തോട്ടം ഭൂമി തരംമാറ്റൽ; കെ.എൽ.ആർ ഉത്തരവ് ഇറങ്ങിയിട്ടും നടപ്പാക്കിയില്ല
text_fieldsവൈത്തിരി: തോട്ടം ഭൂമി തരം മാറ്റിയതിൽ കേരള ലാൻഡ് റിഫോംസ് നിയമം ബാധകമല്ലെന്ന ലാൻഡ് ബോർഡ് സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങിയിട്ട് ഒന്നര മാസമായിട്ടും ഇതുസംബന്ധിച്ച് ഒരു നടപടിയും പഞ്ചായത്തുകളിൽ നിന്നോ ജില്ല ഭരണകൂടത്തിൽനിന്നോ ഉണ്ടായില്ല. ലാൻഡ് ബോർഡ് സെക്രട്ടറി അർജുൻ പാണ്ഡ്യൻ ആഗസ്റ്റ് 11ന് ആണ് ജില്ല കലക്ടർക്ക് ഉത്തരവ് നൽകിയത്.
പട്ടയം കിട്ടിയിട്ടുള്ള ഭൂമിയിൽ കെ.എൽ.ആർ സർട്ടിഫിക്കറ്റിന്റെ പേര് പറഞ്ഞു ബാങ്ക് ലോൺ എടുക്കാനോ, വീട് വെക്കാനോ കഴിയുന്നില്ലെന്നും ഇതുകാരണം ഭൂമി അടിസ്ഥാനമാക്കിയുള്ള ഒരാവശ്യവും നിറവേറ്റാൻ കഴിയുന്നില്ലെന്ന് കാണിച്ച് കൽപറ്റ വില്ലേജിലെ താമസക്കാരനായ അബ്ദുൽ സമദ് നൽകിയ നിവേദനത്തെ തുടർന്നാണ് സെക്രട്ടറിയുടെ ഉത്തരവ്.
നിർമിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ പ്ലാൻ അംഗീകരിക്കണമെങ്കിൽ കെ.എൽ.ആർ സർട്ടിഫിക്കറ്റ് ഹാജരാകണമെന്നാണ് തദ്ദേശ സ്ഥാപനത്തിന്റെ സെക്രട്ടറി ആവശ്യപ്പെടുന്നത്. ഇതുകാണിച്ചാണ് അബ്ദുൽ സമദ് നിവേദനം നൽകിയത്. ജില്ലയിൽ ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി ഭൂവുടമകളുടെ പരാതികൾ നിരന്തരം ലഭിക്കുന്നതായി ഉത്തരവിൽ പറയുന്നുണ്ട്.
ഉത്തരവിൽ പറയുന്നത്:
1. ഭൂമി തരം മാറ്റി എന്ന കാരണത്താലോ തരം മാറ്റാൻ സാധ്യതയുണ്ട് എന്ന കാരണത്താലോ ഒരു ഭൂമിക്കുമേൽ കൈവശക്കാരനുള്ള റവന്യു അവകാശങ്ങൾ, വിൽപന, നിർമാണങ്ങൾ തുടങ്ങിയവ സ്ഥിരമായി വിലക്കാൻ കേരളം ഭൂപരിഷ്കരണ നിയമത്തിൽ വ്യവസ്ഥയില്ല. കെ.എൽ.ആർ സർട്ടിഫിക്കറ്റ് എന്ന പേരിലുള്ള ഒരു സർട്ടിഫിക്കറ്റ് ഈ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ല. നിയമത്തിൽ ഇല്ലാത്തതുകൊണ്ട് തന്നെ ഈ സർട്ടിഫിക്കറ്റിന് നിയമപരമായ നിലനിൽപില്ല. അതുകൊണ്ടുതന്നെ ഭൂവിനിയോഗത്തിനു അത്തരമൊരു സർട്ടിഫിക്കറ്റ് വേണമെന്ന് നിർബന്ധിക്കാൻ പാടില്ല.
