ആര് കേൾക്കാൻ? ആരോട് പറയാൻ?
text_fieldsവൈത്തിരി: വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിൽ ജനങ്ങൾ എത്ര ദുരിതമനുഭവിച്ചാലും അധികൃതർക്ക് അനക്കമില്ല. എത്ര തവണ പറഞ്ഞിട്ടും ചുരത്തിലെ ഗതാഗതകുരുക്കിന് അറുതിവരുത്താനോ താൽക്കാലിക പരിഹാരം കാണാനോ വയനാട്-കോഴിക്കോട് ജില്ല ഭരണകൂടങ്ങൾക്ക് കഴിയാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്.
വാരാന്ത്യങ്ങളിൽ ഉൾപ്പെടെ വയനാട് ചുരത്തിലെ കുരുക്ക് നിത്യസംഭവമായിട്ടും ഇക്കാര്യത്തിൽ അടിയന്തര ഇടപെടലുണ്ടാകുന്നില്ല. ഓരോ തവണയും കുരുക്കുണ്ടാകുമ്പോൾ പരിഹാരത്തിനായി പ്രഖ്യാപനം നടത്തുന്നതല്ലാതെ ഒന്നും നടപ്പാവുന്നില്ലെന്ന് മാത്രമല്ല ഓരോ ദിവസം കൂടുംതോറും കുരുക്ക് മുറുകുകയാണ്.
ഞായറാഴ്ച പുലർച്ചെ വയനാട് ചുരം എട്ടാം വളവിന് സമീപം ചരക്കുലോറി കേടായി നിന്നുപോയതിനെതുടർന്നുണ്ടായ ഗതാഗത കുരുക്ക് ഞായറാഴ്ച പകൽ മുഴുവൻ നീണ്ടു. യാത്രക്കാർ മണിക്കൂറുകളോളമാണ് ചുരത്തിൽ കുടുങ്ങിയത്.
വാരാന്ത്യമായതിനാൽ ചുരം കയറുന്നതും ഇറങ്ങുന്നതുമായ നൂറുകണക്കിന് വാഹനങ്ങൾ ചുരത്തിൽ കുരുങ്ങി. അടിവാരം പൊലീസ്, ഹൈവേ പൊലീസ്, ചുരം സംരക്ഷണ സമിതി പ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. ലോറി ഏറെ കഴിഞ്ഞാണ് നീക്കനായതെങ്കിലും രാവിലെ പതിനൊന്നോടെ വൺവേ അടിസ്ഥാനത്തിൽ ഗതാഗതം ക്രമപ്പെടുതുകയായിരുന്നു. ഇതിനുശേഷവും കുരുക്ക് രൂക്ഷമായി തുടർന്നു.
കഴിഞ്ഞ ഒരാഴ്ചയിൽ എല്ലാ ദിവസവും വാഹനാപകടം മൂലം ചുരത്തിൽ നിരവധി തവണ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. വയനാട് ചുരത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരമായി കേടാകുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ സ്ഥിരമായി ക്രെയിൻ ലഭ്യമാക്കാൻ കഴിഞ്ഞമാസം കോഴിക്കോട്-വയനാട് കലക്ടർമാർ തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു.
എന്നാൽ, ഇതുവരെയും ഇത്തരമൊരു സംവിധാനം ചുരത്തിൽ ഏർപ്പെടുത്തിയിട്ടില്ല. ചുരത്തിൽ ലക്കിടിയിലും അടിവാരത്തുമായി ക്രെയിൻ സംവിധാനം ഏർപ്പെടുത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. ക്രെയിൻ സംവിധാനം ഉണ്ടായിരുന്നെങ്കിൽ കേടാവുന്ന വാഹനങ്ങൾ റോഡിന്റെ ഇടുങ്ങിയ ഭാഗത്തുനിന്നും നീക്കാൻ കഴിയും. ഇത് കുരുക്ക് കുറക്കുന്നതിനും സഹായകമാകും. എന്നാൽ, ഇതുവരെ ഇത്തരമൊരു സംവിധാനം നടപ്പാക്കാനായിട്ടില്ല.
അതുപോലെ ഭാരമേറിയ വാഹനങ്ങളുടെ പരിശോധനയും കാര്യക്ഷമമാക്കാനായിട്ടില്ല. തൂക്കം അറിയാനുള്ള സംവിധാനങ്ങൾ ബോയ്സ് ടൗണിലും ലക്കിടിയിലും സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ല ഭരണകൂടം സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിലും അടിയന്തരമായി തുടർ നടപടി ഉണ്ടാകേണ്ടതുണ്ട്.
വയനാട് ഭാഗത്തു നിന്നും വരുന്ന മൾട്ടി ആക്സിൽ വാഹനങ്ങൾ വിശേഷ ദിവസങ്ങളിലും, ശനി, ഞായർ ദിവസങ്ങളിലും ഉച്ചക്ക് ശേഷം മൂന്ന് മുതൽ ഒമ്പതു വരെയും തിങ്കളാഴ്ച ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ ഒമ്പതുവരേയും നിയന്ത്രണം ഏർപ്പെടുത്തുക, വയനാട് ജില്ലയിലേക്ക് മെറ്റൽ, മണൽ മുതലായ നിർമാണ സാമഗ്രികളുമായി താമരശ്ശേരി, മുക്കം പ്രദേശങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളുടെ ചുരത്തിലേക്കുള്ള പ്രവേശനം താമരശ്ശേരി പൊലീസിന്റെ സഹായത്തോടെ നിയന്ത്രിക്കുക, ആർ.ആർ.ടി ടീം രൂപവത്കരിക്കുക തുടങ്ങിയ നിർദേശങ്ങളും ഇതുവരെ നടപ്പാക്കാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.