ആനവണ്ടിയുടെ വയനാടൻ ബജറ്റ് ടൂറിസം പുനരാരംഭിച്ചു
text_fieldsവൈത്തിരി: ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിനുശേഷം നിശ്ചലമായ ജില്ലയിലെ ടൂറിസം മേഖലക്ക് പുത്തൻ ഉണർവേകി കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം വിഭാഗം പുനരാരംഭിച്ചു. തിങ്കളാഴ്ച കണ്ണൂരിൽനിന്ന് മുപ്പതിലധികം സഞ്ചാരികളുമായി കെ.എസ്.ആർ.ടി.സി ബസ് എത്തിയതോടെ ജില്ലയിലേക്ക് നടത്തിയ ട്രിപ്പുകളുടെ എണ്ണം 320 ആയി.
ചൂരൽമല, മുണ്ടക്കൈ പ്രകൃതിദുരന്തത്തിനുശേഷം ഒരു മാസത്തിലധികമായി താൽക്കാലികമായി കെ.എസ്.ആർ.ടി.സിയുടെ ജില്ലയിലേക്കുള്ള ടൂറിസം ട്രിപ്പുകൾ നിർത്തി വെച്ചിരിക്കുകയായിരുന്നു. തകർന്നുവെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വയനാടിനെ ഉയിർത്തെഴുന്നേൽപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തന്നെയാണ് ജില്ലയിലേക്കുള്ള യാത്ര തിരഞ്ഞെടുത്തതെന്ന് പിന്നാലെയെത്തിയ യാത്രക്കാർ പറഞ്ഞു. വയനാടിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് വ്യാപകമായി തന്നെ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുമെന്നും ഇവർ പറഞ്ഞു. നിശ്ചലമായി കിടക്കുന്ന ജില്ലയിലെ ടൂറിസം മേഖലക്ക് പ്രാമുഖ്യം നൽകി കൂടുതൽ ട്രിപ്പുകൾ സംഘടിപ്പിച്ചു പരമാവധി സഞ്ചാരികളെ ജില്ലയിലെത്തിക്കുമെന്ന് കെ.എസ്.ആർ.ടി.സി ടൂറിസം വിഭാഗം സോണൽ കോഓഡിനേറ്റർ സി.ഡി. വർഗീസ്, ജില്ല കോഓഡിനേറ്റർ ആർ. റൈജു എന്നിവർ ‘മാധ്യമ’ത്തോട് പറഞ്ഞു.
തുഷാരഗിരി, പൂക്കോട് തടാകം, ബി ക്രാഫ്റ്റ് ഹണി മ്യുസിയം, എൻ ഊര് ഗോത്ര പൈതൃക ഗ്രാമം എന്നിവിടങ്ങൾ സന്ദർശിച്ചശേഷം വൈകീട്ട് സഞ്ചാരികൾ കണ്ണൂരിലേക്കു തിരിച്ചുപോയി. ഡ്രൈവർ രാജൻ, കണ്ടക്ടർ സ്വപ്ന എന്നിവരാണ് സഞ്ചാരികളുമായി ജില്ലയിലെത്തിയത്.
സഞ്ചാരികൾക്കും ബസ് ജീവനക്കാർക്കും വൈത്തിരി ബി ക്രാഫ്റ്റ് ഹണി മ്യൂസിയം സ്വീകരണം നൽകി. ഡ്രൈവറെയും കണ്ടക്ടറെയും ഹണി മ്യൂസിയം ഫൗണ്ടർ ഉസ്മാൻ മദാരി ഷാൾ അണിയിച്ചു സ്വീകരിച്ചു. വയനാട് ടൂറിസം അസോസിയേഷൻ ചെയർമാൻ കെ.പി. സെയ്ത് അലവി, കെ.എസ്.ആർ.ടി.സി സോണൽ കോഓഡിനേറ്റർ സി.ഡി. വർഗീസ്, ജില്ല കോഓഡിനേറ്റർ ആർ. റൈജു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.