ജഡ്ജി നേരിട്ടെത്തി; പൂക്കോട്ട് രോഗത്താൽ നരകിച്ച കുതിരക്ക് ചികിത്സ
text_fieldsവൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല കോളജ് ഗ്രൗണ്ടിൽ ആരാലും തിരിഞ്ഞുനോക്കാതെ രോഗബാധിതയായി നരകിച്ചുകഴിഞ്ഞ കുതിരക്ക് കോടതി ഇടപെടലിനെ തുടർന്ന് ചികിത്സ ആരംഭിച്ചു. നായ്ക്കൾ കടിച്ചുവലിക്കാൻ തുടങ്ങിയിരുന്ന കുതിരക്ക് ചികിത്സ ആവശ്യപ്പെട്ട് മൃഗസ്നേഹികളുടെ സംഘടന കൽപറ്റ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയിരുന്നു. തുടർന്ന് ജഡ്ജി നേരിട്ട് ഗ്രൗണ്ടിലെത്തി ബന്ധപ്പെട്ട ഡോക്ടർമാരെയും ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തുകയും കർശന നിർദേശം നൽകുകയും ചെയ്തതിനെ തുടർന്നാണ് സർവകലാശാലയോട് ചേർന്നുള്ള മൃഗാശുപത്രി സമുച്ചയത്തിൽ എത്തിച്ച് ചികിത്സ തുടങ്ങിയത്.
20 വയസ്സോളം പ്രായമുള്ള കുതിരയെ സർവകലാശാലയിൽ മെഡിക്കൽ പഠനാവശ്യത്തിനാണ് കൊണ്ടുവന്നത്. അഞ്ചു വർഷം മുമ്പ് വെള്ളം കുടിച്ച ശേഷം സ്റ്റീൽ പത്രം തട്ടിത്തെറിപ്പിക്കുന്നതിനിടെ കുതിരയുടെ കാലിൽ വ്രണമുണ്ടായെന്നാണ് പറയപ്പെടുന്നത്.
ആവശ്യമായ ചികിത്സ ലഭ്യമാക്കാതെ വെറ്ററിനറി പി.ജി വിദ്യാർഥികൾ പഠനാവശ്യത്തിനു മാത്രമായി ഉപയോഗിച്ചതോടെ രോഗം മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. കാര്യമായ ചികിത്സ കിട്ടാതെ ദുരിതത്തിലായ കുതിര ഏതാനും ആഴ്ചകളായി കോളജ് ഗ്രൗണ്ടിൽ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. കുതിരയുടെ ഗുരുതരാവസ്ഥ മറച്ചുവെക്കാൻ അധികൃതർ ശ്രമിച്ചതായി ആക്ഷേപമുണ്ട്. ശനിയാഴ്ച ചികിത്സക്ക് ശേഷം പന്തിയിലേക്കു കൊണ്ടുപോയ കുതിരയുടെ ഫോട്ടോ എടുക്കാൻ ഫാം അധികൃതർ അനുമതി നൽകിയില്ല.
കോടതി ഉത്തരവിനെ തുടർന്ന് മണ്ണുത്തിയിൽനിന്ന് പ്രത്യേക സർജന്മാരുടെ മൂന്നംഗ കമ്മിറ്റി പൂക്കോട് എത്തിയിട്ടുണ്ട്. ഈ മാസം 16ന് മുമ്പ് കോടതിക്ക് കുതിരയുടെ ആരോഗ്യവിവരങ്ങളടങ്ങിയ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.