ഉദ്യോഗസ്ഥർ അനുകൂല റിപ്പോർട്ട് നൽകി: ഭീമൻ ചരക്ക് ലോറികൾ വയനാട് ചുരം കയറും
text_fieldsവൈത്തിരി: വയനാട് ചുരം കയറാൻ ഉത്തരവും കാത്ത് ഒന്നര മാസത്തിലധികമായി അടിവാരത്ത് നിർത്തിയിട്ടിരിക്കുന്ന ഭീമൻ ചരക്ക് ലോറികൾക്ക് അനുമതിക്ക് സാധ്യത.
വലിയ ട്രെയലറിൽ വീതിയും ഉയരവും കൂടിയ ഭാരമേറിയ കൂറ്റൻ യന്ത്രങ്ങളുമായുള്ള രണ്ട് ചരക്ക് ലോറികൾക്ക് വയനാട് ചുരത്തിലൂടെ കടന്നുപോകാനാവശ്യമായ പരിശോധനകൾ നടത്തിയ ഉന്നത ഉദ്യോഗസ്ഥർ കോഴിക്കോട് ജില്ല കലക്ടർക്ക് അനുകൂലമായ റിപ്പോർട്ട് നൽകി.
അതേസമയം, ഇപ്പോൾ തന്നെ ചരക്കുലോറികൾ ചുരത്തിൽ കുടുങ്ങുന്നത് പതിവായിരിക്കെ ആംബലുൻസുകൾക്ക് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തതരത്തിൽ ഗതാഗതകുരുക്കുണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ഭീമൻ ലോറികൾ ചുരത്തിലൂടെ പോകുന്നതുമായി ബന്ധപ്പെട്ട് ദേശീയപാത, പൊലീസ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരാണ് സംയുക്തമായി പരിശോധന നടത്തി അനുമതി നൽകുന്നതിനുള്ള റിപ്പോർട്ട് കലക്ടർക്ക് നൽകിയത്. റോഡിൽ തിരക്ക് കുറഞ്ഞ സമയം നോക്കി ഈ വാഹനങ്ങൾ ചുരത്തിലൂടെ കയറ്റിവിടാവുന്നതാണ് എന്നാണ് തീരുമാനം.
ദേശീയപാത ഉദ്യോഗസ്ഥരായ എക്സിക്യൂട്ടീവ് എൻജിനീയർ ഗിരിജ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ റെനി മാത്യു, അസി. എൻജിനീയർ, സുനോജ്, എസ്.ഐ വിപിൻ, മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥരായ ആർ.ടി.ഒ പി. ആർ. സുമേഷ്, വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ പി. ജി. സുമേഷ്, രാജീവൻ, ചുരം സംരക്ഷണ സമിതി ഭാരവാഹികളായ മൊയ്തു മുട്ടായി, ജസ്റ്റിൻ ജോസ്, ലത്തീഫ്, ഫൈസൽ തുടങ്ങിയവരാണ് പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കി കലക്ടർക്ക് സമർപ്പിച്ചത്.
നഞ്ചൻകോടിലേക്കുള്ള ബിസ്കറ്റ് ഫാക്ടറിയിലേക്കുള്ള 16 അടി വീതിയും 20 അടി ഉയരവുമുള്ള യന്ത്രങ്ങൾ ട്രെയലറിൽ കയറ്റിയ രണ്ട് ലോറികളാണ് അടിവാരത്ത് നിർത്തിയിട്ടിരിക്കുന്നത്.അടുത്ത ദിവസം തന്നെ ലോറികൾ ചുരം കയറിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.