വൈത്തിരി വ്യാജ രേഖ നിർമ്മാണം നിയമ നടപടിയിലേക്ക്; വകുപ്പുതല അന്വേഷണം ഊർജ്ജിതം
text_fieldsവൈത്തിരി: വൈത്തിരി ഗ്രാമ പഞ്ചായത്തിൽ കെട്ടിട നിർമ്മാണ അപേക്ഷയോടൊപ്പം സമർപ്പിച്ച രേഖകൾ വ്യാജമെന്ന് തെളിഞ്ഞതോടെ പഞ്ചായത്ത്, റവന്യൂ വകുപ്പുകൾ കേസ് കൊടുക്കാനൊരുങ്ങുന്നു. ചുണ്ടേൽ വില്ലേജിൽപെട്ട സ്ഥലത്ത് രണ്ടു കെട്ടിടങ്ങൾ നിർമ്മിക്കാൻ സമർപ്പിച്ച കെഎൽആർ രേഖകളാണ് വ്യാജമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയത്.
അപേക്ഷയോടൊപ്പം സമർപ്പിച്ച രേഖയിൽ 'ഫോർ തഹസിൽദാർ' സീലും താലൂക്ക് ഓഫീസിന്‍റെ സീലും കണ്ട പഞ്ചായത്ത് സെക്രട്ടറി സംശയം തോന്നിയതിനെ തുടർന്ന് കൃത്യതക്കുവേണ്ടി താലൂക്ക് ഓഫിസിലേക്ക് അയച്ചതോടെയാണ് തട്ടിപ്പു പുറത്തുവന്നത്. നിർമ്മാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങളുള്ളതുകൊണ്ട് ഇപ്പോൾ ജില്ലയിൽ കെഎൽ ആർ താലൂക്ക് ഓഫിസിൽ നിന്നും വിലേജ് ഓഫിസിൽ നിന്നും നൽകുന്നതിന് മുൻപേ മാനന്തവാടി സബ് കലക്ടറുടെ ഓഫിസിൽ നിന്നും മുൻകൂർ അനുമതി ലഭിക്കേണ്ടതുണ്ട്.
കെഎൽ ആർ ഇല്ലാത്ത അപേക്ഷ നേരത്തെ തിരസ്കരിച്ചിരുന്നു. പിന്നീട് തഹസിൽദാരുടെ സാക്ഷ്യപത്രത്തോടെയാണ് അപേക്ഷ സമർപ്പിച്ചത്. ഇതിൽ 'ഫോർ തഹസിൽദാർ' എന്ന സീലും അതോടൊപ്പം താലൂക് ഓഫീസിന്‍റെ സീലും പതിച്ചിരുന്നു. ഈ രണ്ടു സീലുകളിലും സംശയം തോന്നിയ പഞ്ചായത്ത് സെക്രട്ടറി താലൂക്ക് ഓഫിസിലേക്കു പരിശോധനക്ക് അയക്കുകയായിരുന്നു. കൊടുവള്ളി സ്വദേശിയായ അബ്ദുൽ സത്താർ, മലപ്പുറം സ്വദേശിയായ കുഞ്ഞുമുഹമ്മദ് എന്നിവരാണ് അപേക്ഷ സമർപ്പിച്ചത്.
സംഭവം ഗൗരവമുള്ളതായാണ് റവന്യു വകുപ്പ് വിലയിരുത്തുന്നത്. ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം ഉന്നത റവന്യു വകുപ്പ് ഉദ്യോഗസ്ഥർ താലൂക്ക് ഓഫിസിലും പഞ്ചായത്ത് ഓഫിസിലും പരിശാധന തുടങ്ങിയിട്ടുണ്ട്. താലൂക്ക് ഓഫിസിലെ ജീവനക്കാർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന കാര്യവും അന്വേഷിച്ചു വരികയാണ്. അതേപോലെ ഇതിനു മുൻപ് പഞ്ചായത്തിൽ ഇത്തരത്തിലുള്ള അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടോ എന്നകാര്യവും പരിശോധിച്ച് വരികയാണ്. സംശയമുള്ള ഫയലുകളെല്ലാം മാറ്റിവെച്ചിട്ടുണ്ട്. വ്യാജ രേഖ സമർപ്പിച്ചതുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫിസും പഞ്ചായത്ത് ഓഫിസും അപേക്ഷകർക്കെതിരെ പൊലീസിൽ പരാതി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.