ഷാഫിയുടെ പുരാണ സംഗീതശേഖരം ഇനി മദീനയിലും
text_fieldsവൈത്തിരി: ഷാഫിയുടെ പുരാണ ശേഖരത്തിലെ ഗ്രാമഫോൺ റെക്കോഡ് ഡിസ്ക് മദീനയിലെ ഇസ്ലാമിക കാര്യാലയത്തിന്റെ കീഴിലുള്ള പുരാവസ്തു മ്യൂസിയത്തിൽ. ഈജിപ്തിലെ പ്രമുഖ പണ്ഡിതനായിരുന്ന അബ്ദുൽ ബാസിത് അബ്ദുസ്സമദിന്റെ ഖുർആൻ പാരായണമായിരുന്നു ഡിസ്കിൽ. ഇക്കഴിഞ്ഞ ദിവസം ഷാഫി മദീനയിൽ നേരിട്ടെത്തി മ്യൂസിയം അധികൃതർക്കു റെക്കോഡ് ഡിസ്ക് കൈമാറി. ഇതോടൊപ്പം ഒരു ഗ്രാമഫോണും പഴയകാല പെൻഡുലം ക്ലോക്കും മ്യൂസിയത്തിനു നൽകി.
പുരാണ സംഗീത ഉപകരണങ്ങളുടെയും ഗാനങ്ങളുടെയും പ്രദർശനവും സർവിസും നടത്തുന്ന മുഹമ്മദ് ഷാഫി തളിപ്പുഴയിൽ ഗ്രാമഫോൺ മ്യൂസിയം നടത്തുകയാണ്. ഗ്രാമഫോൺ, പെഡൽ ഹാർമോണിയം, റെക്കോർഡ് പ്ലെയ്, സിത്താർ, വാൽവ് റേഡിയോ, സിംഫണി മ്യൂസിക് ബോക്സ് തുടങ്ങിയ പഴയകാല സംഗീത ഉപകരണങ്ങളാണ് തളിപ്പുഴയിലെ മ്യൂസിയത്തിലുള്ളത്. ഇത്തരം ഉപകരണങ്ങളുടെ റിപ്പയർ കൂടി ഷാഫി ചെയ്യുന്നുണ്ട്. ഇതിനോടകം തന്നെ പുരാണസംഗീതോപകരണങ്ങളുടെ ഇഷ്ടതോഴന്മാരുടെ കേന്ദ്രമായി ഇവിടെ മാറിക്കഴിഞ്ഞു.
മുകേഷ് അംബാനിയുടെ മുബൈയിലുള്ള വസതിയിൽ രണ്ടു മാസം മുമ്പ് ഷാഫി പോയിരുന്നു. പിതാവ് നിരൂഭായി അംബാനി ഉപയോഗിച്ച വിലപിടിപ്പുള്ള ഗ്രാമഫോൺ നന്നാക്കുവാൻ ഷാഫിയെയാണ് വിളിച്ചത്. ബംഗാളിലെ ഇന്ത്യൻ ആർമി 27 ാം ബറ്റാലിയന്റെ മേജർ ജനറൽ മൻരാജ് സിങ്ങിന്റെ പിതാവിന്റെ ഗ്രാമഫോണും അനുബന്ധ ഉപകരണങ്ങളും നന്നാക്കാനും ഷാഫിയെ വിളിച്ചിരുന്നു. എയർ മാർഷൽ അമിത് തിവാരി, സിനിമ താരം ദീപ്തി നവൽ, തിരുവനന്തപുരത്തെ പത്മനാഭ വർമ തമ്പുരാൻ തുടങ്ങി നിരവധി പ്രമുഖരും അല്ലാത്തവരും സംഗീത ഉപകരണങ്ങളുടെ സേവനങ്ങൾക്കായി ഷാഫിയുടെ സഹായം തേടിയിട്ടുണ്ട്. രണ്ടു വർഷം മുമ്പ് പി. ഭാസ്കരൻ മാസ്റ്റർ അവാർഡ് ഷാഫിയെ തേടിയെത്തിയിരുന്നു. നാല് വർഷം മുമ്പാണ് അദ്ദേഹം തളിപ്പുഴയിൽ മ്യൂസിയം തുടങ്ങിയത്. സംഗീത കച്ചേരി നടത്താനും ആളുകൾ മ്യൂസിയത്തിലെത്താറുണ്ട്. കോഴിക്കോട് കല്ലായി സ്വദേശിയാണ് മുഹമ്മദ് ഷാഫി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.