പാറക്കല്ല് വീണ് യുവാവിന്‍റെ മരണം; ഭീതിയുടെ നിഴലിൽ ചുരംയാത്ര
text_fieldsവൈത്തിരി: വയനാട് ചുരത്തിൽ പാറക്കല്ല് ബൈക്കിന് മുകളിലേക്കു വീണ് യാത്രക്കാരൻ ശനിയാഴ്ച മരിച്ചത് ഏറെ ഭീതിയോടെയാണ് ചുരത്തിലൂടെ സഞ്ചരിക്കുന്നവർ ശ്രവിച്ചത്. ചുരത്തിൽ മണ്ണിടിച്ചിലും പാറയിടിച്ചിലും ഉണ്ടാകാറുണ്ടെങ്കിലും അതെല്ലാം കനത്തമഴയത്തു മാത്രമാണ്. ചുരത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് പാറ യാത്രക്കാരുടെ ദേഹത്തേക്ക് വീഴുന്നത്.
മലപ്പുറം വണ്ടൂർ സ്വദേശി അഭിനവ് ആണ് ഇന്നലെ ഉച്ചക്കുണ്ടായ അപകടത്തിൽ ദാരുണമായി മരിച്ചത്. വയനാട്ടിലേക്കുള്ള വിനോദയാത്ര അഭിനവിന്‍റെ അപ്രതീക്ഷിത മരണത്തിന് കാരണമായതിന്‍റെ നടുക്കത്തിലാണ് സുഹൃത്തുക്കൾ. മലപ്പുറം വണ്ടൂരിൽനിന്ന് മൂന്ന് ബൈക്കുകളിലായാണ് ആറ് സുഹൃത്തുക്കൾ വയനാട് കാണാൻ പുറപ്പെട്ടത്. ചുരത്തിന്‍റെ ഭംഗി ആസ്വദിച്ചുകൊണ്ടുള്ള യാത്രക്കിടെ ജീവനെടുക്കുന്ന അപകടം ആരും സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിരുന്നില്ല.
ചുരത്തിൽ ആ സമയത്ത് മഴയോ കോടമഞ്ഞ് പോലുമോ ഉണ്ടായിരുന്നുമില്ല. ദിനേന ആയിരക്കണക്കിന് വാഹനങ്ങളാണ് ചുരം കയറുന്നത്. നിയന്ത്രണങ്ങൾ ഏറെയുണ്ടെങ്കിലും അതെല്ലാം കാറ്റിൽപറത്തി അമ്പതും അറുപതും ടൺ ലോഡുമായി നൂറുകണക്കിന് ടിപ്പർ, ടോറസ് ലോറികളും ചുരത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. ഇവയുടെ ഭാരവും ചുരം റോഡിന്‍റെ സുരക്ഷക്ക് ഭീഷണിയാണ്.
കോടികളാണ് ചുരം നവീകരണത്തിന്‍റെ പേരിൽ ചെലവഴിക്കുന്നത്. നവീകരണങ്ങൾ മുറപോലെ നടക്കുന്നുണ്ടെങ്കിലും ചുരത്തിന്‍റെ സുരക്ഷിതത്വം ഇല്ലാതാവുന്നതിന്‍റെ തെളിവാണ് ശനിയാഴ്ചത്തെ അപകടം.
ചുരത്തിൽ നിരവധിയിടങ്ങളിൽ പാറക്കല്ലുകൾ താഴേക്ക് പതിക്കാൻ പാകത്തിൽ കിടപ്പുണ്ട്. ഇതൊക്കെ ആര്, എന്ന് ശ്രദ്ധിച്ച് സഞ്ചാര സുരക്ഷ ഉറപ്പുവരുത്തുമെന്നാണ് യാത്രക്കാരുടെ ചോദ്യം.
രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത് ജസ്റ്റിൻ ജോസ്
വൈത്തിരി: വയനാട് ചുരത്തിൽ പാറക്കല്ല് ബൈക്കിൽ പതിച്ചുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത് ജസ്റ്റിൻ ജോസ്. സാമൂഹിക പ്രവർത്തകനും ചുരം സംരക്ഷണ സമിതി വളന്റിയറുമായ ജസ്റ്റിൻ അപകടം നടന്ന ബൈക്കിന്‍റെ തൊട്ടുപിറകിലുണ്ടായിരുന്നു. ഒരു രോഗിയെ ആശുപത്രിയിലാക്കിയ ശേഷം തിരിച്ചുവരുകയായിരുന്നു ജസ്റ്റിൻ.
പാറക്കല്ല് പതിച്ച് ഒരാൾ ബൈക്കിനും ഭിത്തിക്കുമിടയിലും മറ്റൊരാൾ താഴേക്കും വീണു കിടക്കുന്നതു കണ്ട ജസ്റ്റിനും ഏതാനും യാത്രക്കാരും ചേർന്ന് ഇരുവരെയും റോഡിലെത്തിക്കുകയും റോഡരികിൽ കിടത്തുകയും ചെയ്തു. ആംബുലൻസ് സർവിസിനെയും പൊലീസിനെയും വിവരമറിയിച്ചതും പരിക്കേറ്റ ഇരുവരെയും ആംബുലൻസിൽ കയറ്റി അയച്ചതും ജസ്റ്റിനാണ്.
രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിലേക്ക് അയച്ച യുവാക്കളിൽ ഒരാൾ വൈകീട്ടോടെ മരണമടഞ്ഞതിന്‍റെ നടുക്കത്തിലാണ് ഇദ്ദേഹം. വർഷങ്ങളായി ചുരം സംരക്ഷണ സമിതിയുടെ സജീവ വളന്റിയറാണ് ഈ ചിപ്പിലിത്തോട് സ്വദേശി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.