പൂക്കോട് തടാകക്കരയിലെ കളിക്കോപ്പുകൾ ഉപയോഗശൂന്യം
text_fieldsവൈത്തിരി: കൂടുതൽ സന്ദർകരെത്തുകയും കൂടുതൽ വരുമാനം ലഭിക്കുകയും ചെയ്യുന്ന പൂക്കോട് തടാകത്തിൽ നവീകരണ പ്രവൃത്തികൾ മാത്രം നടക്കുന്നില്ല. കരയിലുള്ള കുട്ടികളുടെ പാർക്കിലെ യന്ത്ര സാമഗ്രികൾ കേടുവന്നിട്ടും അറ്റകുറ്റപണികളില്ലെന്നാണ് പരാതി. യന്ത്ര സാമഗ്രികളിൽ നല്ലൊരു പങ്കും ദ്രവിച്ചും തുരുമ്പെടുത്തും പല കഷ്ണങ്ങളായി. കളി സ്ഥലത്തേക്കെത്തുന്ന കുട്ടികൾക്ക് അപകടമുണ്ടാക്കും വിധമാണ് ഇവ കിടക്കുന്നത്.
ഇതുമൂലം തടാകത്തിലെത്തുന്ന സഞ്ചാരികൾ കുട്ടികളെ കളി സ്ഥലത്തേക്കു വിടാറില്ല. ഇക്കാര്യത്തിൽ സഞ്ചാരികൾ പലപ്പോഴും ജീവനക്കാരോട് തട്ടിക്കയറുക പതിവാണ്. ആർക്കും വേണ്ടാത്ത അവസ്ഥയിലാണ് കുട്ടികൾക്ക് വേണ്ടി ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച കളിക്കോപ്പുകളും യന്ത്രസാമഗ്രികളും. ലക്ഷക്കണക്കിന് രൂപ വരുമാനമുള്ള പൂക്കോട് തടാകം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡി.ടി.പി.സി) കീഴിലാണ്.
ജില്ലയിലെ എക്കോ ടൂറിസം കേന്ദ്രങ്ങളിൽ പലതും മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഉള്ളവ നല്ലരീതിയിൽ കൊണ്ടു നടക്കാൻ ഡി.ടി.പി.സിക്കാവുന്നുമില്ല.
കോടികൾ ചെലവഴിച്ച് നടത്തിയ തടാകത്തിലെ ചളിയും പായലും വാരൽ കണ്ണിൽ പൊടിയിടലായി. തടാകത്തിന്റെ പകുതിയോളം ഭാഗം ഇപ്പോഴും പായൽ നിറഞ്ഞ നിലയിലാണ്. ബോട്ടു സവാരിക്കാർക്ക് പായൽ അപകട ഭീഷണിയുയർത്തുന്നുണ്ട്.
ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികൾ ഇപ്പോൾ പൂക്കോട് തടാകം സന്ദർശിക്കാൻ വിമുഖത കാട്ടുകയാണ്. വൈത്തിരിയിലെ സ്വകാര്യ പാർക്കുകൾക്കാണ് ഇതിന്റെ നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.