വയനാട് ബജറ്റ്: പരിഗണന കാർഷിക മേഖലക്ക് തന്നെ
text_fieldsകണിയാമ്പറ്റയിൽ കൃഷിക്കും ഭവനനിർമാണത്തിനും മുന്‍ഗണന
കണിയാമ്പറ്റ: ഗ്രാമ പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് നജീബ് കരണി അവതരിപ്പിച്ചു. പ്രസിഡന്റ് കമല രാമൻ അധ്യക്ഷത വഹിച്ചു. കാര്‍ഷിക മേഖലക്കും ഭവന നിർമാണമേഖലക്കും മുന്‍ഗണന നല്‍കിയും കമ്പളക്കാട് ടൗണില്‍ ഷോപ്പിങ് കോംപ്ലക്സ് നിര്‍മിക്കുന്നതിന് തുക നീക്കിവെച്ചും പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും 1.35 കോടി വകയിരുത്തിയുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. 56,03,79,939 രൂപ വരവും, 55,80,80,000 രൂപ ചെലവും 22,99,939 രൂപ നീക്കിയിരിപ്പും കണക്കാക്കുന്നു. അനിവാര്യ ചുമതലകള്‍ക്ക് 3.33 കോടിയും ഉൽപാദന മേഖലക്ക് രണ്ട് കോടിയും, സേവന മേഖലക്ക് 2.32 കോടിയും പശ്ചാത്തല വികസനത്തിന് 1.30 ലക്ഷം രൂപയും വകയിരുത്തി.
വികസനകാര്യ സ്ഥിരംസമിതി ചെയര്പേഴ്സൻ കെ. കുഞ്ഞായിഷ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്മാന് ബിനു ജേക്കബ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്പേഴ്സൻ പി.എന്‍. സുമ ടീച്ചര്‍, മെംബര്‍മാരായ വി.കെ. ശശിധരന്, നൂര്‍ഷ ചേനോത്ത്, അബ്ദുൽ ലത്തീഫ് മേമാടന്‍, സുജേഷ് കുമാര്‍, ഷംസുദ്ദീന് പള്ളിക്കര, സി.ഡി.എസ് ചെയര്പേഴ്സൻ റൈഹാനത്ത് ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി. ഉസ്മാന് സ്വാഗതം പറഞ്ഞു.
മുട്ടിലിൽ കാർഷിക മേഖലക്ക് ഊന്നൽ
മുട്ടിൽ: കാർഷിക മേഖലക്ക് ഊന്നൽ നൽകി 48,49,47,000 രൂപ വരവും 44,68,09,000 ചെലവും 21,41,368 രൂപയുടെ നീക്കിയിരിപ്പുമുള്ള ബജറ്റ് മുട്ടിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എസ്. സ്കറിയ അവതരിപ്പിച്ചു. കാപ്പി, കുരുമുളക്, നെല്ല് വിളകളെ പ്രോത്സാഹിപ്പിക്കുകയും അവയുടെ കൃഷിവിസ്തൃതി വർധിപ്പിക്കുകയും ചെയ്യുന്നതിനുള്ള പദ്ധതികൾ ബജറ്റിലുണ്ട്. പാർപ്പിടത്തിന് ലൈഫ് ഭവനപദ്ധതിയുൾപ്പെടെ 1.50 കോടിയും, പഞ്ചായത്ത് കളിസ്ഥലവും സ്റ്റേഡിയവും നിർമിക്കുന്നതിന് 1.30 കോടിയും വകയിരുത്തി. ലൈബ്രറികളുടെ നവീകരണത്തിനായി അഞ്ചു ലക്ഷവും പഞ്ചായത്ത് ലൈബ്രറി ആരംഭിക്കുന്നതിന് 15 ലക്ഷവും പട്ടികജാതി-പട്ടികവർഗ മേഖലക്കായി 3.93 കോടിയും വകയിരുത്തി. വയോജനങ്ങൾക്ക് വാതിൽപടി സേവനവും മൊബൈൽ ക്ലിനിക്കും ഉറപ്പാക്കും. ക്ഷീര കർഷകർക്ക് മൊബൈൽ വെറ്ററിനറി ക്ലിനിക്ക് സംവിധാനം ഏർപ്പെടുത്തും.
