ആനമല പുനരധിവാസം അനിശ്ചിതത്വത്തിൽ; ഷെഡിൽ ആദിവാസികൾക്ക് ദുരിത ജീവിതം
text_fieldsവൈത്തിരി: പൂക്കോട് ആനമല കോളനിയിലെ ആദിവാസികൾക്ക് ഇനിയും പുനരധിവാസമായില്ല. പൂക്കോട് മോഡൽ റെസിഡൻഷ്യൽ സ്കൂളിനുസമീപം 16 കുടുംബങ്ങളെ അവർക്ക് പതിച്ചുനൽകിയ ഭൂമിയിൽ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയാണ് അനിശ്ചിതത്വത്തിലായത്. ഇവിടെ നിർമിക്കുന്ന വീടുകളുടെ പ്രവൃത്തി ട്രൈബൽ വകുപ്പിലെ ചില ഉദ്യോഗസ്ഥർ ഇടപെട്ട് നിർത്തിവെപ്പിച്ചു.
1977ൽ ഇരുപതിന പദ്ധതിയിൽപെടുത്തി ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ചുനൽകിയ ഭൂമിയിൽ വീടുവെക്കുന്നതിനെതിരെയാണ് ട്രൈബൽ ഡയറക്ടറേറ്റിൽ ഒരു ഉദ്യോഗസ്ഥെൻറ നേതൃത്വത്തിൽ തടസ്സമുന്നയിക്കുന്നത്. 1995ൽ സുപ്രീംകോടതി വിധിപ്രകാരം ഭൂമിയില്ലാത്ത ആദിവാസികൾക്ക് പതിച്ചുനൽകിയതാണ് ഈ ഭൂമി. എന്നാൽ, എം.ആർ.എസിെൻറ ഭൂമിയാണെന്നാണ് ഉദ്യോഗസ്ഥവാദം. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
2018ലെ പ്രളയത്തിൽ ഉരുൾപൊട്ടലുണ്ടായ പൂക്കോട് ആനമല ആദിവാസി കോളനിയിലെ 16 കുടുംബങ്ങളെ സ്ഥലത്തുനിന്ന് മാറ്റിയിരുന്നു.
ഈ കോളനി നിൽക്കുന്ന ഭാഗം വാസയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൂക്കോട് മോഡൽ റെസിഡൻഷ്യൽ സ്കൂളിനോട് ചേർന്ന് കുടുംബങ്ങൾക്ക് അവകാശപ്പെട്ട ഭാഗത്ത് നവോദയ സ്കൂളിന് മുന്നിലായി പുനരധിവസിപ്പിക്കാനും വീട് നിർമിക്കാനും സർക്കാർ ഉത്തരവിട്ടത്.
നിർമിതിക്കായിരുന്നു നിർമാണച്ചുമതല. ആദിവാസികളുടെ വീട് നിർമിക്കാനുള്ള കരാർ നേരത്തെ സ്വകാര്യ വ്യക്തികൾക്കായിരുന്നു നൽകിയിരുന്നത്. എന്നാൽ, സബ് കലക്ടർ മെംബർ സെക്രട്ടറിയായിട്ടുള്ള നിർമിതിക്കാണ് ആനമലയിലെ വീടുകളുണ്ടാക്കാനുള്ള കരാർ നൽകിയത്.
ട്രൈബൽ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ഇതിനെതിരെ രംഗത്തെത്തി. വീട് വെക്കാൻ കണ്ടെത്തിയ സ്ഥലം എം.ആർ.എസിെൻറതാണെന്ന് കാണിച്ച് പ്രവൃത്തി തടസ്സപ്പെടുത്തുകയും ചെയ്തു.
ആദിവാസി പുനരധിവാസ പദ്ധതിയുടെ ചെയർമാനായ ജില്ല കലക്ടർ വീടുനിർമാണത്തിന് ഉത്തരവിട്ടെങ്കിലും ട്രൈബൽ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥൻ ഇടപെട്ട് എം.ആർ.എസിലെ ഒരു ജീവനക്കാരെൻറ സഹായത്തോടെ നിർമാണം തടസ്സപ്പെടുത്തി. കോവിഡ് പ്രവർത്തനത്തിെൻറ മറവിലാണ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ ജില്ലയിലെത്തിയത്.
