പൂക്കോട് തടാകത്തെ കൊല്ലണോ?
text_fieldsവൈത്തിരി: ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നും ടൂറിസം വകുപ്പിന് കൂടുതൽ വരുമാനം ലഭിക്കുന്നതുമായ പൂക്കോട് തടാകം നാശത്തിന്റെ വക്കിൽ. പകുതിയിലധികവും സഞ്ചരിക്കാൻ പോലും കഴിയാത്തവിധം പായൽപറമ്പായി മാറിയിരിക്കുകയാണ് തടാകം.
തടാകത്തിലൂടെ സഞ്ചരിക്കുന്ന ചെറുതും വലുതുമായ ബോട്ടുകൾ പായലിൽ കുടുങ്ങി പലപ്പോഴും കേടാവുകയും ചെയ്യുന്നുണ്ട്. പായൽ നിറഞ്ഞതിനാൽ തടാകത്തിന്റെ പടിഞ്ഞാറു ഭാഗത്തേക്കൊന്നും ബോട്ടുകൾ പോകുന്നില്ല. ബോട്ടുജെട്ടിയുടെ ഭാഗത്തും നിറയെ പായലാണ്.
2022ൽ രണ്ടു കോടിയോളം രൂപ ചെലവഴിച്ചാണ് പായലും ചളിയും നീക്കം ചെയ്യാൻ കരാർ നൽകിയത്. കരാർ കൊടുത്തതിന്റെ നാലിലൊന്നു ഫണ്ടുപോലും ആവശ്യമില്ലാത്ത ഈ പ്രവൃത്തി മാസങ്ങൾ നീണ്ടുനിന്നെങ്കിലും കോരിയ ചളിയും പായലും തടാകക്കരയിലൂടെ പോകുന്ന റോഡിന്റെ വശങ്ങളിലിടുകയും കനത്ത മഴയിൽ ഇവ വീണ്ടും തടാകത്തിലേക്ക് ഒലിച്ചിറങ്ങുകയുമായിരുന്നു. തുടർന്ന് പകുതിയോളം ഭാഗം പായൽ മൂടി. ഡി.ടി.പി.സി ചെയർമാൻ കൂടിയായ ജില്ല കലക്ടർ പൂക്കോട് തടാകത്തിന്റെ അവസ്ഥ വന്നു കാണണമെന്നാണ് സഞ്ചാരികൾ ആവശ്യപ്പെടുന്നത്. ടൂറിസം കേന്ദ്രങ്ങൾക്കുവേണ്ടി ഡി.ടി.പി.സി കോടികൾ മുടക്കുമ്പോഴും അതൊന്നും വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് പരാതി.
അതേസമയം, തടാകത്തിൽ നിറഞ്ഞ പായൽ നീക്കം ചെയ്യാൻ പ്രാദേശികമായി ടെൻഡർ വിളിക്കാനും പഞ്ചായത്തു തലത്തിൽ കൈകാര്യം ചെയ്യാനും തീരുമാനമായിട്ടുണ്ടെന്നാണ് അറിഞ്ഞത്. നേരത്തേ നീക്കം ചെയ്ത പായൽ വീണ്ടും തടാകത്തിൽ നിറയാൻ തുടങ്ങിയത് വിവാദമായപ്പോൾ മൂന്നു തോണികളിൽനിന്നും മരക്കോല് ഉപയോഗിച്ച് കൈകൊണ്ട് എടുത്തുമാറ്റിയിരുന്നു. ഇതിന് ഏകദേശം 60,000 രൂപ പ്രതിഫലം നൽകുകയും ചെയ്തു.
നേരത്തേയുണ്ടായിരുന്ന മാനേജറെ മറ്റൊരിടത്തേക്ക് മാറ്റിയശേഷം ഒരു വർഷത്തോളമായി പൂക്കോട് തടാകത്തിനു സ്ഥിരം മാനേജറില്ല. ഡി.ടി.പി.സിയിലെ ഓഫിസ് മാനേജർക്കു പൂക്കോടിന്റെ കൂടി ചാർജ് നൽകിയിരിക്കുകയാണ്. ആഴ്ചയിലൊരിക്കൽ പോലും അദ്ദേഹം പൂക്കോട് സന്ദർശിക്കാറില്ലെന്ന് ജീവനക്കാർ പറയുന്നു.
തടാകക്കരയിൽ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച അത്യാധുനിക ശൗചാലയം തുറന്ന ഉടനെ അടച്ചിരുന്നു. പത്രവാർത്തകളെ തുടർന്ന് വീണ്ടും തുറന്നെങ്കിലും ഇപ്പോൾ വീണ്ടും അടച്ചിട്ട നിലയിലാണ്. അറ്റകുറ്റപ്പണിക്ക് ടെക്നീഷ്യൻ വരണമെന്നാണ് ജീവനക്കാർ പറയുന്നത്. 150ലധികം വരുന്ന ഡി.ടി.പി.സി ജീവനക്കാർക്ക് ശമ്പളം നൽകാൻ പൂക്കോട് നിന്നുള്ള വരുമാനമാണ് കൂടുതലായും ഉപയോഗിക്കുന്നത്. തടാകം നശിച്ചാൽ ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന, കാലങ്ങളായുള്ള വയനാടിന്റെ വലിയൊരു ടൂറിസം കേന്ദ്രം ഇല്ലാതാകും.
സുരക്ഷ ഗാർഡില്ല
വൈത്തിരി: ആയിരക്കണക്കിന് സഞ്ചാരികൾ നിത്യേന എത്തുന്ന പൂക്കോട് തടാകം വിനോദസഞ്ചാര കേന്ദ്രത്തിൽ സുരക്ഷ ഗാർഡ് ഇല്ല. നേരത്തേയുണ്ടായിരുന്ന ഗാർഡ് അവധിയിലാണെങ്കിലും പകരം ആളെ ഇതുവരെ നിയമിച്ചിട്ടില്ല. ഇയാൾ എപ്പോൾ ജോലിക്കു വരുമെന്ന കാര്യവും ആർക്കുമറിയില്ല. പൂക്കോട് സന്ദർശിക്കുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും ബോട്ടുകളിൽ സഞ്ചരിക്കുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.