കോടികൾ വെള്ളത്തിലായി; പൂക്കോട് തടാകത്തിൽ പായലും ചളിയും വീണ്ടും നിറഞ്ഞു
text_fieldsവൈത്തിരി: കോടിക്കണക്കിനു രൂപ മുടക്കി നീക്കംചെയ്ത പായലും ചളിയും വീണ്ടും നിറഞ്ഞ് പൂക്കോട് തടാകം. കഴിഞ്ഞ വർഷം ജൂൺ, ജൂലൈ മാസങ്ങളിൽ 2.75 കോടി മുടക്കി നടത്തിയ പായലും ചളിയും നീക്കംചെയ്യൽ തികച്ചും പരാജയമായി. ഇപ്പോൾ തടാകത്തിലാകമാനം പായൽ നിറഞ്ഞിരിക്കുകയാണ്.
പായലും മണ്ണും നിറഞ്ഞതോടെ തടാകത്തിലെ ബോട്ടിങ്ങും ദുഷ്കരമായി. പായലിൽ കുടുങ്ങി സഞ്ചാര ബോട്ടുകളുടെ ഷാഫ്റ്റിങ് ബൗൾ പൊട്ടി പലതും നിശ്ചലമാകുന്നത് പതിവാണ്. പൂക്കോട് തടാകത്തിലെ ബോട്ടുകൾ നല്ലൊരു ശതമാനവും പതിറ്റാണ്ടിനപ്പുറം പഴക്കമുള്ളവ കൂടിയാണ്.
പ്രവൃത്തി കഴിയുമ്പോഴേക്കുതന്നെ തടാകത്തിന്റെ വിവിധ ഭാഗങ്ങളിൽ പായൽ വീണ്ടും വളർന്നിരുന്നു. പായൽ നീക്കുന്നതിന് കൊണ്ടുവന്ന ഹിറ്റാച്ചി പോലുള്ള വലിയ യന്ത്രങ്ങൾ സഞ്ചരിച്ചതുമൂലം തടാകത്തിന്റെ ചുറ്റുറോഡും തകർന്ന നിലയിലാണ്.
ചളിയും പായലും നിറഞ്ഞ് കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല തടാകമായ പൂക്കോടിന്റെ വിസ്തൃതിയും കുറഞ്ഞിരുന്നു. 5.71 ഹെക്ടർ വിസ്തൃതിയാണ് തടാകത്തിന്. 13 ക്യുബിക് മീറ്റർ മണ്ണ് നവീകരണത്തിന്റെ ഭാഗമായി നീക്കിയെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്.
എല്ലാ വർഷവും ചെറിയ തുക ചെലവഴിച്ചായിരുന്നു പായൽ നീക്കം ചെയ്തിരുന്നത്. എന്നാൽ, പ്രബല പാർട്ടിയുടെ സംസ്ഥാന നേതാവിന്റെ അടുത്ത ബന്ധുവിന് കോടികളുടെ കരാർ നൽകുകയായിരുന്നു കഴിഞ്ഞ തവണ. ചളി കോരിയതും ആഴം കൂട്ടിയതും പായൽ നീക്കം ചെയ്തതുമടക്കം പരമാവധി 40 ലക്ഷം രൂപയുടെ പണി കഴിഞ്ഞപ്പോൾ കരാറുകാരന് ലഭിച്ചത് വൻ തുകയായിരുന്നു.
ഈ തട്ടിപ്പിന്റെ കഥ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ മന്ത്രി ഇടപെടുകയും വിജിലൻസ് അന്വേഷണവും തുടർന്ന് പരിശോധനയും നടന്നുവെങ്കിലും പിന്നീടൊന്നുമുണ്ടായില്ല. കൂടുതൽ തുക ലഭിക്കുവാൻ കരാറുകാരൻ സർക്കാറിനെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ, അപേക്ഷ തള്ളുകയായിരുന്നു.
