മായാർ പുഴയിൽ വെള്ളം കൂടി; മസിനഗുഡി ഒറ്റപ്പെട്ടു
text_fieldsഗൂഡല്ലൂർ: മായാർ പുഴയിൽ വെള്ളമൊഴുക്ക് വർധിച്ചതോടെ തെപ്പക്കാടിലെ താൽക്കാലിക പാലത്തിലൂടെ ഗതാഗതം നിരോധിച്ചതിനെ തുടർന്ന് മസിനഗുഡി മേഖല ഒറ്റപ്പെട്ടു. മസിനഗുഡി-തെപ്പക്കാട് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന, ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച ഇരുമ്പുപാലം പൊളിച്ചുമാറ്റിയിരുന്നു. പുനർനിർമാണം നടക്കുന്നതുവരെ വനം വകുപ്പിന്റെ ലോഗൗസ് പരിസരത്തുകൂടി മായാർ പുഴക്കു കുറുകെ ചെറിയ മോരി ഉപയോഗിച്ച് നിർമിച്ച പഴയ സിമൻറ് പാതയിലൂടെയാണ് മസിനഗുഡിയിലേക്കും തെപ്പക്കാട് ഭാഗങ്ങളിലേക്കും വാഹനങ്ങൾ പോയിരുന്നത്. പുഴയിൽ വെള്ളമൊഴുക്ക് വർധിച്ചാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമാണ്. മഴ വർധിച്ചതോടെ പുഴയിൽ വെള്ളമൊഴുക്കുംകൂടി.
കൂടാതെ പൈക്കാറ, ഗ്ലൻമോർഗൻ ഡാമുകൾകൂടി തുറന്നുവിട്ടതോടെ ജലനിരപ്പ് ഗണ്യമായി ഉയർന്നിരിക്കുകയാണ്. ഇതോടെയാണ് ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മസിനഗുഡി പൊലീസ് കാവൽ നിൽക്കുകയാണ്. മസിനഗുഡി, മായാർ, ശിങ്കാര, ബൊക്കാപുരം ഉൾപ്പെടെയുള്ള ഭാഗത്തുനിന്നുള്ളവർക്ക് ഗൂഡല്ലൂരിലേക്കോ മൈസൂരുവിലേക്കോ പോവണമെങ്കിൽ കല്ലട്ടി ചുരം വഴി പോയി ഊട്ടികുന്ത ജങ്ഷൻ, പൈക്കാറ നടുവട്ടം വഴി വരേണ്ട സ്ഥിതിയാണ്. കല്ലട്ടി വഴി വാഹന നിയന്ത്രണം നിലനിൽക്കുകയാണ്. മഴക്കാലം അടുത്തിരിക്കെ ഇത് കണക്കിലെടുക്കാതെ ഇരുമ്പുപാലം പൊളിച്ചുനീക്കിയതാണ് യാത്രാദുരിതത്തിന് നിമിത്തമായതെന്ന് ആരോപണം ഉയർന്നു. മസിനഗുഡിയുമായുള്ള ബന്ധം മുറിഞ്ഞതോടെ ഇതുവഴിയുള്ള ബസ് സർവിസും ടാക്സി സർവിസുകളും നിർത്തിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.