എൻ ഊരിൽ പാർക്കിങ് സൗകര്യം മെച്ചപ്പെടുത്തുന്നു
text_fieldsവൈത്തിരി: പൂക്കോട് എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ പാർക്കിങ് പ്രശ്നങ്ങൾക്ക് വിരാമമാകുന്നു. നിലവിലുള്ള പാർക്കിങ് കേന്ദ്രം വിപുലപ്പെടുത്തുവാനും പുതിയ പാർക്കിങ് സ്ഥലം കണ്ടെത്തുവാനും തീരുമാനമായി.
പ്രകൃതിയുടെ മനോഹാരിതയിൽ ചാലിച്ചെടുത്ത പൂക്കോട് ഗോത്ര പൈതൃക ഗ്രാമത്തിന് വിനോദ സഞ്ചാര മേഖലയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ദിനംപ്രതി ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.
എൻ ഊര് പദ്ധതി വലിയ രീതിയിൽ ജനങ്ങൾ ഏറ്റെടുത്തതോടെ പരിമിതമായ പാർക്കിങ് സൗകര്യം പ്രശ്നമായി മാറുകയായിരുന്നു. ആരംഭിച്ച് അധികനാൾ ആയിട്ടില്ലെന്നിരിക്കെ പാർക്കിങ് സൗകര്യങ്ങളൊരുക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനിടയിൽ തന്നെ ദിനേന നൂറുകണക്കിനാളുകൾ എൻ ഊരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ട്.
വളരെ പെട്ടെന്നാണ് പദ്ധതി ജനകീയമായി മാറിയത്. എൻ ഊര് അധികൃതർ ഒരുക്കിയ സ്ഥലത്ത് ഉൾകൊള്ളാവുന്നതിന്റെ പതിന്മടങ്ങ് വാഹനങ്ങളാണെത്തുന്നത്. പാർക്കിങ് ഏരിയയിൽ വലിയ വാഹനങ്ങൾ നിർത്തിയിടാനുള്ള സംവിധാനവുമില്ല.
പൂക്കോട് വെറ്ററിനറി യൂനിവേഴ്സിറ്റി കവാടം മുതൽ തെക്കോട്ടും വടക്കോട്ടും എൻ ഊരിലെത്തുന്ന നൂറുകണക്കിന് വാഹനങ്ങൾ ദേശീയപാതയുടെ ഇരുവശത്തുമായി പാർക്ക് ചെയ്യുന്നതുമൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിൽ എൻ ഊര് അധികൃതർ ഏറെ പഴികേൾക്കേണ്ടിവന്നിരുന്നു. ഇതുസംബന്ധിച്ച വാർത്തകളും ചർച്ചയായിരുന്നു.
വാഹന പാർക്കിങ് പ്രശ്നത്തിന് പരിഹാരമായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതായി ഗ്രാമം മാനേജർ ശ്യാം പ്രസാദ് അറിയിച്ചു. ഇപ്പോഴുള്ള പാർക്കിങ് ഏരിയയുടെ വിസ്തൃതി വർധിപ്പിക്കുന്നുണ്ട്. ഇതിൽ സഞ്ചാരികൾക്ക് ശൗചാലയം കൂടി നിർമിക്കും.
ഇതോടൊപ്പം അനുമതിയോടെ സ്വകാര്യ പാർക്കിങ് നടത്തുവാൻ താൽപര്യമുള്ളവരിൽനിന്നും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഈ പ്രവൃത്തികൾ സജ്ജമാകുന്നതുവരെ ഗ്രാമത്തിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദിവസവും പരമാവധി 2000 സന്ദർശകരെ മാത്രമേ എൻ ഊരിലേക്കു പ്രവേശിപ്പിക്കുകയുള്ളൂ.
ഇവിടെ മാലിന്യ നിർമാർജനത്തിനും സംവിധാനമായിട്ടുണ്ട്. പാർക്കിങ് ഏരിയ മുതൽ എൻ ഊര് പ്രവേശന കവാടം വരെ 22 വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. അതോടൊപ്പം വൈത്തിരി പഞ്ചായത്തധികൃതർ പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാനുള്ള നാല് ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്.
എൻ ഊരിലെ സൗകര്യങ്ങൾ വർധിപ്പിക്കണം- ഡബ്ല്യു.ടി.എ
കൽപറ്റ: ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായി ഉയർന്നുവരുന്ന പൂക്കോട് എൻ ഊരു ഗോത്ര പൈതൃക ഗ്രാമത്തിൽ സന്ദർശകർക്ക് ആവശ്യമായ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന്
വയനാട് ടൂറിസം അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സന്ദർശകർക്കാവശ്യമായ പാർക്കിങ്ങേർപ്പെടുത്താത്തതിനാൽ ദേശീയ പാതയുടെ ഇരുവശത്തുമാണ് ഇപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതുമൂലം കനത്ത ഗതാഗതക്കുരുക്കാണ് ദേശീയപാതയിൽ അനുഭവപ്പെടുന്നത്.
ഗ്രാമത്തിലേക്കെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത് ദൂരെയുള്ള സ്ഥലങ്ങളിൽനിന്നും എത്തുന്ന സഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. യോഗത്തിൽ പ്രസിഡന്റ് കെ.പി. സൈദലവി അധ്യക്ഷത വഹിച്ചു. അനീഷ് ബി. നായർ, സൈഫുല്ല വൈത്തിരി, മനോജ്, പ്രബിത, സുബി, അൻവർ മേപ്പാടി, സജി, മാത്യു, മുനീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.