സപ്ലൈ ഓഫിസ് ഇനിയും മാറ്റിയില്ല
text_fieldsവൈത്തിരി: ദ്രവിച്ച് ശോച്യാവസ്ഥയിലായ കെട്ടിടത്തിൽനിന്ന് താലൂക്ക് സപ്ലൈ ഓഫിസ് ഇനിയും മാറ്റിയില്ല. ജീർണാവസ്ഥയിലുള്ള ഓഫിസിൽ 14 ജീവനക്കാർ ജീവൻ പണയംവെച്ച് ജോലിചെയ്യുന്ന വാർത്ത ‘മാധ്യമം’ അടുത്തിടെ നൽകിയിരുന്നു. കെട്ടിടത്തിന്റെയും ഓഫിസിന്റെയും ശോച്യാവസ്ഥ ശ്രദ്ധയിൽപെടുത്തിയതിനെത്തുടർന്ന് എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ സപ്ലൈ ഓഫിസ് സന്ദർശിക്കുകയും അടിയന്തരമായി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാനുള്ള ഏർപ്പാടുകൾ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ഓഫിസ് മാറാനുദ്ദേശിച്ച കെട്ടിടം ലഭ്യമാവാതിരിക്കുകയും നിശ്ചിത വാടകക്കപ്പുറം കൊടുക്കാൻ കഴിയാത്ത അവസ്ഥ വരുകയും ചെയ്തതോടെ ഓഫിസ് മാറുന്നത് അനന്തമായി നീളുകയായിരുന്നു.
ചോർന്നൊലിക്കുന്ന മേൽക്കൂരക്കും നനഞ്ഞുകുതിർന്ന് ഷോക്കടിക്കുന്ന ചുവരുകൾക്കും ഇടയിൽ ഏറെ കഷ്ടത സഹിച്ചാണ് സ്ത്രീകളടക്കമുള്ള ജീവനക്കാർ ജോലി ചെയ്യുന്നത്. വൈത്തിരി താലൂക്ക് സപ്ലൈ ഓഫിസ് വാടകയില്ലാതെ കൽപറ്റയിലേക്കു മാറ്റാൻ ഇതിനിടെ ശ്രമം നടത്തിയെങ്കിലും ഓഫിസ് വൈത്തിരിയിൽത്തന്നെ തുടരണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയതോടെ അതുപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് പൊഴുതന റോഡിലുള്ള പുതിയ കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റാൻ തീരുമാനമായത്.
ഇതിനിടെ, വൈത്തിരി പഞ്ചായത്ത് അധികൃതർ വാടകയില്ലാതെ കെട്ടിടം സപ്ലൈ ഓഫിസിനു നൽകാമെന്ന് രേഖാമൂലം അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല. ദുരിതം പേറി ഇനിയും എത്രനാൾ കഷ്ടപ്പാടിന്റെ നെരിപ്പോടിൽ കഴിയണമെന്ന ആശങ്കയിലാണ് ജീവനക്കാർ. കെട്ടിടത്തിന്റെ മുകളിൽ അപകടകരമാംവിധം നിൽക്കുന്ന മൊബൈൽ ടവർ ഇവരെ കൂടുതൽ അസ്വസ്ഥരാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.