സഞ്ചാരികളേ ഓർക്കുക; ഇവിടം മാലിന്യകേന്ദ്രമല്ല
text_fieldsവൈത്തിരി: കോവിഡ് പ്രതിസന്ധിയിൽ അടച്ചുപൂട്ടിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചു. വിവിധ ജില്ലകളിൽനിന്ന് സഞ്ചാരികൾ ചുരംകയറുന്നുണ്ട്. പലരും പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് നിർത്തിയിരിക്കുകയാണ്. പകരം വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം യാത്രക്കിടെ പാതയോരങ്ങളിൽ ഒഴിഞ്ഞ സ്ഥലങ്ങളിൽ വെച്ചാണ് കഴിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങളും അതോടൊപ്പം പാക്കിങ് സാധനങ്ങളും അലക്ഷ്യമായി ഉപേക്ഷിക്കുകയാണ്.
ജില്ല കവാടമായ ലക്കിടി മുതൽ മുത്തങ്ങ വരെ പല സ്ഥലങ്ങളിലും ഇത്തരം മാലിന്യങ്ങൾ കൂടിവരുന്നു. ചുരത്തിൽ കഴിഞ്ഞ ദിവസം ചുരം സംരക്ഷണ സമിതി പ്രവർത്തകർ ശേഖരിച്ചത് ചാക്കുകണക്കിന് മാലിന്യങ്ങളാണ്. മാലിന്യം നിക്ഷേപിക്കാൻ ചുരത്തിൽ പ്രത്യേകം കൂടുതന്നെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പാതയോരത്തെ മാലിന്യ നിക്ഷേപത്തിന് ഒരു കുറവുമില്ല. പൂക്കോട് തടാകത്തിെൻറ റോഡിന് ഇരുവശവും നിറയെ മാലിന്യങ്ങളാണ്. ദേശീയ പാതയുടെ ഓരങ്ങളിൽ പലയിടത്തും ചാക്കുകളിലടക്കം മാലിന്യങ്ങൾ തള്ളിയത് കാണാം. ദേശീയപാതയിൽ ചേലോട് എസ്റ്റേറ്റിന് സമീപം മാലിന്യങ്ങൾ തള്ളിയിട്ടുണ്ട്. പൂക്കോട് തടാകത്തിനു മുന്നിലൂടെ വൈത്തിരിയിലേക്കു പോകുന്ന റോഡിനിരുവശവും നിരവധി മാലിന്യ പാക്കറ്റുകൾ വലിച്ചെറിഞ്ഞിട്ടുണ്ട്.
ലക്കിടി ബസ്സ്റ്റോപ്പിന് സമീപം പി.ഡബ്ല്യു.ഡി ഓഫിസിനു സമീപം ഒഴിഞ്ഞ സ്ഥലത്തെ മരത്തിെൻറ ചുവടു മുഴുവൻ മാലിന്യങ്ങളാണ്.
പാതയോരങ്ങളിലെ തട്ടുകടകളിൽ നിന്നും മറ്റും പാർസൽ വാങ്ങുന്നവർ റോഡുവക്കിൽതന്നെയാണ് മാലിന്യം തള്ളുന്നത്. വനത്തിലും പുഴയിലും കുപ്പികളും മറ്റും വൻതോതിൽ വലിച്ചെറിയുന്നുണ്ട്. നിയന്ത്രിക്കാൻ ആരുമില്ലാത്ത സ്ഥിതി. വിനോദസഞ്ചാരം തലക്കു കയറിയവർ വിലസുന്ന സാഹചര്യമാണിപ്പോൾ. കോവിഡ് നിയന്ത്രണങ്ങളും കാറ്റിൽ പറക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.