വൈത്തിരി സപ്ലൈ ഓഫിസിന് ശാപമോക്ഷം
text_fieldsവൈത്തിരി: പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ ദുരിതം നൽകിയ വൈത്തിരി താലൂക്ക് സപ്ലൈ ഓഫിസിന് ഒടുവിൽ ശാപമോക്ഷം. വൈത്തിരി ടൗണിൽ തന്നെയുള്ള സൗകര്യപ്രദമായ മറ്റൊരു കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റാൻ തീരുമാനമായി.
നിലവിലുള്ള ഓഫിസ് കെട്ടിടം കൂടുതൽ ജീർണിച്ച അവസ്ഥയിലാണ്. ഓഫിസിന്റെ സീലിങ് പലയിടത്തും അടർന്ന് ഓഫിസ് മുഴുവനും ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. വൈദ്യുതി മീറ്റർ അടക്കം ചുമരിൽ ഷോക്കടിപ്പിക്കുന്ന തരത്തിലാണുള്ളത്. ചുമരിൽ ഇതിനാൽ തന്നെ ഷോക്കുണ്ട്. ഈ ചുമരുകൾക്കിടയിൽ ജീവനക്കാർ ജീവൻ പണയം വെച്ചാണ് ജോലി ചെയ്യുന്നത്. നനഞ്ഞു കുതിർന്ന മേൽക്കൂരയും വൈദ്യുതി പ്രവഹിക്കുന്ന ചുമരുകളുമാണുള്ളത്.
ചോർന്നൊലിക്കാത്ത ഒരിടവും ഈ ഓഫിസിലില്ല. കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള മൊബൈൽ ടവർ അപകടം ക്ഷണിച്ചുവരുത്തുമോ എന്ന ആശങ്കയുമുണ്ട്. ഓഫിസിനുള്ളിൽ സപ്ലൈ ഓഫിസറുടെ കാബിനിൽ മൊത്തം വെള്ളമാണ്. പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയും ബക്കറ്റ് വെച്ചുമാണ് ചോർച്ചയെ പ്രതിരോധിക്കുന്നത്. പുതിയ വനിതാ ഓഫിസർ രണ്ടാഴ്ചക്കകം ചുമതലയേൽക്കാനിരിക്കുകയാണ്. ഇവർക്ക് ഇരിക്കാനൊരിടമില്ലാത്ത അവസ്ഥയാണ്. സപ്ലൈ ഓഫിസറുടെ മുറിയിലും കമ്പ്യൂട്ടർ വെച്ചിട്ടുള്ള റൂമിലുമൊക്കെ മഴവെള്ളത്തിൽ നിന്നും രക്ഷപ്പെടാൻ പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചു കെട്ടിയിട്ടുണ്ട്. ഓഫിസിലേക്ക് ആവശ്യത്തിനു വരുന്ന പൊതുജനങ്ങൾക്ക് നിന്നു തിരിയാൻ പോലും കഴിയാത്ത അവസ്ഥയാണ്. 14 ജീവനക്കാരാണ് ദുരിതങ്ങൾക്ക് നടുവിൽ ഈ ഓഫിസിൽ ജോലി ചെയ്യുന്നത്.
കെട്ടിടത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി മേലുദ്യോഗസ്ഥർക്ക് നിരവധി തവണ നിവേദനം നൽകിയിരുന്നു. ഏതാനും ചില കെട്ടിടങ്ങൾ ഓഫിസ് ഉപയോഗത്തിനു കാണിച്ചു കൊടുത്തുവെങ്കിലും ഓരോ കാരണത്താൽ ഓഫിസ് മാറ്റം നടന്നില്ല. സോയിൽ സർവേയുടെ പഴയ ഓഫിസ് കെട്ടിടത്തിലേക്ക് സൈപ്ല ഓഫിസ് മാറ്റാനുദ്ദേശിച്ചിരുന്നുവെങ്കിലും സൗകര്യപ്രദമല്ലെന്നു കണ്ടുഒഴിവാക്കുകയായിരുന്നു. പൊഴുതന റോഡിലെ ഇന്ത്യൻ ബാങ്ക് കെട്ടിടമായിരുന്നു മറ്റൊന്ന്. പി.ഡബ്ല്യു.ഡി താരീഫ് തീരുമാനമാകാത്തതിനാൽ അതും ശരിയായിട്ടില്ല. കഴിഞ്ഞ മാസം താലൂക്ക് സപ്ലൈ ഓഫിസ് കൽപറ്റയിലേക്ക് മാറ്റാൻ ശ്രമം നടന്നിരുന്നുവെങ്കിലും നാട്ടുകാരും പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് തടഞ്ഞിരുന്നു.
സപ്ലൈ ഓഫിസിന്റെ ശോച്യാവസ്ഥ അറിയിച്ചതിനെത്തുടർന്ന് എ.ഡി.എം ദേവകിയും റവന്യൂ ഉദ്യോഗസ്ഥരും രണ്ടു ദിവസം മുമ്പ് ഇവിടം സന്ദർശിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും വിവിധ കക്ഷി നേതാക്കളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഓഫിസ് വൈത്തിരിയിൽ തന്നെ നിലനിർത്താനും താൽക്കാലികമായി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റാനും തീരുമാനിച്ചു. യോഗത്തിൽ ജില്ല സപ്ലൈ ഓഫിസറും റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്തു. പിന്നീട് റവന്യൂ സ്ഥലം കണ്ടെത്തി സർക്കാറിൽ സമ്മർദം ചെലുത്തി സപ്ലൈ ഓഫിസിനു വേണ്ടി പുതിയ കെട്ടിടം നിർമിക്കാനാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.