പൂക്കോട് തടാകം നാശത്തിന്റെ വക്കിൽ; അറ്റകുറ്റപ്പണി നടത്താതെ ഡി.ടി.പി.സി
text_fieldsവൈത്തിരി: ദിനേന ആയിരങ്ങളെത്തിയിരുന്ന ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൂക്കോട് തടാകം നാശത്തിന്റെ വക്കിൽ. ഏഷ്യയിലെതന്നെ വലിയ ശുദ്ധജലാശയങ്ങളിലൊന്നായ ഈ തടാകം നടത്തിപ്പുകാരുടെ കെടുകാര്യസ്ഥതയിൽ അടച്ചുപൂട്ടലിന്റെ വക്കിലാണുള്ളത്. ഭൂരിഭാഗവും പായൽ നിറഞ്ഞ തടാകത്തിൽ ബോട്ടുയാത്രപോലും ദുഷ്കരമാവുകയാണ്. കുട്ടികളുടെ പഴകിദ്രവിച്ച ഗാർഡനും കളിപ്പാട്ടങ്ങളും പൊട്ടിപ്പൊളിഞ്ഞ ബോട്ടുകളും ബോട്ടുജെട്ടിയും ഇവിടത്തെ കാഴ്ചയാണ്. കൂടെ വൃത്തിഹീനമായ പരിസരവും.
വയനാട് ജില്ലയിലെത്തുന്ന സഞ്ചാരികൾ ഒരുകാലത്ത് പൂക്കോട് തടാകം സന്ദർശിക്കുന്നതിന് പ്രഥമ പരിഗണന നൽകിയിരുന്നുവെങ്കിൽ ഇന്ന് ഇവിടം സന്ദർശിക്കാൻ വലിയ താൽപര്യം കാണിക്കുന്നില്ല.
അത്രയും മോശപ്പെട്ട നിലയിലാണ് തടാകത്തിന്റെ അവസ്ഥയെന്ന് സഞ്ചാരികൾ പറയുന്നു. സഞ്ചാരികളിൽനിന്ന് പണം വാങ്ങാനും അസൗകര്യങ്ങൾ വർധിപ്പിക്കാനുമല്ലാതെ ഡി.ടി.പി.സി ഇവിടെ മറ്റൊന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെയും പരാതി. ഡി.ടി.പി.സിയുടെ കീഴിലുള്ള ജില്ലയിലെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും അവസ്ഥ ഇങ്ങനെയൊക്കെത്തന്നെയാണ്. അതേസമയം, ജില്ലയിൽതന്നെ വൈദ്യുതി വകുപ്പും ജലസേചന വകുപ്പും വനം വകുപ്പും കൈകാര്യം ചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇതിനേക്കാൾ മെച്ചപ്പെട്ട രീതിയിലാണ്. ഒന്ന് മഴപെയ്താൽ കയറിനിൽക്കാനൊരിടംപോലും പൂക്കോട് തടാകം വിനോദസഞ്ചാര കേന്ദ്രത്തിലില്ല. കുട്ടികളുടെ കളിക്കോപ്പുകൾ തകർന്ന നിലയിലാണ്.
ഇവ ഉപയോഗപ്രദമല്ലെന്ന് തടാകത്തിന്റെ പ്രവേശന കവാടത്തിൽ ബോർഡ് തൂക്കിയിട്ട് കുറേയായി. മഴയും വെയിലുംകൊണ്ടു വേണം ടിക്കറ്റിന് പോലും ക്യൂ നിൽക്കാൻ. തടാകത്തിന്റെ 75 ശതമാനവും പായൽ നിറഞ്ഞിരിക്കുകയാണ്. ഇതിനു മുകളിലൂടെയാണ്, വലിയ തുക ഈടാക്കി ബോട്ടുയാത്ര. പായലിനു മുകളിലൂടെയുള്ള ബോട്ട് യാത്ര ദുഷ്കരമാണ്. ബോട്ടിന്റെ ഷാഫ്റ്റിൽ പായൽ കുടുങ്ങി ബോട്ടുകൾ കേടാകുന്നതും പതിവാണ്. തടാകത്തിലെയും തടാകക്കരയിലെയും അസൗകര്യങ്ങളിൽ സഞ്ചാരികൾ ജീവനക്കാരുമായി തർക്കം പതിവായിട്ടുണ്ട്. അപകടമോ മറ്റോ സംഭവിച്ചാൽ പ്രാഥമിക ചികിത്സ സൗകര്യങ്ങളോ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസുകളോ മറ്റു വാഹനങ്ങളോ ഇല്ല. മുമ്പൊരിക്കൽ കളിക്കോപ്പുകൾ തകർന്ന് പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചത് തടാകത്തിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ വാഹനങ്ങളിലായിരുന്നു.
