സജിന് കണ്ണീരോടെ യാത്രാമൊഴി നൽകി പൂക്കോട് കാമ്പസ്
text_fieldsവൈത്തിരി: ചൊവ്വാഴ്ച വാഹനാപകടത്തിൽ മരിച്ച പൂക്കോട് വെറ്ററിനറി കോളജ് പി.ജി വിദ്യാർഥി നെടുമങ്ങാടി സ്വദേശി സജിൻ മുഹമ്മദിന് യാത്ര മൊഴിനൽകി സഹപാഠികളും അധ്യാപകരും ജീവനക്കാരും. ചൊവ്വാഴ്ച യൂനിവേഴ്സിറ്റി കാമ്പസിൽനിന്ന് ദേശീയപാതയിലേക്കുള്ള റോഡിൽ എതിരെ വന്ന കോഫി ബോർഡിന്റെ വാഹനത്തിൽ തട്ടിയാണ് ബൈക്കിൽ യാത്രചെയ്യുകയായിരുന്ന സജിന് ഗുരുതരമായി പരിക്കേൽക്കുന്നത്. തുടർന്ന് വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് മേപ്പാടി മൂപ്പൻസ് ആശുപത്രിയിലുമെത്തിച്ചെങ്കിലും മരിച്ചു. വൈത്തിരി എസ്.ഐ എം.കെ. സലീമിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
വൈത്തിരി സി.എച്ച് സെന്ററിൽ മയ്യിത്ത് നമസ്കാരം നടത്തിയ ശേഷം ഉച്ചക്ക് ഒന്നരയോടെ സജിൻ പഠിച്ചിരുന്ന പൂക്കോട് വെറ്ററിനറി കോളജിൽ പൊതുദർശനത്തിനുവെച്ചു. സഹപാഠികളും അധ്യാപകരും ജീവനക്കാരും ഫാം തൊഴിലാളികളും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിച്ചു. ഉച്ചക്ക് രണ്ടര മണിയോടെ മൃതദേഹം സ്വദേശമായ നെടുമങ്ങാട്ടേക്കു കൊണ്ടുപോയി.
മകന്റെ മരണവാർത്തയറിഞ്ഞ സജിന്റെ മാതാവ് ബുധനാഴ്ച കിണറ്റിൽ ചാടി മരിച്ചിരുന്നു. പിതാവ് സുലൈമാനും കുടുംബാംങ്ങളും മരണവാർത്തയറിഞ്ഞ് നെടുമങ്ങാടുനിന്ന് പൂക്കോട് കോളജിൽ എത്തിയിരുന്നു. രണ്ടു മരണങ്ങളുടെ ആഘാതത്തിലാണ് പിതാവ് സുലൈമാൻ. ചുരുങ്ങിയ കാലയളവിനുള്ളിൽ വിദ്യാർഥികൾക്കിടയിലും അധ്യാപകർക്കിടയിലും തൊട്ടടുത്ത തളിപ്പുഴ അങ്ങാടിയിലും സജിൻ നിരവധി സൗഹൃദങ്ങൾ ഉണ്ടാക്കിയെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.