ലക്കിടി നവോദയ സ്കൂളിൽ സീനിയർ വിദ്യാർഥികളുടെ മർദനത്തിൽ ആറുപേർക്ക് പരിക്ക്
text_fieldsവൈത്തിരി: ലക്കിടി ജവഹർ നവോദയ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥികളെ സീനിയർ വിദ്യാർഥികളുടെ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആറു വിദ്യാർഥികളെയാണ് ചൊവ്വാഴ്ച രാത്രി വൈത്തിരി താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നത്. സാരമായ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് തങ്ങളുടെ ചിപ്സ് മോഷ്ടിച്ചുവെന്നാരോപിച്ചു സീനിയർ വിദ്യാർഥികൾ ഒമ്പതാം ക്ലാസുകാരെ തങ്ങളുടെ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി മർദിച്ചത്. മരചില്ലയും വടിയുമുപയോഗിച്ചാണ് ഇവരെ ആക്രമിച്ചത്. സംഭവം പുറത്തറിയിക്കരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. മുഖത്തും കഴുത്തിന് പിറക് ഭാഗത്തുമാണ് എല്ലാവർക്കും പരിക്കേറ്റത്. ഇതിൽ ഒരു കുട്ടി വേദന സഹിക്കാനാവാതെ രക്ഷിതാക്കളെ വിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് മറ്റു രക്ഷിതാക്കളുമെത്തിയ ശേഷമാണു സ്കൂൾ അധികൃതർ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്ന് തികഞ്ഞ അലംഭാവമാണുണ്ടായതെന്നു രക്ഷിതാക്കൾ ആരോപിച്ചു. സംഭവം പൂഴ്ത്തിവെക്കാൻ അധികൃതർ ശ്രമിച്ചതായും അവർ ആരോപിച്ചു. രക്ഷിതാക്കൾ പരാതിപ്പെട്ടതിനെത്തുടർന്നു വൈത്തിരി പൊലീസ് സ്ഥലത്തെത്തി കുട്ടികളിൽനിന്നു മൊഴിയെടുത്തു.
മർദിച്ചവർ മുമ്പും പ്രശ്നമുണ്ടാക്കിയവരാണെന്നും ചിലരെ നേരത്തെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും സ്കൂളിലെ അധ്യാപകൻ പറഞ്ഞു. കുട്ടികളുടെ രാത്രിയിലെ കണക്കെടുപ്പ് കഴിഞ്ഞതിനു ശേഷമാണു സംഭവമുണ്ടായതെന്നും കുട്ടികൾ ആരുംതന്നെ അധികൃതരെ അറിയിച്ചില്ലെന്നും ഈ അധ്യാപകൻ പറഞ്ഞു. കേസുമായി മുന്നോട്ടുപോകാനാണ് രക്ഷിതാക്കളുടെ തീരുമാനം. സ്കൂളിൽ സ്ഥിരമായുണ്ടാകുന്ന ഇത്തരം അക്രമസംഭവങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.