ഇനി മൂന്ന് നാൾ
text_fieldsബത്തേരിയിൽ പ്രവചനാതീതം
സുൽത്താൻ ബത്തേരി: വിധി എഴുത്തിന് മൂന്നുദിവസം മാത്രം ബാക്കിനിൽക്കെ, സുൽത്താൻ ബത്തേരിയിലെ ചിത്രം പ്രവചനാതീതം. യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികളിൽ ആർക്കാണ് മേൽക്കോയ്മ എന്ന് പറയാനാവില്ല. സീറ്റ് നിലനിർത്താൻ യു.ഡി.എഫ് പരിശ്രമിക്കുമ്പോൾ പിടിച്ചെടുക്കുക എന്നതിൽ കുറഞ്ഞൊരു ലക്ഷ്യവും ഇടത് കേന്ദ്രങ്ങൾക്കില്ല. എൻ.ഡി.എ പിടിക്കുന്ന വോട്ടുകൾ തങ്ങൾക്ക് വിനയാകുമോ എന്നാണ് ഇരുമുന്നണികളും ഭയക്കുന്നത്. പ്രചാരണത്തിെൻറ തുടക്കഘട്ടത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.എസ്. വിശ്വനാഥനായിരുന്നു അൽപം മുൻതൂക്കം. തുടക്കത്തിൽ മന്ദഗതിയിലായിരുന്നെങ്കിലും യു.ഡി.എഫ് സ്ഥാനാർഥി ഐ.സി. ബാലകൃഷ്ണൻ പ്രചാരണത്തിൽ ഒപ്പമെത്തി. എൻ.ഡി.എ സ്ഥാനാർഥി സി.കെ. ജാനുവും മണ്ഡലത്തിെൻറ മുക്കിലും മൂലയിലും ഓടിയെത്തുന്നുണ്ട്. കുടിയേറ്റ കർഷകരും കർഷക തൊഴിലാളികളും ഏറെയുള്ള പുൽപള്ളി, മുള്ളൻകൊല്ലി, നടവയൽ പ്രദേശങ്ങളിൽ ഒന്നിലേറെ പ്രാവശ്യം എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾ എത്തി. എല്ലായിടത്തും നല്ല ജനക്കൂട്ടമാണ് സ്ഥാനാർഥികളെ സ്വീകരിച്ചത്.
സാമുദായിക വോട്ടുകൾ തങ്ങൾക്കനുകൂലമാക്കുക എന്ന ലക്ഷ്യം കുടിയേറ്റ മേഖലകളിലെ സന്ദർശനത്തിന് പിന്നിലുണ്ട്. സാമുദായിക നേതാക്കളെ സന്ദർശിക്കാനും സ്ഥാനാർഥികൾ ഉത്സാഹം കാണിച്ചു. മുള്ളൻകൊല്ലി, പുൽപള്ളി, പൂതാടി, നൂൽപ്പുഴ, മീനങ്ങാടി, നെന്മേനി പഞ്ചായത്തുകളൊക്കെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മിന്നും വിജയം സമ്മാനിച്ചതാണ്. ബത്തേരി നഗരസഭയും അമ്പലവയൽ പഞ്ചായത്തുമാണ് എൽ.ഡി.എഫിന് നിലനിർത്താനായത്. തദ്ദേശ തെരഞ്ഞെടുപ്പിൽ തങ്ങളിൽനിന്നും വിട്ടുപോയ വോട്ടുകൾ ഈ തെരഞ്ഞെടുപ്പിൽ വീണ്ടെടുക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്.
