മാലിന്യനിര്‍മാര്‍ജനം; തദ്ദേശ സ്ഥാപനങ്ങളില്‍ കർമപദ്ധതി വേണമെന്ന് ജില്ല ആസൂത്രണ സമിതി
text_fieldsകൽപറ്റ: ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാലിന്യനിര്‍മാര്‍ജനത്തിന് പ്രത്യേകം കർമപദ്ധതി തയാറാക്കണമെന്ന് ജില്ല ആസൂത്രണ സമിതി യോഗം നിര്‍ദേശം നല്കി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തിലാണ് നിര്‍ദേശമുയർന്നത്. പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നത് തടയാന്‍ തദ്ദേശസ്ഥാപനതലത്തില്‍ പൊലീസ് സേനയെ ഉള്‍പ്പെടുത്തി സ്ക്വാഡ് രൂപവത്കരിക്കണം.
ഒരു പഞ്ചായത്തിലെ മാലിന്യ സംസ്കരണം ക്രമസമാധാന പ്രശ്നമായി മാറുകയാണെങ്കില്‍ അനുയോജ്യമായ രീതിയില്‍ പ്രശ്നം പരിഹരിക്കണം. മാലിന്യം ശേഖരിക്കുന്നയിടങ്ങളില്നിന്ന് തന്നെ അജൈവ മാലിന്യം, ജൈവ മാലിന്യം എന്നിങ്ങനെ വേര്‍തിരിക്കുന്നതിനുള്ള നടപടികള്‍ വേണം. വെള്ളമുണ്ട, അമ്പലവയല്‍ ഗ്രാമപഞ്ചായത്തുകളില്‍ ഫെക്കല്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് തലത്തില്‍ കൂടിയാലോചിച്ച് സ്വീകരിക്കാനും യോഗം നിര്‍ദേശിച്ചു. ഹരിത മിത്രം ഗാര്‍ബേജ് സിസ്റ്റം കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
• നോഡൽ ഓഫിസർമാരെ നിയോഗിക്കണം
എല്ലാ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ഹരിത കര്‍മസേന മാലിന്യം ശേഖരിക്കുന്നുണ്ടെന്ന് തദ്ദേശ സ്ഥാപനാധ്യക്ഷന്മാര് ഉറപ്പുവരുത്തണം. പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നയിടങ്ങള് കണ്ടെത്തി മാലിന്യ നിക്ഷേപം തടയാനുള്ള പദ്ധതികള്‍ നടപ്പാക്കണം.
ജലാശയങ്ങളില്‍ ഒരു തരത്തിലുമുള്ള മാലിന്യ നിര്‍മാര്‍ജനവും അനുവദിക്കരുത്. ഓരോ തദ്ദേശസ്ഥാപന പരിധിയിലും നോഡല്‍ ഓഫിസര്‍മാരെ നിയോഗിക്കേണ്ടതാണ്. കല്പറ്റ നഗരസഭയുടെ ഫെക്കല്‍ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ് കൂടുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും ആസൂത്രണ സമിതി യോഗം നിര്‍ദേശിച്ചു.
•ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതി
കല്പറ്റ നഗരസഭ അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ആക്ഷന്‍ പ്ലാനിന് ആസൂത്രണ സമിതി അംഗീകാരം നല്കി. ടൂറിസം വകുപ്പ് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്ന ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയുടെ ഡി.പി.ആര് തയാറാക്കി തദ്ദേശസ്ഥാപനങ്ങള്‍ ടൂറിസം വകുപ്പിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചു. അംഗീകാരം കിട്ടുന്ന പദ്ധതികള്‍ക്ക് പദ്ധതി തുകയുടെ 60 ശതമാനം ടൂറിസം വകുപ്പ് നല്‍കും. നിലവില്‍ കല്പറ്റ നഗരസഭ, വൈത്തിരി, എടവക, നെന്മേനി പഞ്ചായത്തുകളുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതി നടത്തിപ്പിനായി മുന്നോട്ടുവരണമെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി. പ്രഭാത് പറഞ്ഞു. പദ്ധതിയുടെ നിര്‍വഹണവും നടത്തിപ്പും വരുമാനവും തദ്ദേശസ്ഥാപനങ്ങള്‍ക്കായിരിക്കും. ഒന്നില്‍ കൂടുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സംയുക്തമായും പദ്ധതികളേറ്റെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
•ഭിന്നശേഷി കുട്ടികളുടെ സ്കോളർഷിപ്
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും സ്കോളര്‍ഷിപ്പും ബത്തയും മുടക്കം കൂടാതെ നല്‍കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ പ്രോക്ട് ഏറ്റെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് / ജില്ല പഞ്ചായത്തുകള്‍ ആസൂത്രണ മാര്‍ഗരേഖയില്‍ പറയുന്ന നിരക്കില്‍ വിഹിതം വകയിരുത്തി ഗ്രാമ പഞ്ചായത്തുകള്‍ക്ക് കൈമാറണം. ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ / സി.ഡി.പി. ഒ തലങ്ങളില്‍ മോണിറ്റര്‍ ചെയ്യണം. ധനസഹായം നല്‍കേണ്ട ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ സി.ഡി.പി. ഒ മുഖേന ബ്ലോക്ക് ജില്ല പഞ്ചായത്തുകള്‍ക്ക് മുന്‍കൂട്ടി നല്‍കണം. 2023-24 വര്‍ഷത്തില്‍ ഭിന്നശേഷി സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ല പഞ്ചായത്തും പ്രോജക്ടുകൾക്ക് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. പ്രോജക്ടില്‍ ഉള്‍ക്കൊള്ളിച്ച തുക പര്യാപ്തമാണോയെന്ന് പരിശോധിക്കണമെന്നും യോഗം നിര്‍ദേശം നല്കി.
• ഒ.ഡി.എഫ് പ്ലസ് റാങ്കിങ്ങിൽ വയനാട്
ഒ.ഡി.എഫ് പ്ലസ് റാങ്കിങ്ങിലെ ത്രീസ്റ്റാര്‍ വിഭാഗത്തില്‍ ജില്ല ഒന്നാമതെത്തിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം യോഗത്തിൽ കലക്ടര്‍ ഡോ. രേണുരാജ് നിര്‍വഹിച്ചു. ജനങ്ങളുടെ ശുചിത്വ ശീലങ്ങളില്‍ മാറ്റംവരുത്തി ഗ്രാമങ്ങളെ കൂടുതല്‍ ശുചിത്വ സുന്ദരവും മാലിന്യരഹിതവുമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണ് റാങ്കിങ് ഏര്‍പ്പെടുത്തുന്നത്. ഇനിയും ഉയര്‍ന്ന റാങ്കിലെത്താന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും കലക്ടര്‍ പറഞ്ഞു.
പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ചടങ്ങില്‍ അഭിനന്ദിച്ചു. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ശുചിത്വ ശീലങ്ങളില്‍ മാറ്റംവരുത്തി ഗ്രാമങ്ങളെ കൂടുതല്‍ ശുചിത്വ സുന്ദരവും മാലിന്യരഹിതവുമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഒ.ഡി.എഫ് റാങ്കിങ് ഏർപ്പെടുത്തുന്നത്. ജില്ലയിലെ എല്ലാ വില്ലേജുകളും ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ഒ.ഡി.എഫ് പ്ലസ് പ്രഖ്യാപിച്ചതിലൂടെയാണ് ജില്ല ഈ നേട്ടം കൈവരിച്ചത്. സമ്പൂര്‍ണ വെളിയിട വിസര്‍ജന വിമുക്ത പദവിയെക്കാള്‍ ഉയര്‍ന്ന പദവിയാണ് ഒ.ഡി.എഫ് പ്ലസ്. എല്ലാ വീടുകളിലും ശൗചാലയങ്ങള്‍ ഉറപ്പുവരുത്തിയാണ് ഗ്രാമപഞ്ചായത്തുകള്‍ ഒ.ഡി.എഫ് പദവി കൈവരിച്ചത്.
പ്ലസ് പദവിക്കായി ഗ്രാമങ്ങളെ വെളിയിട വിസർജനരഹിതമാക്കി തുടര്ന്നുകൊണ്ടുപോവുന്നതോടൊപ്പം എല്ലാവര്ക്കും ഖര-ദ്രവ്യ മാലിന്യ സംസ്കരണ സംവിധാനമേര്‍പ്പെടുത്തുകയും വേണം. കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്തായ മീനങ്ങാടി പഞ്ചായത്തിനെ കലക്ടര്‍ യോഗത്തിൽ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.