മുട്ടിൽ ടൗൺ സൗന്ദര്യവത്കരണത്തിനും ഗാന്ധി സ്ക്വയറിൽ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിനുമായി 20 ലക്ഷം രൂപയും വാർഡുകളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്കും റോഡുകൾക്കുമായി രണ്ടു കോടിയും വകയിരുത്തി. പ്രസിഡന്റ് നസീമ മങ്ങാടൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.ആർ. ശ്രീജിത്ത് നന്ദി പറഞ്ഞു.
ബജറ്റ്: പരിഗണന കാർഷിക മേഖലക്ക് തന്നെമാനന്തവാടി: കാർഷിക-ടൂറിസം മേഖലക്ക് പ്രാധാന്യം നൽകി അടിസ്ഥാന സൗകര്യ വികസനത്തിനും വനിത ആരോഗ്യ സേവന മേഖലയിൽ വൻ കുതിപ്പ് പ്രഖ്യാപിച്ച് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് പി.എം. ഇബ്രാഹിം അവതരിപ്പിച്ചു. കർഷകർക്കും ക്ഷീര കർഷകർക്കും ന്യായ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങളും കാർഷിക ഉപകരണങ്ങളും ലഭ്യമാക്കുന്നതിന് കർഷക സൗഹൃദ മാർക്കറ്റ് സ്ഥാപിക്കും. തലപ്പുഴ മുനീശ്വരൻകുന്ന് ടൂറിസം കോറിഡോർ വികസിപ്പിക്കും. മൂന്ന് മിനി സ്റ്റേഡിയങ്ങൾ നിർമിക്കും. വാളാട് പി.എച്ച്.സിയിൽ സായാഹ്ന ഒ.പി ആരംഭിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് അധ്യക്ഷത വഹിച്ചു.
എടവകയിൽ കാർഷിക, ആരോഗ്യ-വിദ്യാഭ്യാസ മേഖലക്ക് ഊന്നൽ
മാനന്തവാടി: കാർഷിക മേഖലക്കും ക്ഷീരകർഷകർക്കും ആരോഗ്യ കുടിവെള്ള മേഖലക്കും ഊന്നൽ നൽകി എടവക പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജംസീറ ശിഹാബ് അവതരിപ്പിച്ചു. പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ക്ഷീരമേഖലക്ക് 23 ലക്ഷവും ആടു ഗ്രാമം പദ്ധതിക്ക് 12 ലക്ഷവും സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് 60 ലക്ഷവും ആയുർവേദ ആശുപത്രി വികസനത്തിന് 38 ലക്ഷവും വാളേരി ഹോമിയോ ആശുപത്രി വികസനത്തിന് രണ്ടു ലക്ഷവും കിടപ്പ് രോഗികൾക്ക് സാന്ത്വനം നൽകുന്നതിന് 10 ലക്ഷവും വകയിരുത്തി. യുവാക്കളുടെ കായിക ശേഷി വികസനത്തിന് 60 ലക്ഷവും അതിദരിദ്രരുടെ ക്ഷേമ പദ്ധതികൾക്കായി 10 ലക്ഷവും ഭവന പുനരുദ്ധാരണ പദ്ധതിക്കായി 10 ലക്ഷവും മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 10 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
ഭവന നിർമാണത്തിന് ഊന്നല്‍ നല്കി കോട്ടത്തറ പഞ്ചായത്ത്
വെണ്ണിയോട്: കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ 2022-23 വര്‍ഷത്തേക്കുള്ള 17.18 കോടി രൂപ വരവും 17.09 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സനും വൈസ് പ്രസിഡന്റുമായ പി.എ. നസീമ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രനീഷ് അധ്യക്ഷത വഹിച്ചു. ദാരിദ്ര്യ നിർമാർജനം, ഭവന നിർമാണം, കാര്‍ഷിക മേഖല എന്നിവക്ക് ബജറ്റില്‍ ഊന്നൽ നൽകുന്നു. 200 നിർധനർക്ക് ഭവനം നിർമിച്ചുനൽകും. വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ സൗജന്യ ഭക്ഷണം നല്‍കുന്നതിനായി 'വിശപ്പ് രഹിത കോട്ടത്തറ' എന്ന പദ്ധതി പ്രഖ്യാപിച്ചു. അടിസ്ഥാന മേഖലക്ക് പ്രാധാന്യം നൽകും, കുടിവെള്ള വിതരണം മെച്ചപ്പെടുത്തും. ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ക്കും മതിയായ പ്രാധാന്യം ബജറ്റില്‍ നല്‍കിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ പ്രളയത്തെ നേരിടുന്നതിന് ഷെല്‍ട്ടര്‍ ഹോം അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ബജറ്റില്‍ തുക വകയിരുത്തി.
