നിയന്ത്രണങ്ങള്‍ പുതുക്കി; വൈത്തിരിയില്‍ ഒരാഴ്ച കൂടി ലോക്ഡൗൺ
text_fieldsകൽപറ്റ: പ്രതിവാര ഇൻഫെക്ഷന് പോപുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്) എട്ടില്‍ കുറയാത്ത സാഹചര്യത്തില്‍ വൈത്തിരി ഗ്രാമപഞ്ചായത്തിലെ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. അതേസമയം പൊഴുതന, അമ്പലവയല്‍ പഞ്ചായത്തുകളിലെ ലോക്ഡൗണ്‍ ഒഴിവാക്കി. തദ്ദേശ സ്ഥാപനങ്ങളിലെ പുതുക്കിയ ഡബ്ല്യു.ഐ.പി.ആര് അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ പുനഃക്രമീകരിച്ചത്. ലോക്ഡൗണ്‍ മേഖലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും.
ഓണം തുടങ്ങിയ ആഘോഷങ്ങള്‍ക്ക് ആള്‍ക്കൂട്ടമുണ്ടാവുന്ന പരിപാടികള്‍ അനുവദിക്കില്ല. ഇതുവരെ വാക്സിന് ലഭ്യമാകാത്തവര്‍ക്കും അസുഖങ്ങള്‍ കാരണം വാക്സിന് സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്കും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി കടകളിലും മറ്റും പോകാന്‍ അര്‍ഹത മാനദണ്ഡമുള്ള ആരും തന്നെ വീട്ടിലില്ലെങ്കില്‍ സത്യവാങ്മൂലം കൈയില്‍ കരുതി അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകാവുന്നതാണ്. ഇത്തരത്തിലുള്ള വീടുകളില്‍ ഹോം ഡെലിവറി സംവിധാനത്തിലൂടെ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാവുന്നതാണ്. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമെ വഴിയോരക്കച്ചവടം നടത്തുന്നതിന് അനുവാദമുള്ളൂ.
വൈത്തിരിയിൽ വ്യാപാരി പ്രതിഷേധം
വൈത്തിരി: അമ്പലവയലിനു പിന്നാലെ വൈത്തിരിയിലും വ്യാപാരികളുടെ പ്രതിഷേധം.ഓണക്കാലമായിട്ടും അശാസ്ത്രീയ നിയന്ത്രണങ്ങൾ മൂലം കടകൾ തുറക്കാൻ അനുവദിക്കാത്ത അധികാരികളുടെ നിലപാടിനെതിരെ ബുധനാഴ്ച വൈത്തിരിയിലെ മുഴുവൻ വ്യാപാരികളും കടകളടച്ച് ഹർത്താൽ ആചരിച്ചു. വൈത്തിരി പഞ്ചായത്തിൽ ഡബ്ല്യു.ഐ.പി.ആര് ഉയർന്നതിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ രണ്ടാഴ്ചയായി കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്.
ഓണക്കാലത്തെങ്കിലും ഇളവ് നൽകണമെന്നാണ് വ്യപാരികളുടെ ആവശ്യം. അനുകൂല തീരുമാനം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് മുഴുവൻ കടകളും അടച്ചിട്ട് പ്രതിഷേധിച്ചത്. ഇതിനിടെ ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടിയത് വ്യാപാരികൾക്ക് കനത്ത തിരിച്ചടിയായി. ഓണ വിപണി പൂർണമായും നഷ്ടമായി. കടകളടച്ചു വീട്ടിലിരിക്കേണ്ടി വന്ന കച്ചവടക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഹ്വാനപ്രകാരമാണ് വൈത്തിരിയിലെ മുഴുവൻ വ്യാപാരികളും കടകളടച്ച് ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധസമരം സമിതി വൈത്തിരി യൂനിറ്റ് പ്രസിഡൻറ് സി.വി. വർഗീസ് ഉദ്ഘാടനം ചെയ്തു. നിസാർ ദിൽവെ, അനിൽകുമാർ, സലിം മേമന, സുൽഫിക്കർ, സോമൻ അജന്ത, ബാവ അഷ്റഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.