ലക്ഷ്യം പ്രളയക്കെടുതി കുറക്കൽ; മണ്ണുകോരൽ പുഴകളെ നശിപ്പിക്കുമെന്ന് ആശങ്ക
text_fieldsവെള്ളമുണ്ട/വൈത്തിരി: പ്രളയക്കെടുതികൾ കുറക്കാൻ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ശുചീകരണ നടപടി പുഴകളുടെ സ്വാഭാവികത നശിപ്പിക്കുംവിധമെന്ന് പരാതി. ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനപ്രകാരം മൈനർ ഇറിഗേഷൻ വകുപ്പാണ് വിവിധ ഭാഗങ്ങളിൽ പുഴ ശുചീകരണം നടത്തുന്നത്.
ജെ.സി.ബി ഉപയോഗിച്ച് പായലും പുഴയിലടിഞ്ഞ ചളിയും കോരിമാറ്റി ജലത്തിന്റെ ഒഴുക്ക് എളുപ്പമാക്കുന്നതിനുള്ള പ്രവൃത്തികളാണ് നടക്കുന്നത്. കാലങ്ങളായി മണ്ണും മാലിന്യങ്ങളും നിറഞ്ഞ് നികന്ന പുഴത്തീരങ്ങളിൽ മഴക്കാലത്ത് വലിയ തോതിൽ വെള്ളം പൊങ്ങുന്നത് പതിവു കാഴ്ചയായിരുന്നു. ഇത് പരിഹരിക്കുന്നതിനാണ് പുഴയിലെ തടസ്സങ്ങൾ നീക്കുന്ന പ്രവൃത്തിക്ക് രൂപം നൽകിയത്.
എന്നാൽ, കാലവർഷാരംഭത്തോടെ കുത്തിയൊഴുകി പോകാൻ പാകത്തിന് ഈ ചെറു നീരൊഴുക്കിന്റെ ഇരുകരകളിലെയും മണ്ണും മണലും മണ്ണുമാന്തി യന്ത്രമുപയോഗിച്ച് സർക്കാർ ചെലവിൽ ഇളക്കിമറിക്കുകയാണ്. പുഴയുടെ വശങ്ങളിലെ ഓടക്കൂട്ടങ്ങൾ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പിഴുതെറിയുകയാണ് പലയിടത്തും. ലക്കിടിയിൽ നിന്നും തുടങ്ങുന്ന വൈത്തിരി പുഴയുടെ വിവിധ ഭാഗങ്ങളിൽ ഇരുവശത്തും ഓടക്കാടുകൾ അടിയോടെ പിഴുതെടുത്ത് മണ്ണിട്ട് നികത്തി. കട്ടിയില്ലാത്ത പശിമണ്ണ് കൊണ്ട് വശങ്ങൾ വൃത്തിയാക്കി. മഴ തുടങ്ങുന്നതോടെ ഈ മണ്ണ് പുഴയിലേക്ക് തന്നെ പോവുകയും ജലംകുത്തിയൊഴുകി പുഴത്തീരം ഇടിയാനും കാരണമാവും.
നദീതട സംരക്ഷണത്തിന്റെ ബാലപാഠമറിയാത്ത നടപടിയാണിതെന്ന് ആക്ഷേപമുണ്ട്. പുഴയിൽ നിന്ന് കോരുന്ന മണ്ണും മണലും പുഴത്തീരത്തുതന്നെയാണ് നിക്ഷേപിക്കുന്നത്. പുഴയുടെ സംരക്ഷണമാണ് പദ്ധതിയുടെ ലക്ഷ്യമെങ്കിലും നിലവിലെ നടപടി തിരിച്ചടിയാവും ഉണ്ടാക്കുക.
ധനധൂർത്തിന്റെയും കെടുകാര്യസ്ഥതയുടെയും നേർക്കാഴ്ചയാണിതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പുഴത്തീരവും ഇടിച്ചുനിരത്തുന്നതിനാൽ നദീപ്രവാഹത്തെ അഴുക്കുചാലാക്കുക വഴി സമീപകാലം വരെ നദീതീരത്ത് ഇടതൂർന്നു വളർന്ന വിവിധയിനം മരങ്ങളും ഈറ്റയും മറ്റനേകം ജൈവസമ്പത്തും അപ്രത്യക്ഷമാകാനും ഇടയാക്കും.
മത്സ്യസമ്പത്തിനൊപ്പം ആമകളും നീർനായകളുമടങ്ങിയ ജീവിവർഗങ്ങളും അന്യംനിന്നുപോകുന്ന അവസ്ഥയുമുണ്ട്. പടിഞ്ഞാറത്തറ, വെള്ളമുണ്ട, തരിയോട് ഭാഗങ്ങളിൽ മഴക്കാലത്ത് വൻതോതിൽ വെള്ളം പൊങ്ങി ദിവസങ്ങളോളം പ്രദേശം ഒറ്റപ്പെടുന്ന അവസ്ഥയുണ്ട്. സമീപത്തെ പുഴകളിൽനിന്നാണ് ജലം പൊങ്ങിയിരുന്നത്.
പുഴകളുടെ പല ഭാഗത്തും സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ട അവസ്ഥയുണ്ട്. ഇവ നീക്കുന്നതിനു പകരം പുഴത്തീരം കിളച്ചുമറിക്കുന്നത് വിപരീത ഫലമാണ് ഉണ്ടാക്കുക. പദ്ധതി പ്രകാരം, പാടശേഖരങ്ങളിലെ നീർച്ചാലുകളാകെ ഉഴുതുമറിച്ച് ശേഷിക്കുന്ന ജൈവസമ്പത്തും ഒഴുക്കിക്കളയാനുള്ള വ്യഗ്രതയിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.