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ ഹണി ജോസ്, പി.എസ്. അനുപമ, ഇ.കെ. വസന്ത, അംഗങ്ങളായ സംഗീത് സോമന്, അനിത ചന്ദ്രന്, ജീന തങ്കച്ചന്, പി. സുരേഷ് മാസ്റ്റര്‍, ബിന്ദു മാധവന്, ആന്റണി ജോർജ്, പുഷ്പ സുന്ദരന്‍, മുരളീദാസന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ ഹണി ജോസ് സ്വാഗതവും സെക്രട്ടറി കെ.എം. തോമസ് നന്ദിയും പറഞ്ഞു.
സുൽത്താൻ ബത്തേരി നഗരസഭ: അറയും മുറവും നിറയും
സുൽത്താൻ ബത്തേരി: നഗരസഭയുടെ 2022-23 വർഷത്തേക്കുള്ള ബജറ്റ് വൈസ് ചെയർപേഴ്സൻ എൽസി പൗലോസ് അവതരിപ്പിച്ചു. 45.98 കോടി വരവും 45.60 കോടി ചെലവും 38 ലക്ഷം നീക്കിയിരിപ്പുമാണ് ബജറ്റിലുള്ളത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി 'അറയും മുറവും നിറയും നഗരം' പദ്ധതി നടപ്പാക്കും. തെരുവ് നായ്ക്കൾക്കായി ശ്വാനഗേഹം, ടൂറിസം വികസനത്തിനായി ടൂറിസം സ്ട്രീറ്റ് എന്നിവയൊക്കെയുണ്ട്.
ജനത്തിന്റെ സന്തോഷസൂചിക ഉയർത്തുക എന്ന ലക്ഷ്യത്തോടെ സേവനമേഖല കാര്യക്ഷമമാക്കും. ടൂറിസ്റ്റുകളെ ആകർഷിക്കാൻ പാതയോരം മോടിയാക്കും. ചെറുകിട സംരംഭകരുടെ തൊഴിലും വരുമാനവും വർധിപ്പിക്കും. ജനപങ്കാളിത്തത്തോടെ കലാസാംസ്കാരിക പൊതുവേദികളുടെ ഉന്നമനം ഉറപ്പാക്കും. ഭവന നിർമാണം-വൈദ്യുതീകരണം എന്നിവക്ക് 4.25 കോടി നീക്കിവെച്ചു. കുടിവെള്ള പദ്ധതികൾക്ക് 1.8 കോടി വകയിരുത്തി. സാംക്രമിക രോഗനിർണയം, വയോമിത്രം, പെയിൻ ആന്റ് പാലിയേറ്റീവ്, വനിതകൾക്കുള്ള അർബുദ രോഗ നിർണയം, ചികിത്സ, ജനനി സുരക്ഷ തുടങ്ങിയ പദ്ധതികൾക്ക് 92.25 ലക്ഷം ചെലവാക്കും. നിലാവ് എന്ന പേരിൽ തെരുവ് വിളക്കുകൾക്കായി 1.07 കോടിയാണ് ചെലവാക്കുക. ആധുനിക വൈദ്യുതി ശ്മശാനം, ഷീ ലോഡ്ജ് എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെയർമാൻ ടി.കെ. രമേഷ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.