പുഴവെള്ളമൂറ്റി തോട്ടം നനക്കൽ തകൃതി
text_fieldsമേപ്പാടി: നാട് ജലക്ഷാമം നേരിടുമ്പോൾ മേപ്പാടി എളമ്പിലേരിയിൽ പുഴയിൽ നിന്ന് വെള്ളമൂറ്റി തോട്ടം നന തകൃതി. നടപടിയെടുക്കാതെ അധികൃതർ. എളമ്പിലേരിയിലെ ചില സ്വകാര്യ ഏലത്തോട്ടങ്ങളാണ് പുഴ വെള്ളമെടുത്ത് തോട്ടം നനക്കുന്നത്. വേനൽ കടുത്തതോടെ എളമ്പിലേരി പുഴയിൽ നീരൊഴുക്ക് കുറഞ്ഞു. ഗ്രാമപഞ്ചായത്ത് എളമ്പിലേരിയിൽ നിർമിച്ച തടയണയിൽ ശേഖരിക്കുന്ന വെള്ളമാണ് മേപ്പാടിയിലെ ടാങ്കിലെത്തിച്ച് വിതരണം ചെയ്യുന്നത്. എന്നാൽ, കാട്ടാനകൾ പൈപ്പുകൾ തകർക്കുന്ന കാരണത്താൽ ഇടക്കിടെ ജലവിതരണം മുടങ്ങുന്നു. വേനൽ കനത്തതോടെ പ്രദേശം
ജലക്ഷാമത്തിന്റെ പിടിയിലാവുകയാണ്. അതിനിടെയാണ് പുഴവെള്ളമൂറ്റി തോട്ടങ്ങൾ നനക്കുന്നത്. പുഴവെള്ളമെടുത്ത് തോട്ടം നനക്കുന്നത് ശിക്ഷാർഹമാണെന്ന മുന്നറിയിപ്പ് വേനൽക്കാലത്ത് ജില്ല ഭരണകൂടം നൽകാറുണ്ട്. എന്നാൽ, ഇക്കുറി അതുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ നടപടിക്കൊരുങ്ങുകയാണ് ഗ്രാമപഞ്ചായത്ത് അധികൃതർ. എളമ്പിലേരിയിലെ തടയണയിൽ നിന്ന് വെള്ളമെടുക്കാനായി സ്വകാര്യ തോട്ടമുടമകൾ സ്ഥാപിച്ചിട്ടുള്ള പൈപ്പുകളെടുത്ത് മാറ്റുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.