പൂക്കോട് സര്‍വകലാശാല വിദ്യാര്‍ഥിയുടെ മരണം; അണയാതെ പ്രതിഷേധം
text_fieldsവൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാകുന്നു. മരണത്തിനുത്തരവാദികളായവരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളാണ് ശനിയാഴ്ചയും പൂക്കോട് സർവകലാശാല കവാടത്തിൽ അരങ്ങേറിയത്.
കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കെ.എസ്.യു, എ.ബി.വി.പി സംഘടനകൾ കവാടത്തിൽ നിരാഹാര സമരം തുടരുന്നുണ്ട്. കെ.എസ്.യു സംസ്ഥാന കമ്മിറ്റി തിങ്കളാഴ്ച മാർച്ച് നടത്തുന്നുണ്ട്.
ജുഡീഷ്യല്‍ അന്വേഷണം വേണം -കേരള കോണ്‍ഗ്രസ് -ജേക്കബ്
കല്പറ്റ: സിദ്ധാര്‍ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കേരള കോണ്‍ഗ്രസ് -ജേക്കബ് ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും വെളിച്ചത്തുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. കോളജ് ഡീനിനെ പാര്‍ട്ടി ജില്ല കമ്മിറ്റി പ്രതീകാത്മകമായി കുറ്റവിചാരണ ചെയ്യും. അഞ്ചിന് രാവിലെ 11ന് വെറ്ററിനറി സര്‍വകലാശാല കവാടത്തിലാണ് കുറ്റവിചാരണ നടത്തുക. ഡീനിന്റെ കോലം കത്തിക്കും.
സിദ്ധാര്‍ഥന്റെ മാതാപിതാക്കളെ പാര്‍ട്ടി പ്രതിനിധികള്‍ സന്ദര്‍ശിക്കുമെന്നും കുടുംബത്തിന് സര്‍ക്കാര്‍ ഒരു കോടി രൂപ സമാശ്വാസ ധനം നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സംസ്ഥാന വര്‍ക്കിങ് ചെയര്മാന് എം.സി സെബാസ്റ്റ്യന്‍, ജില്ല പ്രസിഡന്റ് പി. പ്രഭാകരന് നായര്‍, സെക്രട്ടറി ബൈജു ഐസക് എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
കോൺഗ്രസ് മാർച്ചിൽ സംഘർഷം; ഏഴുപേർക്ക് പരിക്ക്
വൈത്തിരി: സിദ്ധാർഥന്റെ മരണം അന്വേഷിച്ചു കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റി പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്കു നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ഏഴു പേർക്ക് പരിക്കേറ്റു.
രാവിലെ 11ഓടെ പൂക്കോട് തടാകം റോഡില്‍നിന്ന് ആരംഭിച്ച മാർച്ച് കാമ്പസ് സെക്യൂരിറ്റി കവാടത്തിനു സമീപം പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രവർത്തകർ പൊലീസ് തീർത്ത ബാരിക്കേഡിനു മുകളിൽ കയറി.
പെൺകുട്ടികളടക്കമുള്ള ചില പ്രവർത്തകർ സെക്യൂരിറ്റി പോസ്റ്റിനു മുകളിലൂടെയും മറ്റുള്ളവർ എം.ആർ.എസ് ഹോസ്റ്റലിനു വശത്തെ മതിലിലൂടെയും അകത്തു കടക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞത് പിടിവലിക്കു കാരണമായി. ഇതിനിടെ, പൊലീസ് വലയം ഭേദിച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്റടക്കമുള്ളവർ വെറ്ററിനറി കോളജ് മൃഗാശുപത്രി സമുച്ചയത്തിലേക്ക് കയറി. പൊലീസ് ബലം പ്രയോഗിച്ചാണ് ഇവരെ പുറത്തെത്തിച്ചത്.
ബലപ്രയോഗത്തിൽ കെ.എസ്.യു വനിത വൈസ് പ്രസിഡന്റ് മെൽ എലിസബത്തിന് പരിക്കേറ്റു. പിന്നീട് എം.എൽ.എമാരായ ടി. സിദ്ദീഖും ഐ.സി. ബാലകൃഷ്ണനും കോളജ് ഹോസ്റ്റലിലേക്ക് പോയി. മൃഗാശുപത്രി പരിസരത്തുണ്ടായിരുന്ന പ്രവർത്തകരും ഹോസ്റ്റലിനടുത്തെത്തി. ഇവർ അകത്തേക്ക് കയറിയതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഇടിയംവയൽ സ്വദേശി ശ്യാമിനും ആദിവാസി കോൺഗ്രസ് ദേശീയ കോഓഡിനേറ്റർ ശങ്കരനും പരിക്കേറ്റു. ശ്യാമിന് തലക്കും ശങ്കരന് കൈക്കുമാണ് പരിക്കേറ്റത്.
എല്ലിന് പൊട്ടലേറ്റതിനാൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലേക്കെന്നു പറഞ്ഞു ഏതാനും പ്രവർത്തകരെ പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചത് നേതാക്കൾ ഇടപെട്ടു തടഞ്ഞു. മെൽ എലിസബത്തിനെയും ശ്യാമിനെയും വൈത്തിരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കോളറിൽ പിടിച്ചാണോ ആശുപത്രിയിൽ കൊണ്ടുപോകുന്നത്?
വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ പ്രവർത്തകനെ പൊലീസ് ജീപ്പിൽ കയറ്റിക്കൊണ്ടുപോകാനുള്ള ശ്രമം ടി. സിദ്ദീഖ് എം.എൽ.എ തടഞ്ഞു. പ്രവർത്തകനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് എം.എൽ.എ ഡി.വൈ.എസ്.പിയോട് ചോദിച്ചപ്പോൾ ഹോസ്പിറ്റലിൽ എന്നാണ് മറുപടി പറഞ്ഞത്.
കോളറിൽ പിടിച്ചാണോ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതെന്ന് ചോദിച്ചാണ് ടി. സിദ്ദീഖ് ഓടിച്ചെന്നത്. ഇതിനിടെ ജീപ്പ് അതിവേഗം മുന്നോട്ടെടുത്തു. ഇതോടെ പ്രവർത്തകർ പൊലീസ് ജീപ്പിന്റെ മുന്നിൽ ചാടി തടഞ്ഞുനിർത്തി. സിദ്ദീഖിന്റെ നേതൃത്വത്തിൽ പ്രവർത്തകനെ ജീപ്പിൽനിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.