മാനന്തവാടിയിൽ ഇഞ്ചോടിഞ്ച്
മാനന്തവാടി: മണ്ഡലത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യനാളുകളിൽ പ്രചാരണത്തിൽ എൽ.ഡി.എഫ് നേടിയ മുൻതൂക്കം ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെ യു.ഡി.എഫിന് മറികടക്കാനായിട്ടുണ്ട്. രാഹുൽ ഗാന്ധി എം.പിയുടെ വരവും പ്രവർത്തകർക്ക് ഊർജം പകർന്നു. ഇരു മുന്നണികളും വിജയപ്രതീക്ഷയിലാണ്. ബി.ജെ.പി പിടിക്കുന്ന വോട്ടുകളും നിർണായകമാകും. യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ജയലക്ഷ്മിയും എൽ.ഡി.എഫിലെ ഒ.ആർ. കേളുവും എൻ.ഡി.എയിലെ പള്ളിയറ മുകുന്ദനുമാണ് അങ്കത്തട്ടിൽ. പ്രചാരണത്തിെൻറ ആദ്യനാളുകളിൽ വികസനമായിരുന്നു ചർച്ചയെങ്കിൽ രണ്ടാംഘട്ടത്തിൽ ആർ.എസ്.എസ് ബന്ധമാണ് ചർച്ചയായിരിക്കുന്നത്. കുടുംബയോഗങ്ങൾക്കാണ് മൂന്നു മുന്നണികളും പ്രാധാന്യം നൽകുന്നത്. കോൺഗ്രസിനുള്ളിലെ കലാപം മൂലം കഴിഞ്ഞതവണ 1,307 വോട്ടിനാണ് കേളു വിജയിച്ചത്. ഇത്തവണ കോൺഗ്രസിലെ വിഷയങ്ങൾ പരിഹരിച്ചത് ജയലക്ഷ്മിക്ക് ആത്മവിശ്വാസം നൽകുന്നു. കഴിഞ്ഞ അഞ്ചുവർഷത്തെ വികസന നേട്ടവും മെഡിക്കൽ കോളജ് സ്ഥാപിക്കാനായതും അനുകൂലമാകുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. വികസന കാര്യത്തിൽ ഇരുമുന്നണികളും മണ്ഡലത്തിലെ ജനങ്ങളെ പറ്റിക്കുകയായിരുന്നുവെന്നാണ് എൻ.ഡി.എയുടെ പ്രധാന പ്രചാരണം. മണ്ഡലം എൽ.ഡി.എഫ് നിലനിർത്തുമോ യു.ഡി.എഫ് തിരിച്ചുപിടിക്കുമോ എന്നറിയണമെങ്കിൽ മേയ് രണ്ടുവരെ കാത്തിരിക്കണം.
കൽപറ്റയിൽ പൊരിഞ്ഞ പോര്
കൽപറ്റ: വിധി നിർണയിക്കാൻ മൂന്നു ദിവസം മാത്രം ബാക്കി നിൽക്കെ, മനസ്സുതുറക്കാതെ കൽപറ്റ മണ്ഡലം. പ്രചാരണത്തിെൻറ അവസാന നാളുകളിൽ സ്ഥാനാർഥികൾ കളംനിറഞ്ഞതോടെ മണ്ഡലം ആരെ തുണക്കുമെന്നത് പ്രവചനാതീതം. ജില്ലയിലെ മൂന്നു മണ്ഡലങ്ങളിൽ ആകെയുള്ള ജനറൽ സീറ്റിൽ പൊരിഞ്ഞ പോരാണ് നടക്കുന്നത്. യു.ഡി.എഫിനായി അഡ്വ. ടി. സിദ്ദിഖും എൽ.ഡി.എഫിനായി എം.വി. ശ്രേയാംസ്കുമാറുമാണ് മത്സരിക്കുന്നത്. എൻ.ഡി.എ സ്ഥാനാർഥി ടി.എം. സുബീഷും മണ്ഡലത്തിെൻറ മുക്കിലും മൂലയിലും ഓടിയെത്തുന്നുണ്ട്. പ്രചാരണത്തിൽ ആദ്യനാളുകളിൽ എൽ.ഡി.എഫിന് മേൽക്കൈ നേടാനായെങ്കിലും ചിട്ടയായ പ്രചാരണത്തിലൂടെ യു.ഡി.എഫിന് ഒപ്പമെത്താനായി. സർക്കാറിെൻറ വികസന ജനക്ഷേമ പ്രവർത്തനങ്ങളും അഞ്ചു വർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങളും എണ്ണിപ്പറഞ്ഞാണ് ശ്രേയാംസ്കുമാർ വോട്ട് ചോദിക്കുന്നത്.
മെഡിക്കൽ കോളജ്, റെയിൽവേ ഉൾപ്പെടെയുള്ള പദ്ധതികൾ ഉയർത്തിക്കാട്ടിയും കൽപറ്റയുടെ വികസനത്തിന് പ്രത്യേക ഊന്നൽ നൽകിയുമാണ് സിദ്ദിഖിെൻറ പ്രചാരണം. രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രവർത്തകർക്ക് ഊർജം പകർന്നതായും മുന്നണി വിലയിരുത്തുന്നു. എൻ.ഡി.എ പിടിക്കുന്ന വോട്ടുകൾ ആരെ തുണക്കുമെന്നതും നിർണായകമാണ്. ആരു ജയിച്ചാലും ഭൂരിപക്ഷം കുറയുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നേതൃത്വം. ഇനിയുള്ള ദിവസങ്ങളിൽ പരമാവധി വോട്ടർമാരെ നേരിട്ടുകണ്ട് വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.