അപകട ഹബ്ബായി വൈത്തിരി
text_fieldsവൈത്തിരി: കഴിഞ്ഞ 10 വർഷത്തിനിടെ വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വാഹനാപകടങ്ങളിൽ മരണമടഞ്ഞവരുടെ എണ്ണം നൂറു കവിഞ്ഞു. 2014 മുതൽ ഈ വർഷം വ്യാഴാഴ്ച വരെയുള്ള കണക്കാണിത്. വ്യാഴാഴ്ച പുലർച്ചെ ദേശീയപാതയിൽ തളിപ്പുഴയിലുണ്ടായ അപകടത്തിൽ മരണമടഞ്ഞ സിറിൽ തോമസാണ് ഇതിൽ അവസാനം മരണത്തിന് കീഴടങ്ങിയത്. നൂറുകണക്കിന് അപകടങ്ങളാണ് ഈ കാലയളവിൽ ഉണ്ടായത്. മരണമടഞ്ഞവരിൽ ഏറിയ പങ്കും യുവാക്കളാണ്. അപകടത്തിൽപെട്ടവരിൽ കൂടുതലും ബൈക്ക് യാത്രികരാണ്.
2019ലാണ് ഏറ്റവും കൂടുതൽ മരണം നടന്നത്, 19 പേർ. 2020ൽ 16 പേരും അപകടത്തിൽ മരണമടഞ്ഞു. 10 വർഷം കൊണ്ട് സ്റ്റേഷൻ പരിധിയിൽ നടന്ന അപകടങ്ങളുടെ എണ്ണം ചെറുതും വലുതുമായി മുന്നൂറിലധികമാണ്. ഈ കാലയളവിൽ നടന്ന അപകടങ്ങളിൽ പരിക്കുപറ്റിയവർ നിരവധിയാണ്. 2022ൽ മാത്രം 46 അപകടങ്ങളാണ് വൈത്തിരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്. അപകടങ്ങളിൽ പരിക്കുപറ്റിയവരുടെ എണ്ണം പത്തുവർഷംകൊണ്ട് അഞ്ഞൂറിലധികമാണ്. ഇവരിൽ പലരും ഇപ്പോഴും കിടപ്പിലാണ്.
2024ൽ ഈ മാസം വരെ മാത്രം 20 പേർക്കാണ് അപകടങ്ങളിൽ പരിക്ക് പറ്റിയത്. അമിത വേഗതയും ഉറങ്ങിപ്പോകുന്നതുമാണ് കൂടുതൽ അപകടങ്ങൾ കാരണമെങ്കിലും റോഡിന്റെ അശാസ്ത്രീയതയും അപകട കാരണമാണ്. ലക്കിടി മുതൽ പഴയ വൈത്തിരി വരെ ദേശീയപാതയിൽ നിരവധി അപകടങ്ങളാണ് നടന്നിട്ടുള്ളത്. ഇതിൽ കൂടുതലും ബൈക്കപകടങ്ങളാണ്. ജില്ലയിലേക്കെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ കൂടുമ്പോൾ റോഡിൽ ഗതാഗതക്കുരുക്കനുഭവപ്പെടാറുണ്ട്.
വാഹനങ്ങൾ വരിയിൽനിൽക്കുന്നതിനിടെ ലൈൻ തെറ്റിച്ചു വരുന്നവർ, തെറ്റായ ദിശയിലൂടെയും വൺവെ തെറ്റിച്ചു ഡ്രൈവ് ചെയ്യുന്നവരും ലഹരി ഉപയോഗിച്ച് ഡ്രൈവ് ചെയ്യുന്നവരും പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. വൈത്തിരിയിൽ നടന്ന മൂന്നു അപകടങ്ങളിലായി മരണമടഞ്ഞ ബൈക്ക് യാത്രികരുടെ ശരീരത്തിൽനിന്ന് ലഹരി സാധനങ്ങൾ കണ്ടെത്തിയിരുന്നു. അപകടങ്ങൾ നടക്കുന്നത് പലപ്പോഴും അർധരാത്രി കഴിഞ്ഞ സമയങ്ങളിലാണ്. ഉറക്കച്ചടവിൽ വണ്ടിയോടിക്കുന്നവർ അപകടങ്ങളുണ്ടാക്കുന്ന സമയവും ഇതാണ്.
ജില്ലയിലെ റോഡുകൾ പലതും പഴയകാലത്തെ രീതിയിലാണുള്ളത്. കാലാനുസൃമായ മാറ്റങ്ങൾ കൊണ്ടുവരികയും റോഡുകളുടെ വീതികൂട്ടുന്നതടക്കമുള്ള സംവിധാനങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്താൽ അപകടങ്ങളുടെ വ്യാപ്തി കുറക്കാമെന്നു വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് പറഞ്ഞു. രാത്രിയിൽ വിശ്രമമില്ലാതെ വാഹനമോടിക്കുന്നവർ മയങ്ങിപ്പോകുന്നതുമൂലം അപകടങ്ങൾ പതിവാണെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അനൂപ് വർക്കി അഭിപ്രായപ്പെട്ടു. നിയന്ത്രണങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി നടത്തുന്ന ഡ്രൈവിങ് അപകടങ്ങൾക്കു കാരണമാകുന്നുണ്ടെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് സി.വി. വർഗീസ് പറഞ്ഞു.
റോഡരികുകളിൽ കൂണുപോലെ മുളച്ചുപൊന്തുന്ന അനധികൃത കച്ചവടവടസ്ഥാപനങ്ങൾക്കരികെ വാഹനങ്ങൾ കൂട്ടമായി നിറുത്തുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നുണ്ട്. പൊലീസും മോട്ടോർ വാഹന വകുപ്പും ശക്തമായ പരിശോധനകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ ചെയർമാൻ സെയ്തലവി പറഞ്ഞു. ദേശീയപാതയിലുണ്ടാകുന്ന അപകടങ്ങൾ കുറക്കുന്നതിന് ആവശ്യമായ നടപടി കൈകൊള്ളുന്നതിനു ദേശീയ പാത, പൊതുമരാമത്തു വകുപ്പ് അധികൃതരുമായി സഹകരിച്ചു സംവിധാനമൊരുക്കുമെന്ന് വൈത്തിരി എസ്.എച്ച്.ഒ ടി. ഉത്തംദാസ് പറഞ്ഞു. പൊതുജനങ്ങളുടെ സഹകരണത്തോടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.