ചുരത്തിലെ ഗതാഗത സ്തംഭനം തുടർക്കഥ; ബൈപാസ് റോഡ് ആവശ്യം വനരോദനമോ?
text_fieldsവൈത്തിരി: ജില്ലയിലേക്കുള്ള സഞ്ചാരികളടക്കമുള്ള യാത്രക്കാർക്ക് വയനാട് ചുരം പേടി സ്വപ്നമായി മാറുന്നു. നിത്യേനയെന്നോണം വിലപ്പെട്ട സമയം ചുരത്തിലെ ഗതാഗതക്കുരുക്കിൽ ഹോമിക്കപ്പെടുകയാണ് ഓരോ യാത്രക്കാരനും.
അവധി ദിവസങ്ങളിൽ ടൂറിസം ജില്ലയായ വയനാട് കാണാനും ആസ്വദിക്കാനുമായാണ് സഞ്ചാരികൾ ചുരം കയറുന്നത്. 2016, 2017 കാലത്ത് പൊട്ടിപ്പൊളിഞ്ഞു യാത്ര ചെയ്യാനാകാത്ത വിധത്തിലായിരുന്നു ചുരം.
നിരവധി വാഹനങ്ങൾ ചുരം റോഡിലെ കുഴികളിൽ ചാടി ചുരം സ്തംഭിച്ചിരുന്നു. നിരവധി സംഘടനകൾ നടത്തിയ പ്രക്ഷോഭത്തിനൊടുവിലാണ് അധികൃതർ റോഡ് നന്നാക്കാൻ തയാറായത്. വയനാട് ഡെവലപ്മെന്റ് ഫോറം എന്ന സംഘടന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസിൽ കേസ് രജിസ്റ്റർ ചെയ്തതോടെ ചുരം നന്നാക്കുന്ന പണി ത്വരിതഗതിയിൽ പൂർത്തീകരിക്കുകയും ചെയ്തു.
ഇതിനു ശേഷമാണ് കോടിക്കണക്കിനു രൂപ ചെലവഴിച്ചു ചുരം നവീകരിച്ചത്. 2018 ലെ പ്രളയവും പിന്നീടുള്ള കോവിഡ് പ്രതിസന്ധിയും കഴിഞ്ഞ ശേഷം ജില്ലയിലെ ടൂറിസം മേഖല ഉണർന്നതോടെ സഞ്ചാരികളുടെ ഒഴുക്കും വർധിച്ചു. നൂറുകണക്കിന് വാഹനങ്ങൾ ചുരം കയറാൻ തുടങ്ങിയതോടെ ചുരത്തിലൂടെയുള്ള ഗതാഗതം ക്രമാതീതമായി വർധിച്ചു. അപകടങ്ങളും വാഹനങ്ങൾ കേടുവരലും തുടങ്ങിയതോടെ ചുരത്തിൽ ഗതാഗതകുരുക്കും വർധിച്ചു.
വാരാന്ത്യദിനങ്ങളിലും അവധി ദിവസങ്ങളിലും രാവും പകലും ഒരുപോലെ ഗതാഗത തടസ്സം അനുഭവപ്പെടുകയും യാത്രക്കാർ മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങിക്കിടക്കാനും തുടങ്ങി. ഭക്ഷണമില്ലാതെ, പ്രാഥമിക സൗകര്യങ്ങളില്ലാതെ ആയിരങ്ങൾ ചുരം റോഡിൽ സ്വയം ശപിച്ചു കഴിയേണ്ട അവസ്ഥ സ്ഥിരം പല്ലവിയായി. ഇത്രയൊക്കെ പ്രതിസന്ധിയും ഗതാഗതക്കുരുക്കും രൂക്ഷമായിട്ടും അധികൃതർ നിസ്സംഗത പുലർത്തുകയാണ്. ജോലിക്കു പോകുന്നവരും വിദേശയാത്രക്ക് വിമാനത്താവളം ലക്ഷ്യമാക്കി പോകുന്നവരും വിദ്യാർഥികളും ചുരത്തിൽ കുടുങ്ങിക്കിടക്കുന്ന സംഭവങ്ങൾ നിരവധിയാണ്. കുരുക്കിൽ കുടുങ്ങി കോഴിക്കോട് മെഡിക്കൽ കോളജിലെത്താൻ കഴിയാതെ രോഗി മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ചുരത്തിലൂടെയുള്ള യാത്ര ഇത്രയും ദുരിതം പിടിച്ചതായിട്ടും ആർക്കും ഒരു ഉത്തരവാദിത്തവുമില്ലാത്ത അവസ്ഥയാണിപ്പോഴുള്ളത്.
പെരുന്നാളിന് ശേഷം മിക്കവാറും എല്ലാ ദിവസവും ചുരത്തിൽ വൻഗതാഗതക്കുരുക്കാണ് അനുഭപ്പെടുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കിലോമീറ്റർ നീണ്ട വാഹനനിരയാണ് അനുഭവപ്പെട്ടത്. വാഹന ബാഹുല്യംകൊണ്ട് ശനിയാഴ്ച ചുരം ഇറങ്ങാൻ രണ്ടു മണിക്കൂറിലധികമെടുത്തു. വെള്ളിയും ശനിയും പലപ്പോഴായി കെ.എസ്.ആർ.ടി.സി ബസും ചരക്കുലോറികളും പലയിടത്തും കേടുവന്നതുമൂലം കുരുക്ക് രൂക്ഷമായി.
ശനിയാഴ്ച രാത്രിയും ഇന്നലെ പുലർച്ചയും ചുരത്തിൽ വലിയ ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഇന്നലെ അവധി കഴിഞ്ഞു പോകുന്നവരുടെ തിരക്കായിരുന്നു. പലപ്പോഴും വാഹനങ്ങളുടെ നിര അടിവാരം മുതൽ വൈത്തിരി വരെ നീണ്ടു. നിരവധി ആംബുലൻസുകളാണ് ഇന്നലെയടക്കം ചുരമിറങ്ങാൻ പാടുപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.