ചുരം ബൈപാസിനായി ജനകീയ റോഡ് വെട്ടൽ സമരം; വനാതിർത്തിയിൽ പൊലീസും വനപാലകരും തടഞ്ഞു
text_fieldsവൈത്തിരി: ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ചുരം ബൈപാസ് റോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് തളിപ്പുഴ വനാതിർത്തിയിൽ ജനകീയ റോഡ് വെട്ടൽ സമരം അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദേശീയപാത 766 ചിപ്പിലിത്തോട് 47.500ൽനിന്ന് തുടങ്ങി തളിപ്പുഴ 60.200ൽ എത്തിച്ചേരുന്ന നിലയിലാണ് നിർദിഷ്ട ബൈപാസ്. ഇതിൽ കോഴിക്കോട് ജില്ലയിലെ പുതുപ്പാടി, കോടഞ്ചേരി പരിധിയിൽ ആറു കിലോമീറ്റർ പഞ്ചായത്ത് റോഡ് നിലവിലുണ്ട്. തുടർന്ന് രണ്ടര കി.മീ. വനഭൂമി പിന്നിട്ടാൽ ബാക്കി ഭാഗം വൈത്തിരി പഞ്ചായത്ത് പരിധിയിലെ കൂപ്പ് റോഡാണ്.
നിർദിഷ്ട ബൈപാസ് പൂർത്തീകരിച്ചാൽ കാലപ്പഴക്കം കൊണ്ടും അധികഭാരം കൊണ്ടും നിലനിൽപ്പ് ഭീഷണി നേരിടുന്ന വയനാട് ചുരത്തിലെ കടുത്ത ഗതാഗതക്കുരുക്കിനുള്ള പരിഹാരമാർഗമാകുമെന്ന് സമരക്കാർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അടിയന്തര പരിഗണനയിൽപ്പെടുത്തി ഈ ബൈപാസ് സാധ്യമാക്കുന്നതിന് നേതൃപരമായ പങ്ക് വഹിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ. ഹുസൈൻ കുട്ടി അധ്യക്ഷത വഹിച്ചു. കൺവീനർ ടി.ആർ.ഒ കുട്ടൻ സ്വാഗതം പറഞ്ഞു.
തളിപ്പുഴ-പൂക്കോട് ജങ്ഷനിൽനിന്ന് കോടഞ്ചേരി, താമരശ്ശേരി, പുതുപ്പാടി, വൈത്തിരി പഞ്ചായത്ത് ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ, സന്നദ്ധ സംഘടന പ്രതിനിധികളുടെയും നേതൃത്വത്തിൽ നീങ്ങിയ മാർച്ച് വനാതിർത്തിയിൽ പൊലീസും വനപാലകരും ചേർന്ന് തടഞ്ഞു. തുടർന്ന് പരിസരത്ത് നടന്ന റോഡ് വെട്ടലിന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അലക്സ് ചെമ്പകശ്ശേരി, താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ, പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ, ജില്ല പഞ്ചായത്ത് മെംബർ അംബിക മംഗലത്ത്, ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ കെ.പി. സുനീർ, വൈത്തിരി പഞ്ചായത്ത് പ്രതിനിധികളായ ജ്യോതിഷ് കുമാർ, ഡോളി ജോസ് എന്നിവർ നേതൃത്വം നൽകി.
മുൻ എം.എൽ.എ എൻ.ഡി. അപ്പച്ചൻ, ഫാ. തോമസ് ജോസഫ് കൊച്ചുമണ്ണാറത്ത്, സെയ്ത് തളിപ്പുഴ, ജോണി പാറ്റാനി, റസാഖ് കൽപറ്റ, ഷാൻ കട്ടിപ്പാറ, എ.എ. വർഗീസ്, ഷാജഹാൻ തളിപ്പുഴ, ബിന്ദു ഉദയൻ, മൊയ്തു മുട്ടായി, ഇ.കെ. വിജയൻ, പി.കെ. സുകുമാരൻ, റെജി ജോസഫ്, സി.സി. ജോസഫ്, ബിജു താന്നിക്കാക്കുഴി, ഷാഫി വളഞ്ഞപാറ, ഖദീജ സത്താർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.