ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ പൊലീസ് ജീവിതം
text_fieldsവൈത്തിരി: നിന്നുതിരിയാനിടമില്ലാതെ ചോർന്നൊലിക്കുന്ന നൂറ്റാണ്ടിലധികം പഴക്കമുള്ള രണ്ടു ചെറുകെട്ടിടങ്ങളിൽ അമ്പതിലധികം പൊലീസുകാർ ദുരിതംപേറി പണിയെടുക്കുന്നു. 2018ലെ പ്രളയത്തിൽ പൊലീസ് സ്റ്റേഷൻ തകർന്നപ്പോൾ തുടങ്ങിയതാണ് വൈത്തിരിയിലെ െപാലീസുകാരുടെ ദുരിതം.
കെട്ടിടം നന്നാക്കാനോ ഈ ഭൂമിയിൽ പുതിയത് നിർമിക്കാനോ കഴിയില്ലെന്നായതോടെ സ്റ്റേഷൻ പ്രവർത്തനം താൽകാലികമായി സി.ഐയുടെയും എസ്.ഐയുടെയും ക്വാർട്ടേഴ്സുകളിലേക്കു മാറ്റുകയായിരുന്നു.
ബ്രിട്ടീഷുകാരുടെ കാലത്തു നിർമിച്ച ഈ കെട്ടിടങ്ങൾക്കു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. ഇവിടെ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. പ്രതികളെ പാർപ്പിക്കാൻ ലോക്കപ്പോ മറ്റു സൗകര്യങ്ങളോയില്ല. ലോക്കപ്പിന് കൽപറ്റ പൊലീസ് സ്റ്റേഷനെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.
രണ്ടു കെട്ടിടത്തിലുമായി രണ്ടു ശൗചാലയങ്ങളാണുള്ളത്. സ്ത്രീകൾക്കായി പ്രത്യേകമില്ല. ഉള്ളതിൽ തന്നെ പലപ്പോഴും വെള്ളം ലഭിക്കാറില്ല. ജല അതോറിറ്റി പൈപ്പുകളിൽ പലപ്പോഴും വെള്ളം നിലക്കുന്ന അവസ്ഥയാണ്.
പൊലീസുകാർക്ക് ഡ്രസിങ് റൂമും കാൻറീൻ സൗകര്യവുമില്ല. സ്റ്റേഷനിലേക്ക് വഴിയുമില്ല. വഴിയിലാണ് പുതിയ കെട്ടിടം പണിയുന്നത്. കുത്തനെയുള്ള സബ് ജയിൽ വഴിയിലൂടെ വേണം നടന്നെത്താൻ.
വയോധികർക്കും സ്ത്രീകൾക്കും എത്തിപ്പെടാൻ ഏറെ ക്ലേശിക്കണം. വാഹനങ്ങൾ ആശുപത്രി റോഡിലൂടെ താലൂക്ക് ഓഫിസ്, പോസ്റ്റ് ഓഫിസ് എന്നിവ ചുറ്റിവേണം എത്താൻ. ദീർഘനേരത്തെ ഡ്യൂട്ടി കഴിഞ്ഞെത്തുന്ന െപാലീസുകാർക്ക് വിശ്രമിക്കാനൊരിടമില്ല.
കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരും കേസ് എഴുതുന്നവരുമൊക്കെ ഇടുങ്ങിയ മുറികളിലാണ്. മഴ പെയ്താൽ കാര്യങ്ങൾ പിന്നെയും ദുഷ്കരമാകും. ചോർച്ചയില്ലാത്ത ഒരിടം ഈ കെട്ടിടങ്ങളിലില്ല. എസ്.ഐയുടെ മുറിയിലേക്ക് മഴവെള്ളം ചീറ്റിയെത്തും. കമ്പ്യൂട്ടർ മുറിയിലേക്കും ഫയൽ സൂക്ഷിക്കുന്നിടത്തും ചോർച്ച മാത്രമല്ല സീലിങ് ഭാഗങ്ങൾ തലയിലേക്ക് പതിക്കുന്ന അവസ്ഥയുണ്ടായി.
പുതിയ കെട്ടിടം പണി 2019ലാണ് തുടങ്ങിയത്. പ്രളയവും കോവിഡ് പ്രതിസന്ധികളും കാരണം പണി നീണ്ടു. ഉദ്ഘാടനം കഴിഞ്ഞ മേയ് അവസാനത്തോടെ നടക്കുമെന്നായിരുന്നു കരാറുകാർ അറിയിച്ചിരുന്നത്. വീണ്ടും ലോക്ഡൗൺ വന്നതോടെ പണി വീണ്ടും നിലച്ചു. അടിസ്ഥാന പണികൾ മാത്രം കഴിഞ്ഞതോടെ കരാറുകാർ സ്ഥലംവിടുകയായിരുന്നു.
ഹാബിറ്റാറ്റ് നിർമാണക്കമ്പനിയാണ് കരാറെടുത്തത്. 1.8 കോടി രൂപയായിരുന്നു കെട്ടിടം പണിക്ക് ആദ്യം അനുവദിച്ചത്. പിന്നീട് 70 ലക്ഷം രൂപ കൂടി അനുവദിച്ചു. എന്നാൽ, സർക്കാറിൽനിന്ന് പണം ലഭിക്കാത്തതിനാലാണ് നിർമാണം നിർത്തിവെച്ചതെന്ന് കരാറുകാർ പറയുന്നു.
വൈത്തിരിക്കൊപ്പം തൊണ്ടർനാട്, പനമരം സ്റ്റേഷനുകളുടെ നിർമാണവും ഇതേ കമ്പനിക്കാണ്. ഈ രണ്ടു കെട്ടിടങ്ങളുടെയും പണികൾ ഏകദേശം പൂർത്തിയായിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ െപാലീസ് സ്റ്റേഷൻ കെട്ടിട നിർമാണങ്ങളുടെയും ഭീമമായ സംഖ്യ സർക്കാറിൽനിന്ന് ലഭിക്കാനുണ്ടെന്നും ഫണ്ട് ലഭിക്കുന്ന മുറക്ക് മാത്രമെ പണികൾ പൂർത്തീകരിക്കാൻ കഴിയൂവെന്നും കമ്പനി വക്താവ് 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.