ചുരം വളവുകളിലെ ടാറിങ് താൽക്കാലികമായി നിർത്തി
text_fieldsവൈത്തിരി: താമരശ്ശേരി ചുരത്തിലെ വളവുകളിൽ കുഴി അടക്കുന്നതിന്റെ ഭാഗമായുള്ള ടാറിങ് പ്രവൃത്തികൾ താൽക്കാലികമായി നിർത്തി. ചുരത്തിൽ ഏർപ്പെടുത്തിയിരുന്ന ഭാരവാഹനങ്ങൾക്കുള്ള നിയന്ത്രണവും താൽക്കാലികമായി പിൻവലിച്ചിട്ടുണ്ട്.
രൂക്ഷമായ ഗതാഗതക്കുരുക്കും വാഹനങ്ങൾ കടന്നുപോകുമ്പോൾ ടാറിങ് ഇളകുന്നതുമാണ് ടാറിങ് പ്രവൃത്തികൾ താൽക്കാലത്തേക്ക് നിർത്താൻ കാരണം. അഞ്ച് ഹെയർപിൻ വളവുകളിലാണ് ദേശീയപാത വിഭാഗം ടാറിങ് ആരംഭിച്ചത്. ഒന്ന്, മൂന്ന്, ആറ്, ഏഴ്, എട്ട് വളവുകളിലെ കുഴികൾ ഇതിനകം നികത്തിയിട്ടുണ്ട്. ടാറിങ് പ്രവൃത്തികളാണ് ഇനി നടക്കാനുള്ളത്. അടിവാരത്ത് ചുരം റോഡ് തുടങ്ങുന്ന ഭാഗത്ത് രൂപപ്പെട്ട കുഴിയും അടച്ചു. ചുരത്തിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി വലിയ ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
അറ്റകുറ്റപ്പണികൾ നടക്കുന്ന ദിവസങ്ങളിൽ രൂക്ഷമായ വാഹനക്കുരുക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ചുരത്തിൽ അനുഭവപ്പെട്ടത്. വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതുമൂലം പണികൾ പൂർണമായും നടത്താൻ കഴിഞ്ഞില്ല. ചുരം റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സ്ഥലത്ത് പൊലീസ് ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയിരുന്നില്ലെന്നും പറയുന്നു. കോഴിക്കോട്, വയനാട് ജില്ല കലക്ടർമാർ ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കാത്തതാണ് കാരണം. ദേശീയപാത വിഭാഗം അസി. എക്സി.എൻജിനീയർ സബിത, അസി. എൻജിനീയർ എം. സലിം, ഓവർസിയർ ഹബീബ് എന്നിവർ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.