കന്നുകാലികളിൽ അത്യുഷ്ണം അതിജീവിക്കുന്ന ജീൻ കണ്ടെത്തി
text_fieldsവൈത്തിരി (വയനാട്): കാലാവസ്ഥ വ്യതിയാന ഭീഷണിക്കിടയിൽ ആശാവഹമായ കണ്ടുപിടുത്തവുമായി കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല പ്രഫസറുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം. കന്നുകാലികളിൽ ചൂട് സഹിക്കുന്ന 'എ.ടി.പി വൺ എവൺ' എന്ന മാർക്കർ ജീൻ ആണ് ഗവേഷണത്തിലൂടെ സംഘം കണ്ടെത്തിയത്. യു.കെയിലെയും ആസ്‌ട്രേലിയയിലെയും ശാസ്ത്രജ്ഞർ ഉൾപ്പെടുന്ന സംഘത്തിെൻറ തലവനും പൂക്കോട് വെറ്ററിനറി കോളജ് ജനിതക ശാസ്ത്രവിഭാഗം അസി. പ്രഫസറുമായ ഡോ. മുഹമ്മദ് ഇളയടത്ത് മീത്തലിെൻറ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലാണ് മാർക്കർ ജീൻ കണ്ടെത്തിയത്. കന്നുകാലികളിൽ കാലാവസ്ഥാവ്യതിയാനത്തിെൻറ ആഘാതം കുറക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താൻ ഈ കണ്ടുപിടിത്തം സഹായമാകും.
'ഉയർന്നചൂടും ഈർപ്പവും മൃഗങ്ങൾക്ക് സമ്മർദമുണ്ടാക്കുന്നു. ചൂട് കാരണമുള്ള സമ്മർദം കന്നുകാലികളുടെ വളർച്ച, പ്രത്യുൽപാദന ക്ഷമത എന്നിവയെ ബാധിക്കും. ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്ന മികച്ച ഇനങ്ങളെ തിരിച്ചറിയുന്നതിനുള്ള സുപ്രധാന വഴിത്തിരിവാണ് കണ്ടുപിടിത്തം' -ഡോ. മുഹമ്മദ് പറഞ്ഞു. വെച്ചുർ പശുക്കളുടെയും സങ്കരയിനം കന്നുകാലികളുടെയും ചൂട് സഹിഷ്ണുത താരതമ്യം ചെയ്തുകൊണ്ടാണ് ശാസ്ത്രജ്ഞർ ഗവേഷണം നടത്തിയത്.
കാലാവസ്ഥക്ക് അനുയോജ്യമായ മൃഗങ്ങളെ പ്രജനനത്തിനായി കണ്ടെത്തുകയാണ് ഗവേഷകരുടെ ലക്ഷ്യം. കന്നുകാലി ഉൽപാദനത്തിനുള്ള വൈവിധ്യമാർന്ന ഗവേഷണങ്ങളും കാർഷിക സൗകര്യങ്ങളും ബന്ധിപ്പിക്കുന്നതിന് ഗ്ലോബൽ ഫാം പ്ലാറ്റ്ഫോം ഇവരുടെ ഗവേഷണത്തിെൻറ ഭാഗമായി നിലവിൽവന്നു.യു.കെയിലെ ഹാർപ്പർ ആഡംസ് സർവകലാശാല ഡെപ്യൂട്ടി വൈസ് ചാൻസലർ മൈക്കിൾ ലീയും ഡോ. മുഹമ്മദിനൊപ്പം ഗവേഷണത്തിൽ മുൻനിരയിൽ ഉണ്ടായിരുന്നു. ഗവേഷണഫലം സ്വിറ്റ്സർലൻഡിൽനിന്നുള്ള 'ദി അനിമൽസ്' ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.