ശാസ്ത്രീയ ഖരമാലിന്യ പരിപാലനം; നഗരസഭകള്‍ മികച്ച മാതൃക സൃഷ്ടിക്കണം -മന്ത്രി എം.ബി. രാജേഷ്
text_fieldsവൈത്തിരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശാസ്ത്രീയ ഖരമാലിന്യ പരിപാലനത്തില്‍ മികച്ച മാതൃക സൃഷ്ടിക്കണമെന്ന് മന്ത്രി എം.ബി. രാജേഷ്. മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യൂ.എം.പി) കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലെ നഗരസഭ പ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച ‘മാറ്റം’ ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ രാജ്യത്തില്‍ തന്നെ മുന്‍പന്തിയിലാണ്. എന്നാല്‍ ശാസ്ത്രീയ മാലിന്യ പരിപാലന സംവിധാനത്തില്‍ ഇനിയും പുരോഗതി കൈവരിക്കേണ്ടതുണ്ട്. മാലിന്യമുക്ത നവകേരളം ഒന്നാം ഘട്ടത്തിലെ പേരായ്മകള്‍ രണ്ടാം ഘട്ടത്തില്‍ പരിഹരിക്കണം. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്കി കൃത്യമായ സംവിധാനം സജ്ജമാക്കുകയാണ് ചെയ്യുന്നത്.
മികച്ച മാതൃകകള്‍ സൃഷ്ടിച്ച നഗരസഭകള്‍ കേരളത്തിലുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറവിട മാലിന്യ നിർമാര്‍ജന ഉപാധികള്‍ നല്കുമ്പോള് സാങ്കേതിക പിന്തുണയും നല്‍കേണ്ടതുണ്ട്. ഹരിത കര്‍മസേനയെ ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്തണം. പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള എന്‍ഫോഴ്സ്മെന്റ് സംവിധാനം ശക്തിപ്പെടുത്തണമെന്നും ഹരിത കര്‍മസേന പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും മന്ത്രി പറഞ്ഞു.
ദ്വിദിന ശില്പശാലയില് കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നടത്തിയ വിവരശേഖരണത്തിലൂടെ കണ്ടെത്തിയ മാലിന്യ പരിപാലനത്തിലെ പോരായ്മകള്‍ വിശകലനത്തിന് വിധേയമാക്കും. നാല് ജില്ലകളില്‍ നിന്നായി 25 നഗരസഭകളാണ് പങ്കെടുക്കുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് ഓണ്‍ലൈനായി പങ്കെടുത്തു. കോഴിക്കോട് കോര്പറേഷന് മേയര്‍ ബീന ഫിലിപ്പ്, കണ്ണൂര്‍ കോര്പറേഷന് മേയര്‍ ടി.ഒ. മോഹനന്, കേരള മുനിസപ്പല്‍ ചെയര്‍മാന്‍സ് ചേംബര്‍ ചെയര്മാന് എം. കൃഷ്ണദാസ്, കെ.എസ്.ഡബ്ല്യു.എം.പി ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ യു.വി. ജോസ്, തദ്ദേശ സ്വയംഭരണ ജോയന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, ജില്ല ശുചിത്വ മിഷന് കോഓഡിനേറ്റര്‍ ഹര്ഷന് എന്നിവര്‍ സംസാരിച്ചു. ശില്പശാല ചൊവ്വാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.