പൂക്കോട് തടാക ശുചീകരണം അന്തിമഘട്ടത്തിലേക്ക്
text_fieldsവൈത്തിരി: ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്ന പൂക്കോട് തടാകത്തിലെ ശുചീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിലേക്ക്. വർഷങ്ങളായി തടാകത്തിെൻറ സൗന്ദര്യം കവർന്നെടുക്കുന്നതും ബോട്ടുയാത്രക്ക് ബുദ്ധിമുട്ടും സൃഷ്ടിച്ചിരുന്ന ജലോപരിതലത്തിലെ പായലും കളകളും അടിത്തട്ടില്‍ അടിഞ്ഞുകൂടിയ ചളിയും നീക്കുന്ന പ്രവൃത്തികളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്നത്. മൂന്നു മാസത്തോളം നീണ്ട പ്രവൃത്തിയിലൂടെ തടാകത്തില്‍നിന്നു ഏകദേശം 13,000 ക്യുബിക് മീറ്റര്‍ ചളിയും പായലുമാണ് നീക്കിയത്.
പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കി കേന്ദ്രം സഞ്ചാരികൾക്കായി തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച 2.25 കോടി രൂപ വിനിയോഗിച്ചായിരുന്നു ശുചീകരണം. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വിസസ് ലിമിറ്റഡിനായിരുന്നു (വാപ്കോസ്) ശുചീകരണ ചുമതല. തടാകത്തിെൻറ വടക്കുപടിഞ്ഞാറു ഭാഗത്താണ് ശുചീകരണം നടന്നത്.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉപകരാറുകാർ കൂടി ചേർന്നാണ് ശുചീകരണ പ്രവൃത്തികൾ നടന്നത്. ചളി, പായൽ എന്നിവ നീക്കം ചെയ്തതോടെ തടാകത്തില്‍നിന്നു ത ളിപ്പുഴയിലേക്കുള്ള ഉറവകള്‍ക്കു ജീവന്‍വെച്ചു. വയനാട്ടില്‍ ഉത്ഭവിച്ചു കാവേരിയില്‍ ചേരുന്ന കബനി നദിയുടെ കൈവഴിയാണ് തളിപ്പുഴ.
സമുദ്രനിരപ്പില്‍നിന്നു ഏകദേശം 800 മീറ്റര്‍ ഉയരത്തിലാണ് വിസ്തൃതിയില്‍ സംസ്ഥാനത്തു രണ്ടാം സ്ഥാനത്തുള്ള പൂക്കോട് ശുദ്ധജലതടാകം. വൈത്തിരി താലൂക്കില്‍ തളിപ്പുഴയോടു ചേര്‍ന്നാണ് പ്രകൃതിയുടെ ഈ വരദാനം. ഫിഷറീസ് വകുപ്പിെൻറ കൈവശത്തിലുള്ള തടാകവും പരിസരവും 1990കളിലാണ് ടൂറിസം വകുപ്പിന് കൈമാറിയത്. ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിനു കീഴിലാണ് വിനോദസഞ്ചാരം. നാലു പതിറ്റാണ്ടു മുമ്പ് 8.5 ഹെക്ടറായിരുന്നു തടാകത്തിെൻറ വിസ്തൃതി. പരമാവധി ആഴം 12 മീറ്ററും. ഇത് കാലപ്രയാണത്തില്‍ യഥാക്രമം ഏകദേശം 5.172 ഹെക്ടറും 6.5 മീറ്ററുമായി കുറഞ്ഞു. പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള സംഘത്തിെൻറ പഠനത്തിലാണ് മണ്ണടിഞ്ഞും പായലും കളകളും പെരുകിയും തടാകത്തിെൻറ വിസ്തൃതി കുറഞ്ഞതായി കണ്ടത്.
തടാകത്തിനു ചുറ്റും കോൺക്രീറ്റ് ഭിത്തി നിർമിക്കും
സമീപത്തെA കുന്നുകളിലെ സ്വകാര്യ ഭൂമികളിലെ അശാസ്ത്രീയ കൃഷിയും നിര്‍മാണങ്ങളുമാണ് തടാകത്തില്‍ വന്‍തോതില്‍ മണ്ണടിയുന്നതിനു കാരണമായത്. മണ്ണൊലിപ്പ് തടയുന്നതിനു തടാകത്തിനു ചുറ്റും കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കുന്നതിനു ടെന്‍ഡര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. 67.5 ലക്ഷം രൂപയാണ് ഈ പ്രവൃത്തിക്കു കണക്കാക്കുന്ന ചെലവ്. ജൈവവൈവിധ്യ പ്രാധാന്യമുള്ളതാണ് തടാകവും പരിസരവും. തടാകത്തില്‍ മാത്രം കാണുന്ന മീന്‍ ഇനമാണ് പൂക്കോട് പരല്‍. തടാകത്തെ ചുറ്റിയുള്ള വനപ്രദേശം 70ല്‍പരം ഇനം പക്ഷികളുടേയും നിരവധി ഇനം പൂമ്പാറ്റകളുടേയും ആവാസകേന്ദ്രമാണ്. കൂടുതല്‍ സഞ്ചാരീസൗഹൃദമാക്കുന്നതിനു അടിസ്ഥാന സൗകര്യ വിപുലീകരണവും തടാകതീരത്തു നടന്നുവരികയാണ്.
ആറുകോടിയുടെ പ്രവൃത്തികളാണ് പുതുതായി ആസൂത്രണം ചെയ്തിരിക്കുന്നത്. ജില്ലയിലെ പ്രധാന പരിസ്ഥിതി-സൗഹൃദ വിനോദ സഞ്ചാരകേന്ദ്രമായ പൂക്കോട് തടാകം നിലവില്‍ കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കയാണ്. തടാകം തുറന്നില്ലെങ്കിലും ജില്ലയിലെത്തുന്ന സഞ്ചാരികളിൽ നല്ലൊരു ഭാഗവും പൂക്കോട് എത്തുന്നുണ്ട്. ശുചീകരണ പ്രവൃത്തികളോടൊപ്പം മറ്റു അറ്റകുറ്റപ്പണികളും പൂർത്തീകരിക്കാൻ ഇനിയും സമയമെടുക്കുമെന്ന് ഡി.ടി.പി.സി അധികൃതർ അറിയിച്ചു. ലോക്ഡൗണും മറ്റു പ്രതികൂല സാഹചര്യങ്ങളുമാണ് തടാകത്തിലെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് കാലതാമസമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.