വയനാട്ടിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; കാഴ്ചക്കാരായി കോൺഗ്രസ് നേതൃത്വം
text_fieldsകൽപറ്റ: ജില്ല കോൺഗ്രസിലെ മുതിർന്നനേതാക്കൾ പരസ്യമായി രംഗത്തുവന്ന് പാർട്ടിയിൽനിന്ന് രാജി പ്രഖ്യാപിക്കുമ്പോൾ നേതൃത്വം കാഴ്ചക്കാരായി നോക്കിനിൽക്കുകയാണ്. ഡി.സി.സി ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.കെ. അനിൽകുമാർ, കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥൻ എന്നിവർക്ക് പിന്നാലെയാണ് മറ്റൊരു മുതിർന്ന നേതാവുകൂടി പാർട്ടി വിട്ടിരിക്കുന്നത്.
ഡി.സി.സി വൈസ് പ്രസിഡൻറായിരുന്ന കെ.കെ. വിശ്വനാഥൻ മാസ്റ്റർ രാജി പ്രഖ്യാപിച്ചിരുന്നെങ്കിലും നേതാക്കൾ ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. 1984 മുതൽ സജീവ രാഷ്ട്രീയത്തിലുള്ള കെ.സി. റോസക്കുട്ടി ടീച്ചർ 1991-1996 കാലത്താണ് സുൽത്താൻ ബത്തേരി എം.എൽ.എയായത്. 1996ൽ പി.വി. വർഗീസ് വൈദ്യരോട് 1296 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
ചില ഗ്രൂപ് ഇടപെടലുകളാണ് തോൽവിക്ക് ഇടയാക്കിയതെന്ന് അന്ന് ടീച്ചർ പങ്കുവെച്ചിരുന്നു. എന്നാൽ, പാർട്ടിയെ തള്ളിപ്പറയാൻ അവർ തയാറായില്ല. സ്ഥാനമാനങ്ങൾ ഇല്ലെങ്കിലും കോൺഗ്രസിെൻറ സമുന്നത നേതാവായി വളരാൻ അവർക്ക് കഴിഞ്ഞു. പിന്നീട് വനിത കമീഷൻ അധ്യക്ഷയായി.
വനിത കമീഷൻ അധ്യക്ഷസ്ഥാനം ആരും ദാനമായി തന്നതല്ലെന്നും നേതാക്കളോട് പൊരുതി വാങ്ങിച്ചതാണെന്നും ടീച്ചർ വ്യക്തമാക്കി. കെ.പി.സി.സി സെക്രട്ടറിയായിരുന്ന എം.എസ്. വിശ്വനാഥൻ ബത്തേരിയിലെ എണ്ണംപറഞ്ഞ നേതാക്കളിൽ പ്രമുഖനായിരുന്നു.
സ്ഥാനാർഥിനിർണയത്തിലെ തർക്കങ്ങളാണ് അദ്ദേഹത്തിെൻറ രാജിക്ക് കാരണം. ശക്തമായ ഇടപെടൽ നടത്തി എം.എസിനെ പിടിച്ചുനിർത്താനുള്ള ശ്രമങ്ങൾ കെ.പി.സി.സിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് പാർട്ടിയിൽതന്നെ വിമർശനമുണ്ട്. പൂതാടിയിലെ കെ.കെ. വിശ്വനാഥൻ ഡി.സി.സിക്കെതിരെ പലതവണ പരസ്യമായി രംഗത്തുവന്നിരുന്നു. ആരും ഗൗനിച്ചില്ല.
പാർട്ടി വിടുമെന്നായപ്പോൾ മുതിർന്നനേതാക്കളായ കെ. സുധാകരനും കെ. മുരളീധരനും ഇടപെട്ട് അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു. കോൺഗ്രസിൽനിന്ന് കൂടുതൽ നേതാക്കളും പ്രവർത്തകരും സി.പി.എമ്മിലെത്തുമെന്ന് ജില്ല സെക്രട്ടറി പി. ഗഗാറിൻ പറഞ്ഞു. ഗഗാറിൻ പറഞ്ഞതിൽ കാര്യമില്ലെന്നാണ് ചില കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. വരും ദിവസങ്ങളിൽ കൂടുതൽ നാടകീയനീക്കങ്ങൾ ഉണ്ടാകുമെന്ന സൂചനകൾ രാഷ്ട്രീയകേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.