തളിപ്പുഴ മുതൽ ലക്കിടി വരെ തെരുവുവിളക്കില്ല; വെളിച്ചമില്ലാത്ത റോഡിൽ ഭീതിയുടെ കാൽനടയാത്ര
text_fieldsവൈത്തിരി: ദേശീയപാതയിൽ തളിപ്പുഴ മുതൽ ലക്കിടി ചുരം കവാടംവരെ തെരുവ് വിളക്കുകളില്ലാത്തത് കാൽനടയാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. പെൺകുട്ടികളടക്കം നിരവധിപേർ സഞ്ചരിക്കുന്ന ഈ പാതയോരം അപകടം പതിയിരിക്കുന്ന ഇടമാണ്. അശുഭകരമായ എന്തെങ്കിലും സംഭവിക്കുന്നതുവരെ അധികൃതർ കണ്ണടച്ചിരിക്കുമെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.
രണ്ടുവർഷം മുമ്പ് തെരുവുവിളക്കുകളില്ലാത്തത് സംബന്ധിച്ച് മാധ്യമങ്ങൾ വാർത്ത നൽകിയപ്പോൾ, സംവിധാനമൊരുക്കുമെന്നായിരുന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ നടപ്പാക്കിയിട്ടില്ല.
പൂക്കോട് വെറ്ററിനറി സർവകലാശാലയുമായി ബന്ധപ്പെട്ട കോളജുകളിലെ കുട്ടികൾ നിത്യോപയോഗ സാധനങ്ങൾ വാങ്ങാനും മറ്റും തളിപ്പുഴ അങ്ങാടിയെയാണ് ആശ്രയിക്കുന്നത്. ഇരുട്ടിലൂടെയാണ് രാത്രി ഇവരുടെ യാത്ര. ഇതിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. ഭക്ഷണ ആവശ്യത്തിനും മറ്റും ലക്കിടിയിൽ ഹോട്ടലുകളിൽ പോകുന്ന കുട്ടികളും സഞ്ചരിക്കുന്നത് ഈ വഴിയാണ്.
തളിപ്പുഴ പാലത്തിനും സർവകലാശാല ഗേറ്റിനും ഇടയിലുള്ള സ്ഥലം വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളയിടമാണ്. സർവകലാശാല കവാടം മുതൽ കാമ്പസിൽ തെരുവുവിളക്കുകൾ കത്തുന്നുണ്ട്. എന്നാൽ, റോഡിലിറങ്ങിയാൽ ഇരുട്ടാണ്.
ലക്കിടിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിലെ സ്ത്രീകളടക്കമുള്ള യാത്രക്കാർ ഇരുട്ടിലൂടെയാണ് ലക്കിടി വ്യൂ പോയന്റിലേക്കു പോകുന്നത്. ലക്കിടി കവാടത്തിനും വ്യൂ പോയന്റിനും ഇടക്കുള്ള ഭാഗം ഇരുട്ട് നിറഞ്ഞതും വീതി കുറഞ്ഞതുമായ ഇടമാണ്. ഇവിടെയും അപകടം പതിയിരിക്കുന്നുണ്ട്.
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന അധികൃതർ അനിവാര്യമായ സ്ഥലങ്ങളിൽ വെളിച്ചമൊരുക്കാൻ സന്നദ്ധമാവുന്നില്ല. വെളിച്ചമില്ലായ്മക്ക് അടിയന്തര പരിഹാരമുണ്ടാവണമെന്നാണ് നാട്ടുകാരും സഞ്ചാരികളും ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.