വോട്ടിന് നെട്ടോട്ടമോടി സ്ഥാനാർഥികൾ പരസ്യപ്രചാരണത്തിന് ഇന്ന് കൊടിയിറക്കം
text_fieldsകൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പിെൻറ പരസ്യപ്രചാരണം ഞായറാഴ്ച അവസാനിക്കാനിരിക്കെ, നെട്ടോട്ടമോടി സ്ഥാനാർഥികൾ. ആവനാഴിയിലുള്ള അവസാന ആയുധവും പുറത്തെടുത്ത് വോട്ട് ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ്.
ആടിനിൽക്കുന്നതും നിഷ്പക്ഷവുമായ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാനുള്ള തന്ത്രമാണ് മുന്നണികൾ പയറ്റുന്നത്.
പരസ്യപ്രചാരണം ഞായറാഴ്ച വൈകീട്ട് അവസാനിക്കും. കൊട്ടിക്കലാശത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അവസാന ദിനം ആവേശത്തിന് ഒട്ടും കുറവുണ്ടാകില്ല.
ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലും വോട്ടർമാർ മനസ്സ് തുറന്നിട്ടില്ല. പൊടിപാറുന്ന പോരാട്ടമാണ് നടക്കുന്നത്. എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികളെല്ലാം ഒരുപോലെ വിജയപ്രതീക്ഷയിലാണ്. വിധി നിർണയിക്കാൻ രണ്ടുദിവസം മാത്രം ബാക്കിനിൽക്കെ, അവസാന നിമിഷ അട്ടിമറികളും മുന്നണികളെ ആശങ്കപ്പെടുത്തുന്നുണ്ട്.
പ്രചാരണത്തിെൻറ ആദ്യ നാളുകളിൽ എൽ.ഡി.എഫ് മേൽക്കൈ നേടിയെങ്കിലും ചിട്ടയായ പ്രചാരണത്തിലൂടെ യു.ഡി.എഫിന് ഒപ്പമെത്താനായി.എൻ.ഡി.എ സ്ഥാനാർഥികളും കളം നിറഞ്ഞതോടെ അവർ പിടിക്കുന്ന വോട്ടുകളും നിർണായകമാകും.
സമൂഹമാധ്യമങ്ങളിലും വീറുറ്റ പോരാട്ടമാണ് നടക്കുന്നത്. സ്ഥാനാർഥികളുടെ മേന്മകളും സർക്കാറിെൻറ വികസനവും പിടിപ്പുകേടുമെല്ലാം സൈബർ പോരാളികൾ വാരിവിതറുകയാണ്.പ്രവർത്തകരെ ആവേശത്തിലാക്കാൻ ഞായറാഴ്ച വീണ്ടും രാഹുൽ ഗാന്ധി എം.പി എത്തുന്നത് യു.ഡി.എഫ് ക്യാമ്പിന് പ്രതീക്ഷ നൽകുന്നു.
കർണാടക പി.സി.സി അധ്യക്ഷനും കോൺഗ്രസിെൻറ ട്രബ്ൾ ഷൂട്ടറുമായ ഡി.കെ. ശിവകുമാറിനെ ശനിയാഴ്ച പ്രചാരണത്തിന് എത്തിക്കാനായതും ഉണർവായിട്ടുണ്ട്. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഞായറാഴ്ചയും പ്രചാരണത്തിൽ സജീവമാകും. സർക്കാറിെൻറ ജനക്ഷേമ, വികസന പ്രവർത്തനങ്ങളിലാണ് എൽ.ഡി.എഫ് പ്രതീക്ഷ. അതേസമയം, കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായുടെ വരവോടെ എൻ.ഡി.എ ക്യാമ്പും ആവേശത്തിലാണ്. അമിത് ഷായുടെ സന്ദർശനം വോട്ടുകളാകുമെന്ന കണക്കൂകൂട്ടലിലാണ് എൻ.ഡി.എ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.