പൂക്കോട് തടാകം തകർച്ചയുടെ വക്കിൽ
text_fieldsജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൂക്കോട് തടാകം അനുദിനം നാശത്തിന്റെ വഴിയിലാണ്. ഡി.ടി.പി.സിക്ക് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന വിനോദസഞ്ചാര കേന്ദ്രത്തിനാണ് ഈ ദുർഗതി. പൂക്കോട് തടാകത്തിന്റെ പ്രശ്നങ്ങൾ ‘മാധ്യമം’ അന്വേഷിക്കുന്നു...
വൈത്തിരി: വശങ്ങളിൽ തലയുയർത്തി നിൽക്കുന്ന മലകളുടെ നടുവിൽ പ്രകൃതി രമണീയമായ പൂക്കോട് തടാകം തകർച്ചയുടെ വക്കിൽ. ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിലൊന്നായ പൂക്കോട് തടാകം അതിന്റെ നടത്തിപ്പുകാരുടെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും പരിണതഫലം മൂലം ഇന്നല്ലെങ്കിൽ നാളെ പൂട്ടേണ്ടിവരുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്.
അമിത ചാർജ് വസൂലാക്കിയിട്ടും ഇവിടെയെത്തുന്നവർക്ക് സൗകര്യമൊരുക്കാതെയുള്ള അധികൃതരുടെ നിസ്സംഗത എന്നവസാനിക്കുമെന്നാണ് സഞ്ചാരികളുടെ ചോദ്യം.
ഒരു കാലഘട്ടത്തിൽ 100 ശതമാനം ശുദ്ധമായ ജലത്തിന്റെ സ്രോതസ്സായിരുന്നു പൂക്കോട് തടാകം. ചുറ്റിലും ഇടതൂർന്ന വന്മരങ്ങൾ നിറഞ്ഞ കാടുകൾ. നാലുപാടുമുള്ള കുന്നിൻചെരിവിൽ നിന്നും ഒഴുകിവരുന്ന തെളിനീർ ചാലുകൾ തടാകത്തിലെ ജലം ഒന്നുകൂടി ശുദ്ധീകരിച്ചിരുന്നു.
ഡി.ടി.പി.സിക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിക്കൊടുക്കുന്ന ഈ വിനോദസഞ്ചാര കേന്ദ്രത്തിൽ കാര്യങ്ങൾ കുത്തഴിഞ്ഞമട്ടിലാണിപ്പോൾ. തടാകത്തിന് മാനേജറില്ലാതായിട്ട് മാസങ്ങളായി. ജീവനക്കാരെ നിയന്ത്രിക്കാനോ തടാകത്തിലെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുവാനോ നാഥനില്ല.
രണ്ടാഴ്ചമുമ്പ് കുട്ടികളുടെ കളിയന്ത്രം തകർന്നുവീണ് 14 കുട്ടികൾക്ക് പരിക്കേറ്റപ്പോൾ ഇവരെ ആശുപത്രിയിലെത്തിച്ചത് സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരായിരുന്നു. അതും അവരുടെ വാഹനത്തിൽ. നേരത്തെ തടാകം മാനേജറായിരുന്ന ബൈജുവിനെ കലമാൻ തോടിലേക്ക് മാറ്റി പകരം ചീങ്ങേരി മലയിലെ ഹരിയെ പൂക്കോടേക്ക് നിയമിച്ചിരുന്നു.
എന്നാൽ, അദ്ദേഹം ചാർജെടുക്കാതിരുന്നതോടെ കാന്തൻപാറ മാനേജറായ ദിനേശനെ കൊണ്ടുവരാൻ നീക്കമുണ്ടായി. എന്നാൽ, അതും നടന്നില്ല. ഇപ്പോൾ ഡി.ടി.പി.സി ഓഫിസ് മാനേജറായ രതീഷിനാണ് പൂക്കോട് തടാകത്തിന്റെ ചുമതലയുള്ളത്. ഇപ്പോൾ ഇവിടുത്തെ ജീവനക്കാർ തന്നെയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലും കളിക്കോപ്പുകളിൽനിന്ന് വീണ് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. തടാകത്തിൽ ബോട്ടുയാത്രക്കിടെ ഒരു കുട്ടി വെള്ളത്തിൽ വീഴുകയും ചെയ്തു. തടാകത്തിലെ സുരക്ഷക്കായി ലൈഫ് ഗാർഡിനെ നിയമിച്ചിട്ടുണ്ടെങ്കിലും ഇയാൾ എവിടെയാണെന്ന് ആർക്കും അറിയില്ല.
ഇവിടെയെത്തുന്ന സന്ദർശകരും പൊലീസുമൊക്കെ ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന തടാകത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഒന്നുമില്ല. പ്രാഥമിക ശുശ്രൂഷക്കുള്ള സജ്ജീകരണങ്ങൾപോലുമില്ലെന്ന ആരോപണം ഉയരുന്നുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ കൊണ്ടുപോകാൻ ആംബുലൻസില്ല.
സഞ്ചാരികൾക്കോ ജീവനക്കാർക്കോ എന്ത് സംഭവിച്ചാലും ആശുപത്രിയിലെത്തിക്കാൻ ഇവിടെ ഒരു സജ്ജീകരണവുമില്ല. ബോട്ടുകളിൽ പലതും തീരെ സഞ്ചാര യോഗ്യമല്ലാതെ കട്ടപ്പുറത്ത് കയറ്റിയിട്ടിരിക്കുന്നത് ‘മാധ്യമം’ പുറത്തുകൊണ്ടുവന്നിരുന്നു. തുടർന്ന് ബോട്ടുകൾ നന്നാക്കിയെങ്കിലും തടാകത്തിൽ നിറഞ്ഞുനിൽക്കുന്ന പായലിൽ കൂടി സഞ്ചരിച്ച് മിക്കതിന്റെയും ഷാഫ്റ്റ് തകരാറിലാവുകയാണ്.
മുഷിഞ്ഞതും കീറിയതുമായ ലൈഫ് ജാക്കറ്റുകൾ ഉപയോഗിക്കുന്ന വാർത്ത പുറത്തുവന്നതിനു ശേഷം മാത്രമാണ് ജാക്കറ്റുകൾ മാറ്റിയയത്. ബോട്ടുജെട്ടി പലയിടത്തും പൊട്ടി ചെറിയ കുഴികളായി. സഞ്ചാരികളായ കുട്ടികളിൽ പലരുടെയും കാൽ ഇത്തരം കുഴികളിൽ കുടുങ്ങി അപകടമുണ്ടാകുന്നത് നിത്യസംഭവമാണ്. ഇതൊക്കെയാണെങ്കിലും തടാകത്തിലെ ബോട്ട് സവാരിക്ക് ഈടാക്കുന്ന ചാർജിന് ഒരു കുറവുമില്ല.
പൂക്കോടിന്റെ കദനകഥ
- വെള്ളത്തിന് മുകളിൽ നിറഞ്ഞുനിൽക്കുന്ന പായൽ
- പൊട്ടിപ്പൊളിഞ്ഞ ബോട്ടുകൾ
- പൊട്ടിപ്പൊളിഞ്ഞ് ദുർഗന്ധം വമിക്കുന്ന കക്കൂസ് ടാങ്കുകൾ
- തുരുമ്പെടുത്ത് നശിച്ചതും ഉപയോഗശൂന്യവുമായ കുട്ടികളുടെ കളിസാമഗ്രികൾ
- പൊട്ടിപ്പൊളിഞ്ഞ ചുറ്റുറോഡ്
- പ്രദേശം മുഴുവൻ നിറയുന്ന മാലിന്യം
തുടരും...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.