സിദ്ധാർഥനെ അവർ ഇല്ലാതാക്കി
text_fieldsവൈത്തിരി: പൂക്കോട് വെറ്ററിനറി കോളജിൽ ക്രൂരമായ റാഗിങിനൊടുവിൽ സിദ്ധാർഥൻ എന്ന വിദ്യാർഥി മരിച്ചത് കേരളത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു. മരണം നടന്ന് ഒരു വർഷം പിന്നിടുമ്പോഴും വേദനയുള്ളിലൊതുക്കി കഴിയുന്ന കുടുംബത്തിന് ഇപ്പോഴും ഭീഷണിയും പ്രലോഭനങ്ങളുമാണ് ലഭിക്കുന്നത്.മകന്റെ മരണവിവരമറിയുമ്പോൾ ദുബൈയിലെ ആൾട്ട കൺസ്ട്രക്ഷൻ കമ്പനിയിലെ സൂപ്പർവൈസറായ ജയപ്രകാശ് അവിടെ റൂമിൽ വിശ്രമത്തിലായിരുന്നു.
ടൻ തന്നെ അദ്ദേഹം നാട്ടിലെത്തി. തങ്ങളുടെ മകൻ ആത്മഹത്യ ചെയ്യില്ലെന്ന് ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നവരാണ് സിദ്ധാർഥന്റെ അച്ഛൻ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ടി. ജയപ്രകാശും മാതാവ് ഷീബയും. ബി.വി.എസ്.സി കഴിഞ്ഞു പി.ജിക്കു പോകണമെന്നും കുട്ടികളെ പഠിപ്പിക്കണമെന്നും ഇഷ്ടപെട്ട ഫോട്ടോഗ്രഫിയിൽ കൂടുതൽ പ്രാവീണ്യം നേടണമെന്നും ഉയർന്ന നിലയിലെത്തണമെന്നും അവൻ പറയുമായിരുന്നു. സിദ്ധാർഥന്റെ മൃതദേഹം വീട്ടിൽ കാണാനെത്തിയ സഹപാഠികളായ കുട്ടികൾ ‘അവനെ ഇല്ലാതാക്കിയതാണ് ’ എന്ന് ജയപ്രകാശിനോട് പറഞ്ഞിരുന്നു. പ്രതികളായ പല വിദ്യാർഥികളുടെയും പേരുകളും അവർ അന്ന് പറഞ്ഞിരുന്നു.
പ്രേമനൈരാശ്യം മൂലം സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്തുവെന്നും മൃതദേഹം കോളജിൽ പൊതുദർശനത്തിനു വെക്കാൻ അനുവദിക്കണമെന്നും ഡീൻ ഡോ. നാരായണൻ പറഞ്ഞതും കുടുംബത്തിന്റെ സംശയം ബലപ്പെടാൻ ഇടയാക്കിയിരുന്നു.സിദ്ധാർഥന്റെ കൂടെ പഠിക്കുന്ന ഒരു പെൺകുട്ടിക്കു കോളജിലെ മുതിർന്ന വിദ്യാർഥികളിൽ നിന്നുണ്ടായ ചില ദുരനുഭവങ്ങൾ സിദ്ധാർത്ഥൻ ചോദ്യം ചെയ്തിരുന്നു. ക്ലാസ് പ്രതിനിധിയായതിനാൽ ഇത് സംബന്ധിച്ച് ഡീനിന് റിപ്പോർട്ട് നൽകിയതും ശത്രുതക്ക് കാരണമായി. വാലന്റൈൻസ് ദിനത്തിൽ പെൺകുട്ടികളോടൊത്തു സിദ്ധാർത്ഥൻ നൃത്തം ചെയ്തതും സീനിയേഴ്സിന് ഇഷ്ടപ്പെട്ടില്ല.
ഇതൊക്കെ കാരണമായാണ് അവനെ അവർ ഇല്ലാതാക്കിയത്. ഫെബ്രുവരി 15നാണ് നാട്ടിലേക്ക് പുറപ്പെട്ട സിദ്ധാർഥനെ തിരിച്ചുവിളിച്ച് കോളജ് ഹോസ്റ്റലിലെത്തിച്ച് ക്രൂരമായി മർദിച്ചത്. അവശനായി കിടന്ന അവന് അമ്മയുമായി അൽപനേരം സംസാരിക്കാൻ പോലും പ്രതികൾ അനുവദിച്ചില്ല. ഉറ്റ സുഹൃത്തായ വിദ്യാർഥി പോലും ഇതിന് കൂട്ടുനിന്നുവെന്നത് കുടുംബത്തെ വല്ലാതെ തളർത്തി. കോളജിലെ എല്ലാ കാര്യങ്ങളും തന്നോടും അച്ഛനോടും തുറന്നു പറയുന്ന പ്രകൃതമാണ് സിദ്ധാർഥനെന്നു ഷീബ പറയുന്നു. എന്തൊക്കെ ഭീഷണിയുണ്ടായാലും നിയമനടപടിയുമായി മുന്നോട്ടുതന്നെ പോകാനാണ് കുടുംബത്തിന്റെ തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.