പഞ്ചായത്ത് മാലിന്യം തള്ളുന്നത് ചുണ്ടേൽ അങ്ങാടിയിൽ
text_fieldsവൈത്തിരി: ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ ശേഖരിച്ച മാലിന്യം മുഴുവൻ തള്ളുന്നത് ചുണ്ടേൽ അങ്ങാടിയോടു ചേർന്ന സ്ഥലത്ത്. അടുത്തിടെ പൊളിച്ചു നീക്കിയ പഞ്ചായത്ത് ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം നിന്നിരുന്ന സ്ഥലത്താണ് മാലിന്യ നിക്ഷേപം. എട്ടു ഷട്ടറുകളുള്ള കെട്ടിടത്തിലും പൊതു ശൗചാലയത്തിന്റെ മുകളിലും ശുചിത്വ മിഷൻ നിൽക്കുന്ന കെട്ടിടം മുഴുവനായും മാലിന്യം ചാക്കുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ദ്രവിച്ചുതുടങ്ങിയ ചാക്കുകൾ നിരത്തിയിരിക്കുന്നതിനോട് ചേർന്നുള്ള സ്ഥലത്ത് കൊതുകുകളും മലിനജലവും നിറഞ്ഞിട്ടുണ്ട്.
മാലിന്യചാക്കുകൾ കിടക്കുന്നതിനോട് ചേർന്നാണ് എൻ.എസ് ഹോസ്പിറ്റൽ, ചുണ്ടേൽ വില്ലേജ് ഓഫിസ്, സാമൂഹിക കുടുംബാരോഗ്യ കേന്ദ്രം, പകൽവീട്, അംഗൻവാടി, ഫാഷൻ ഡിസൈനിങ് ട്രെയിനിങ് സെന്റർ എന്നിവ സ്ഥിതി ചെയ്യുന്നത്. കൽപറ്റ, മേപ്പാടി ഭാഗത്തേക്കുള്ള യാത്രക്കാർക്കുള്ള ബസ് സ്റ്റോപ്പും ഇതിനോട് ചേർന്ന് തന്നെയാണ്. മാലിന്യക്കൂമ്പാരത്തിനോട് ചേർന്ന് നിരവധി കടകളുമുണ്ട്. പിക് അപ് സ്റ്റാൻഡും ലോറി സ്റ്റാൻഡും ഇവിടെയാണ്. എട്ടു ഷട്ടറുകളുള്ള പഞ്ചായത്ത് കെട്ടിടത്തിനകത്തും മാലിന്യ ചാക്കുകൾ നിറച്ച് ഷട്ടർ താഴ്ത്തിയിട്ടിരിക്കുകയാണ്. പഞ്ചായത്തിൽ നിരവധി തവണ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മുമ്പ് വൈത്തിരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം ചുണ്ടയിൽ കൊണ്ടുവന്നു തരംതിരിച്ചു തമിഴ്നാട്ടിലേക്ക് അയക്കാറായിരുന്നു പതിവ്. സാങ്കേതിക പ്രശ്നം മൂലം തമിഴ്നാട്ടിലേക്കുള്ള മാലിന്യ നീക്കം നിലച്ചതോടെയാണ് ചുണ്ടേൽ അങ്ങാടിയിൽ നിറയാൻ തുടങ്ങിയത്.
അതേസമയം, ചുണ്ടേൽ അങ്ങാടിയോടു ചേർന്നുള്ള സ്ഥലത്തെ മാലിന്യം രണ്ടുദിവസത്തിനകം നീക്കം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ക്ലീൻ കേരള മിഷന്റെ നേതൃത്വത്തിലാണ് മാലിന്യം നീക്കം ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.