ട്രൈബൽ വകുപ്പിലെ വീടുനിർമാണ ചുമതലയുള്ള ഉദ്യോഗസ്ഥെൻറ സഹായത്തോടെയാണ് ആദിവാസികൾക്കെതിരെ പരാതി നൽകിയത്. ആദിവാസികൾ താൽക്കാലികമായി താമസിക്കുന്ന നവോദയ സ്കൂളിനടുത്തുള്ള ഷെഡിൽനിന്ന് ഇറക്കിവിടാനും ഇപ്പോൾ ശ്രമം നടക്കുന്നുണ്ട്. രണ്ടു മഴക്കെടുതികളെ അതിജീവിച്ച ഈ കുടുംബങ്ങൾ ഷെഡിൽ ദുരിതജീവിതം നയിക്കുകയാണ്. പുനരധിവസിപ്പിക്കാനായി നിർമിച്ച വീടുകൾക്കുവേണ്ടി എടുത്ത മൺകൂന ഷെഡ് നിൽക്കുന്ന സ്ഥലത്തിന് മുകളിലായി കൂട്ടിയിട്ടുണ്ട്. കനത്തമഴയിൽ മണ്ണ് താഴേക്ക് പതിക്കുമെന്ന ആശങ്ക കുടുംബങ്ങളെ അലട്ടുന്നുണ്ട്.
ആദിവാസികൾക്ക് പതിച്ചുനൽകുകയും കുടിയിരുത്തുകയും ചെയ്ത നിക്ഷിപ്ത വനഭൂമിയിൽനിന്ന് ആട്ടിപ്പായിക്കാനുള്ള ഹീനശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇവരെ അധിവസിപ്പിക്കാനും സഹായ സഹകരണങ്ങൾ ചെയ്യാനും മുന്നിട്ടിറങ്ങേണ്ട ഉദ്യോഗസ്ഥരാണ് അഭയാർഥികളെപോലെ സ്വന്തം മണ്ണിൽനിന്ന് ഓടിക്കുന്നത്. കലക്ടറുടെ ഉത്തരവുകൾ മറികടന്നാണ് ഉദ്യോഗസ്ഥർ ആദിവാസികൾക്കെതിരെ കരുക്കൾ നീക്കുന്നത്.
ജില്ല കലക്ടറും ആർ.ഡി.ഒയും ആദിവാസികളുടെ പുനരധിവാസത്തിന് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോൾ ട്രയൽ ഡയറക്ടറേറ്റിൽ ഒരു ഉദ്യോഗസ്ഥൻ ഈ പ്രവൃത്തികൾ തടസ്സപ്പെടുത്താൻ ജില്ലയിൽ തമ്പടിച്ചിരിക്കുകയാണ്. സ്വകാര്യ വ്യക്തികൾക്ക് നൽകിയിരുന്ന വീടുനിർമാണ കരാറുകൾ സർക്കാർ സ്ഥാപനമായ നിർമിതിക്ക് നൽകാൻ തുടങ്ങിയതോടെയാണ് ആദിവാസികളുടെ വീടുനിർമാണത്തിൽ അസ്വാരസ്യങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.
1977ൽ 110 ആദിവാസി കുടുംബങ്ങൾക്കും അവരുടെ സൊസൈറ്റിക്കും പതിച്ചുനൽകിയ പൂക്കോട്ടുള്ള ഭൂമിയിൽ ഇപ്പോഴും നാൽപതോളം കുടുംബങ്ങൾക്ക് കൈവശരേഖയും പട്ടയവും കൈമാറിയിട്ടില്ല. ഇതിനിടെ ആനമല കോളനിയിൽ തങ്ങളെ പുനരധിവസിപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്നതിനെതിരെ ട്രൈബൽ സെക്രട്ടറിക്ക് ആദിവാസികൾ പരാതി നൽകി. 15 ആദിവാസികളാണ് പരാതി നൽകിയത്. ആനമല ആദിവാസി കോളനിയിലെ പുനരധിവാസ പ്രശ്നങ്ങളിൽ ജില്ല ട്രൈബൽ പ്രോജക്ട് ഓഫിസർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.