രണ്ടു വർഷം മുമ്പാണ് രണ്ടു കോടിയോളം രൂപ ചെലവഴിച്ച് പായലും ചളിയും നീക്കം ചെയ്തത്. ഇത്രയും ഭാരിച്ച സംഖ്യ ചെലവഴിച്ച് പായലും ചളിയും നീക്കിയെങ്കിലും ചുരുങ്ങിയ കാലത്തിനുള്ളിൽതന്നെ വീണ്ടും പായൽ നിറഞ്ഞു.
പായലും ചളിയും കോരിയെടുത്ത് ദൂരെ കളയാതെ തടാകത്തിന്റെ വശത്തെ വഴിയോരത്തു തള്ളിയതു കാരണം കനത്ത മഴയിൽ അവയെല്ലാം കുത്തിയൊലിച്ചു വീണ്ടും വെള്ളത്തിലേക്കെത്തുകയായിരുന്നു. ചളിയും പായലും നീക്കം ചെയ്യാൻ കൊണ്ടുവന്ന ജെ.സി.ബിയും ഹിറ്റാച്ചിയും സഞ്ചരിച്ചതുമൂലം തടാകത്തിനു ചുറ്റുമുള്ള നടപ്പാത നാശമായി. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു നിർമിച്ച നടപ്പാതയാണ് തകർന്നത്. ഇതുമൂലം ഇതിലൂടെ നടത്തിയിരുന്ന സൈക്കിൾ സവാരി മുടങ്ങി.
തടാകത്തിലേക്കുള്ള പ്രവേശന ഫീസും ബോട്ടു യാത്രക്കുള്ള തുകയും വർധിപ്പിച്ച് ഡി.ടി.പി.സി വരുമാനം കൂട്ടിയതല്ലാതെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ ഒന്നും ചെയ്യുന്നില്ല. പൂക്കോട് തടാകം ഡി.ടി.പി.സിയിൽനിന്ന് മാറ്റണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു. പൂക്കോട് തടാകത്തിന്റെ സംരക്ഷണത്തിന് നാട്ടുകാരും രംഗത്തുവന്നിരിക്കുകയാണ്. പൂക്കോട് തടാകം സംരക്ഷണ സമിതിയുണ്ടാക്കി പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ.
പൂക്കോട് തടാകം നന്നാക്കണം -സംരക്ഷണ സമിതി
വൈത്തിരി: വയനാട്ടിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ പൂക്കോട് തടാകം എത്രയും പെട്ടെന്ന് ആവശ്യമായ പ്രവൃത്തികൾ നടത്തി ഉപയോഗയോഗ്യമാക്കണമെന്ന് പൂക്കോട് തടാകം സംരക്ഷണ സമിതി അധികൃതരോട് ആവശ്യപ്പെട്ടു. നിരവധി കുടുംബങ്ങൾ നേരിട്ടും അല്ലാതെയും ആശ്രയിച്ചു ജീവിക്കുന്ന ടൂറിസ്റ്റ് കേന്ദ്രത്തെ നാശത്തിലേക്ക് തള്ളിവിടുന്നതിൽനിന്ന് അധികൃതർ പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി. വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. എം.എസ്. ഷാജഹാൻ, പി.കെ. രാജൻ, കെ.ടി. ഷഹീർ, കെ.പി. സൈതലവി, സന്തോഷ് കുമാർ, എം.ഡി. തോമസ്, ടെസ്സി, തോമസ് പൂക്കോട്, സുമ ചന്ദ്രൻ, അഷ്റഫ് കുന്നത്ത്, തോമസ് പൂക്കോട്, അഷ്റഫ് കൊറ്റൻ, കെ. ജോയി, സി.എ. റസാക്ക്, കെ. ജംഷീർ, ഫ്ലോറി തോമസ്, ഇ.കെ. പ്രഫുൽ എന്നിവർ സംസാരിച്ചു.
പൂക്കോട് തടാകം സംരക്ഷണ സമിതി ഭാരവാഹികളായി ഉഷ ജ്യോതിദാസ് (പ്രസി), എം.എസ്. ഷാജഹാൻ (സെക്ര), കെ.പി. സൈതലവി (ട്രഷ), എം.ഡി. തോമസ്, സന്തോഷ് കുമാർ (വൈസ് പ്രസി), സി. അഷ്റഫ്, പി.കെ. രാജൻ (ജോ. സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.