വൈത്തിരിയിൽ സി.ഐയും എസ്.ഐയുമില്ല; ഇൻക്വസ്‌റ്റ് നടത്താൻ കൽപറ്റ പൊലീസ്
text_fieldsവൈത്തിരി: ആത്മഹത്യ ചെയ്ത ആദിവാസി യുവതിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടത്താൻ വൈത്തിരിയിൽ സർക്കിൾ ഇൻസ്പെക്ടറും സബ് ഇൻപെക്ടറും ഇല്ലാത്തതിനാൽ കൽപറ്റയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ എത്തേണ്ടിവന്നു. സുഗന്ധഗിരി അമ്പ എട്ടാം യൂനിറ്റിലെ ലിവ്യ (26) എന്ന യുവതിയെയാണ് ചൊവ്വാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിലെ തുടർനടപടികൾ സ്വീകരിക്കാനാണ് കൽപറ്റയിൽനിന്ന് പൊലീസ് വരുന്നതുവരെ കാത്തിരിക്കേണ്ടിവന്നത്.
മാസങ്ങളായി വൈത്തിരിയിൽ എസ്.ഐയുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. നേരത്തെയുണ്ടായിരുന്ന എസ്.ഐ രാംകുമാറിനെ അപകടത്തിൽപെട്ട ബൈക്ക് മോഷണം പോയതുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്തിരുന്നു.
എന്നാൽ സസ്‌പെൻഷൻ പിൻവലിച്ച് അദ്ദേഹത്തെ തലപ്പുഴ സ്റ്റേഷനിലാണ് നിയമിച്ചത്. സ്റ്റേഷൻ ഹൗസ് ഓഫിസർ ദിനേശ് കോറോത് ദീർഘകാല മെഡിക്കൽ അവധിയിലാണ്. ഇപ്പോൾ രണ്ടു ഗ്രേഡ് എസ്.ഐമാർക്കാണ് സ്റ്റേഷൻ ചുമതല. ഇന്നലെ സുഗന്ധഗിരിയിലെ മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റും കൽപറ്റ സ്റ്റേഷനിൽ നിന്ന് എസ്.ഐ എത്തിയാണ് നിർവഹിച്ചത്.
പരിശീലനം കഴിഞ്ഞ എസ്.ഐമാർ ജില്ലയിൽ ലഭ്യമായിട്ടും വൈത്തിരിയിൽ താൽക്കാലിക ചാർജ് പോലും നൽകാത്തത് പൊലീസുകാരിൽ ചർച്ചവിഷയമാണ്. ജൂൺ ഒന്നിന് പുതിയ എസ്.ഐ ചാർജെടുക്കുമെന്നു പറയുന്നുണ്ടെങ്കിലും ഇതുവരെ ഉത്തരവൊന്നും ഇറങ്ങിയിട്ടില്ല. ബാലനാണ് ലിവ്യയുടെ പിതാവ്. മാതാവ്: വള്ളി. ഭർത്താവ്: അഭിലാഷ്. മക്കൾ: ലിപേഷ്, വിപിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.