തടാകത്തിൽ ഒരു മീറ്ററോളം ആഴത്തിൽ അരികു കുഴിച്ചാണ് മണ്ണ് നീക്കിയതെന്നും 30 ശതമാനം വിസ്തൃതി ഇതിന്റെ ഭാഗമായി കൂടിയെന്നും അധികൃതർ അവകാശപ്പെട്ടിരുന്നു. എന്നാൽ, നിലവിൽ തടാകത്തിൽ ഏകദേശം മുഴുവൻ ഭാഗങ്ങളിലും പായൽ നിറഞ്ഞു. ഇപ്പോൾ, തൊഴിലാളികൾ ബോട്ടിലെത്തി വടി കൊണ്ടും ഹുക്ക് കൊണ്ടും മറ്റുമാണു പായൽ നീക്കം ചെയ്യുന്നത്. കോരിയെടുത്ത ചളി തടാകത്തോട് ചേർന്നുള്ള റോഡരികിലായി തള്ളിയതുമൂലം കനത്ത മഴയിൽ കുറെ ഭാഗം വീണ്ടും തടാകത്തിലേക്ക് ഊർന്നിറങ്ങി.
പായലും ചളിയും കോരുന്നതിലെ തട്ടിപ്പു പുറത്തായതിനെ തുടർന്ന് ടൂറിസം വകുപ്പിന്റെ വസ്തുത പരിശോധക സംഘം കഴിഞ്ഞ ജനുവരിയിൽ തടാകത്തിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. പായലും ചളിയും അടിഞ്ഞുകൂടി തടാകത്തിന്റെ വിസ്തൃതി വർഷംതോറും കുറയുന്നതായി പുതുച്ചേരിയിലെ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഗവേഷകസംഘം കണ്ടെത്തിയിരുന്നു.
ഇത്രയും വലിയ വരുമാനവുള്ളതും നൂറുകണക്കിന് സഞ്ചാരികൾ എത്തുന്നതുമായ പൂക്കോട് തടാകത്തിൽ ഒരു മഴ പെയ്താൽ കയറിനിൽക്കാനൊരിടമില്ല. പൊലീസ് എയ്ഡ് പോസ്റ്റിനുള്ള സ്ഥലത്തത്രയും സൈക്കിളുകൾ നിരത്തി വെച്ചിരിക്കുകയാണ്. തടാകത്തിനു ചുറ്റും സൈക്കിളോടിക്കുന്നതിനു ബിനാമി പേരിൽ ഉയർന്ന ഉദ്യോഗസ്ഥൻ കരാറെടുത്തിരുന്നു. ഇപ്പോൾ സൈക്കിളുകളെല്ലാം മൂലക്ക് കൂട്ടിയിട്ടിരിക്കുകയാണ്.
തടാകത്തിന്റെ തകർന്ന ചുറ്റുറോഡിലൂടെ സൈക്കിളോടിച്ചാൽ അപകടസാധ്യത കൂടുതലുമാണ്. തടാകത്തികത്തുള്ള കഫ്റ്റീരിയ അടഞ്ഞുകിടക്കാന് തുടങ്ങിയിട്ടു മാസങ്ങളായി. ഇതുമൂലം വാടകനഷ്ടം കനത്തതാണ്. ലേലത്തുക കുറഞ്ഞുപോയെന്നും പറഞ്ഞ് അനുമതി നൽകാത്തത് ലക്ഷക്കണക്കിന് രൂപയാണ് ഡി.ടി.പിസിക്ക് നഷ്ടം വരുത്തുന്നത്.
തടാകത്തിലെ ഏറെ പഴക്കം ചെന്ന ബോട്ടുകൾ മാറ്റി 30 പുതിയ ബോട്ടുകളെങ്കിലും ഇറക്കണമെന്ന ആവശ്യം ഫയലിലൊതുങ്ങുകയാണ്. ഇതിനിടെ, പൂക്കോട് തടാകം മാനേജറായിരുന്ന ബൈജുവിനെ മാവിലാംത്തോടിലേക്കു സ്ഥലം മാറ്റി. പകരം ചീങ്ങേരി മാനേജർ ഹരിയെ പൂക്കോടേക്ക് മാറ്റിയിരുന്നു.
എന്നാൽ, ഹരി നിയമനം ഏറ്റെടുക്കാത്തതോടെ കാന്തൻപാറ മാനേജർ ദിനേശിനെയാണ് പൂക്കോട്ടേക്ക് പരിഗണിക്കുന്നത്. ഡി.ടി.പി.സി ഓഫിസ് മാനേജരായ രതീഷിനെയും പൂക്കോടേക്ക് പരിഗണിക്കുന്നുണ്ടെന്ന് അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.