പതിച്ചുകിട്ടിയ ഭൂമിയിൽ ആദിവാസികൾക്ക് വീടുവെക്കാം
text_fieldsവൈത്തിരി: പൂക്കോട് മോഡൽ റെസിഡൻഷ്യൽ സ്കൂളിനുവേണ്ടി താൽക്കാലികമായി നിർത്തിവെക്കപ്പെട്ട 16 പുനരധിവാസ വീടുകളുടെ പണി പൂർത്തീകരിക്കാൻ പട്ടിക ജാതി-വർഗ സെക്രട്ടറി ഉത്തരവിട്ടു. 2018ലെ പ്രളയത്തെ തുടർന്ന് ഭവനരഹിതരായ ആനമല കോളനിയിലെ കുടുംബങ്ങൾക്ക് ആദിവാസികളുടെ ഭൂമിയിൽ വീടുവെക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു.
ഇതനുസരിച്ച് വീടുകളുടെ നിർമാണത്തിന് എം.ആർ.എസിന് സമീപമുള്ള സ്ഥലം കണ്ടെത്തുകയും നിർമാണം തുടങ്ങുകയും ചെയ്തിരുന്നു. നിർമാണം 75 ശതമാനം പൂർത്തിയായപ്പോൾ വീടുകളുണ്ടാക്കിയ സ്ഥലം തങ്ങളുടേതാണെന്ന അവകാശവാദവുമായി എം.ആർ.എസ് അധികൃതരും പി.ടി.എ കമ്മിറ്റിയും രംഗത്തു വരുകയും വീടുകളുടെ നിർമാണം നിർത്തിവെപ്പിക്കുകയും ചെയ്തു.
ഈ സ്ഥലത്തു വീടുവെക്കാൻ സർക്കാർ നിർദേശിച്ച ആദിവാസികളുടെ പേരിൽ എം.ആർ.എസ്സിന്റെ സ്ഥലം കൈയേറിയെന്നാരോപിച്ച് സ്കൂൾ അധികൃതർ കേസ് കൊടുക്കുകയും ചെയ്തിരുന്നു. പ്രളയാനന്തരം താമസിക്കാൻ താൽക്കാലികമായി നിർമിച്ച ഷെഡിലാണ് നാലുവർഷമായി ആനമല കോളനിയിലെ ആദിവാസി കുടുംബങ്ങൾ അസൗകര്യങ്ങൾക്കു നടുവിൽ ജീവിക്കുന്നത്. ഈ കുടുംബങ്ങളെ താൽക്കാലിക ഷെഡിൽനിന്നുപോലും കുടിയിറക്കാൻ ശ്രമം നടത്തിയത് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
1977ലാണ് പൂക്കോട് ഡയറി ഫാം സഹകരണ മേഖലയിൽ നിലവിൽ വന്നത്. ഡയറി ഫാം നിലകൊള്ളുന്ന സ്ഥലം പിന്നീട് ആദിവാസികൾക്ക് പതിച്ചുനൽകി. എന്നാൽ, വിവിധ ഘട്ടങ്ങളിലായി ആദിവാസി ഭൂമി സർവകലാശാലക്കും അനുബന്ധ സ്ഥാപനങ്ങൾക്കും അതോടൊപ്പം നവോദയ, എം.ആർ.എസ് പോലുള്ള സ്ഥാപനങ്ങൾക്കും കൈമാറുകയും അവിടെ കെട്ടിടങ്ങൾ ഉയരുകയും ചെയ്തു. ഇതിനെതിരെയുള്ള കേസുകൾ ഇപ്പോഴും സുപ്രീംകോടതിയിലാണ്.
പുനരധിവാസ വീടുകളുടെ നിർമാണം തുടങ്ങുന്നതോടൊപ്പം എം.ആർ.എസിന് ആദിവാസി ഭൂമിക്കു പുറത്ത് പുതിയ സ്ഥലം കണ്ടെത്താനും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. ആദിവാസികൾക്ക് പതിച്ചുകിട്ടിയ സ്ഥലത്ത് നിർമിച്ച പൂക്കോട് വെറ്ററിനറി സർവകലാശാല അടക്കമുള്ള കെട്ടിടങ്ങളുടെ അവസ്ഥയും പരുങ്ങലിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.