളിലേക്ക് വെള്ളം പമ്പുചെയ്യാൻ കഴിയുകയുള്ളൂ. ആയിരത്തിലധികം അപേക്ഷകൾ പുതിയ കണക്ഷനുവേണ്ടി ഇപ്പോൾത്തന്നെ അതോറിറ്റി ഓഫിസിൽ കെട്ടിക്കിടക്കുകയാണ്. പുതിയ ട്രാൻസ്ഫോർമറിനുവേണ്ടി പഞ്ചായത്തിനെയും എം.എൽ.എയെയും ബന്ധപ്പെട്ടിട്ടുണ്ടെന്നും മറുപടിക്ക് കാത്തിരിക്കുകയാണെന്നും അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. തണുപ്പിന്റെയും ജലസ്രോതസ്സുകളുടെയും കേന്ദ്രമായിരുന്ന വൈത്തിരിയുടെ പല മേഖലകളിലും കുടിവെള്ളം കിട്ടാതെ ജനം കഷ്ടപ്പെടുകയാണ്. ഇതിനിടയിലാണ് ജലസേചന വകുപ്പിന്റെ കെടുകാര്യസ്ഥത മൂലമുള്ള ദുരിതങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.