ചുരത്തിൽ ചരക്കു ലോറികൾക്കും ടിപ്പറുകൾക്കും നിയന്ത്രണം വേണ്ടേ?
text_fieldsവൈത്തിരി: വയനാട് ചുരത്തിൽ മനപൂർവം ഗതാഗക്കുരുക്കുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം സ്വാഗതാർഹമാണെങ്കിലും ചുരത്തിൽ രാവുംപകലും വ്യത്യാസമില്ലാതെ അമിതഭാരം കയറ്റിപ്പോകുന്ന ചരക്കുലോറികൾക്കും ടിപ്പർ ലോറികൾക്കും ഒരു നിയന്ത്രണം ഏർപ്പെടുത്താത്തതിനെതിരെയും പ്രതിഷേധം ശക്തം.
ചുരം റോഡിൽ തിരക്കനുഭവപ്പെടുന്ന രാവിലെയും വൈകീട്ട് ഉൾപ്പെടെ ഇത്തരം ചരക്ക് ലോറികൾക്കും ടിപ്പർ ലോറികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയാൽ ചുരത്തിലെ ഗതാഗകുരുക്കിന് ഒരുപരിധിവരെ പരിഹാരമാകുമെന്നിരിക്കെ ഇക്കാര്യത്തിൽ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന് മാത്രമല്ല, ക്വാറി സാധനങ്ങളുമായി ചുരം കയറുന്ന ടിപ്പർ ലോറികളെ സഹായിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്.
ചുരത്തിന്റെ നിലനിൽപിനുതന്നെ ഭീഷണിയാകുന്ന വിധത്തിൽ അനുവദിച്ചതിലും കൂടുതൽ ഭാരം കയറ്റിയാണ് പല ചരക്കുലോറികളും ഇതിലൂടെ പോകുന്നത്. നേരത്തെ ചുരത്തിലൂടെ കടന്നുപോകുന്ന ചരക്കുലോറികൾക്ക് അനുവദിച്ചിരുന്ന ഭാരപരിധി 25 ടൺ ആയിരുന്നു. എന്നാൽ, ഇപ്പോൾ ടോറസുകളും മൾട്ടി ആക്സിൽ ചരക്കു ലോറികളും അമ്പതും അറുപതും ടൺ ഭാരവുമായാണ് ചുരത്തിലൂടെ സഞ്ചരിക്കുന്നത്.
വാഹനങ്ങളുടെ ഭാരപരിധി അനുസരിച്ചു വഹിക്കാവുന്ന ലോഡിന്റെ തോത് ആർ.സിയിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് 12 ചക്രങ്ങളുള്ള ഒരു ചരക്കു ലോറിക്ക് വാഹനത്തിന്റെ ഭാരം അടക്കം 25 ടണ്ണാണ് കൊണ്ടുപോകാവുന്നത്. ദേശീയപാതയിലെ സഞ്ചാരത്തിന് അനുവദിച്ചിട്ടുള്ള കണക്കാണിത്. ചുരത്തിനും ഇത് ബാധകമാണ്. ഇപ്പോൾ അഞ്ചു ശതമാനം വരെ സർക്കാർ ഇളവ് അനുവദിച്ചിട്ടുണ്ട്. അമിതമായി കൊണ്ടുപോകുന്ന ഒരു ടണ്ണിന് 10,000 രൂപയാണ് പിഴ ഈടാക്കേണ്ടത്.
അതിനു മുകളിൽ അധികം വരുന്ന ഓരോ ടണ്ണിനും 1500 രൂപയുമാണ് പിഴ. എന്നാൽ ഇത്തരം വാഹനങ്ങളിൽ കൊണ്ടുപോകുന്ന ചരക്കിന്റെ ഭാരമോ, വ്യാപ്തിയോ നോക്കാൻ ഉത്തരവാദപ്പെട്ട ഒരു ഉദ്യോഗസ്ഥനും മുന്നോട്ടു വരുന്നില്ല. ഇത് വ്യാപക വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇത്തരം അമിത ഭാരം കയറ്റിയ ചരക്കുലോറികളാണ് പലപ്പോഴും ഗതാഗത കുരുക്ക് ഉണ്ടാക്കുന്നത്.
വളവുകളിൽ കയറ്റം കയറാനാകാതെ കുടുങ്ങിപോകാറുണ്ട്. ഇക്കഴിഞ്ഞ ദിവസം ഇത്തരത്തിൽ അമിതഭാരം കയറ്റിയ ചരക്കു ലോറി ഇന്ധനം തീർന്നതിനെത്തുടർന്ന് നിന്നുപോകുകകയും മണിക്കൂറുകൾ ഗതാഗതം സ്തംഭിക്കുകയും ചെയ്തിരുന്നു. ഇവർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഗൾഫ് രാജ്യങ്ങളിൽ ഇന്ധനമില്ലാത്തതുമൂലം വാഹനങ്ങൾ റോഡിൽ നിന്നുപോയാൽ വലിയ തുകയാണ് പിഴയായി ഒടുക്കേണ്ടത്. ഇപ്പോൾ വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ രാവിലെയും വൈകിട്ടുമെല്ലാം ചുരത്തിൽ ഗതാഗതകുരുക്ക് രൂക്ഷമാണ്.
മറ്റു ദിവസങ്ങളിലും കുരുക്ക് പതിവാണ്. വലിയ വാഹനങ്ങൾ ചുരത്തിൽ കേടാകുമ്പോൾ അവ വേഗത്തിൽ നീക്കം ചെയ്യാനുള്ള സംവിധാനം ഒരുക്കാനും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. ഒരു ക്രൈം സർവിസ് ചുരത്തിൽ സ്റ്റാൻഡ് ബൈ ആയി നിർത്തിയിടണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി. തിരക്കേറിയ സമയങ്ങളിലെങ്കിലും ഇത്തരം വാഹനങ്ങൾക്ക് ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ കുരുക്കിന് പരിഹാരമാകും. ഗതാഗത നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരായ നടപടി കാറുകൾക്കും ബൈക്കുകൾക്കും മറ്റു ചെറുവാഹനങ്ങൾക്കും മാത്രമായി ഒതുങ്ങാതെ നിയമലംഘനമുണ്ടാക്കുന്ന വലിയ ലോറികൾക്കും ബസുകൾക്കും എതിരെയും നടപടി എടുക്കാൻ അധികൃതർ ജാഗ്രത പാലിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.