2. തോട്ടഭൂമി, തരംമാറ്റപ്പെട്ട ഭൂമി എന്നിവ ഉൾപ്പെടെയുള്ള ഏതു ഭൂമിയായിരുന്നാലും ഒരു കുടുംബത്തിന് നിലവിൽ കൈവശമുള്ള ആകെ ഭൂമി 15 ഏക്കർ വരെയാണെങ്കിൽ ആ ഭൂമികൾ ഏതു രീതിയിൽ വിനിയോഗിക്കുന്നതിനും നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഒരു നിയന്ത്രണവും കെ. എൽ. ആർ. ആക്ടിൽ ഇല്ല.
3. കൈവശഭൂമിക്കുമേൽ കൂടിയാൻ, കുടികിടപ്പുകാർ, എന്നിവർക്ക് പൂർണ ഉടമസ്ഥാവകാശം നൽകിക്കൊണ്ട് കേരളത്തിൽ വലിയ മാറ്റങ്ങളാണ് 1963 ലെ കേരളത്തിലെ ഭൂപരിഷ്കരണ നിയമം നടപ്പാക്കിയത്. കുടിയായ്മ, കുടികിടപ്പ് അവകാശങ്ങളിൽ ഭൂമി ലഭിച്ചവർക്ക് ആ ഭൂമി ഉപയോഗിക്കാനോ, വീട് നിർമിക്കാനോ, പെർമിറ്റുകൾ കിട്ടാനോ കഴിയാത്ത സാഹചര്യം ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ല. ഈ സാഹചര്യത്തിൽ ഇത്തരക്കാർക്ക് കെ. എൽ. ആർ സർട്ടിഫിക്കറ്റിന്റെ പേരിലുള്ള തടസ്സങ്ങൾ ഒഴിവാക്കി നൽകേണ്ടതാണ്.
4. കെ. എൽ. ആർ സർട്ടിഫിക്കറ്റ് വയനാട് ജില്ലയിൽ മാത്രം നിലനിൽക്കുന്ന ഒരു സർട്ടിഫിക്കറ്റാണ്. കേരള ഭൂപരിഷ്കരണ നിയമത്തിന്റെ പിൻബലം ഇല്ല. മറ്റു ജില്ലകളിലൊന്നും ഇത്തരത്തിൽ ഒരു സർട്ടിഫിക്കറ്റ് നിലവിലില്ല. ആയതിനാൽ ഭൂവിനിയോഗത്തിനു അത്തരമൊരു സർട്ടിഫിക്കറ്റ് വേണമെന്ന നിർദേശങ്ങൾ/ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിൽ അവ പിൻവലിക്കേണ്ടതാണ്.
5. ഭൂപരിഷ്കരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് കേരളത്തിൽ നിലവിലുള്ള നിയമം 1963ലെ കേരളത്തിലെ ഭൂപരിഷ്കരണ നിയമം ആണ്.
ഭൂമി തരംമാറ്റിയാലുള്ള നിയമപരമായ അനന്തര ഫലങ്ങൾ എന്താണെന്നു (87ാം വകുപ്പിൽ) വളരെ വ്യക്തവും സുതാര്യവും ആയി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഏതെങ്കിലും കൈവശക്കാരൻ ഭൂമി തരം മാറ്റിയാൽ, കേരള ഭൂപരിഷകരണ നിയമ പ്രകാരമുള്ള തുടർനടപടികൾ താലൂക്ക് ലാൻഡ് ബോർഡുകൾ നിർവഹിക്കേണ്ടതാണെന്നും കേരള ലാൻഡ്ബോർഡ് സെക്രട്ടറി അർജുൻ പാണ്ഡ്യൻ ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ഉത്തരവ് പ്രാബല്യത്തിൽ വരുകയാണെങ്കിൽ ജില്ലയിൽ വീടുണ്ടാക്കാനും മറ്റും കഴിയാതെ ബുദ്ധിമുട്ടുന്ന നിരവധി പേർക്കാണ് ഗുണം ലഭിക്കുക. അഞ്ചും പത്തും സെന്റ് ഭൂമി വാങ്ങി വീട് വെച്ചിട്ടും നമ്പർ ലഭിക്കാതെ കഷ്ടപ്പെടുന്നവർ നിരവധിയാണ്. ഇല്ലാത്ത നിയമത്തിന്റെ പേരിൽ അധികൃതരുടെ നടപടി നൂറു കണക്കിന് പാവപ്പെട്ടവരെയാണ് കണ്ണീരു കുടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.