പിന്നാക്കത്തിൽ പിന്നാക്കമായി വയനാട്
text_fields1980ല്‍ താമരശ്ശേരി, കുറ്റ്യാടി, പേരിയ ചുരങ്ങള്‍ക്ക് മുകളില്‍ ജില്ല പ്രഖ്യാപിക്കുന്ന സമയത്ത് വികസനത്തിന് ഗതിവേഗമുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു വയനാട്ടുകാർ. ചുരത്തിനു മുകളിലുള്ള 2,131 ചതുരശ്രകിലോമീറ്റര്‍ ഭൂപ്രദേശത്തെ ജില്ലയായി മാറ്റി നാലു പതിറ്റാണ്ടിനിപ്പുറവും ആദിവാസികളും, കർഷകരും, പിന്നാക്കക്കാരും വികസനത്തിനുവേണ്ടി കൈനീട്ടുകയാണ്.
പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ വിദ്യാഭ്യാസ രംഗത്തെ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് മലബാറിനോടുള്ള വിവേചനമെന്ന സംവാദത്തിലേക്ക് കേരളത്തെ എത്തിച്ചത്. മലബാറിൽ പിന്നാക്കാവസ്ഥ ഏറ്റവും കൂടുതൽ ദൃശ്യമാവുന്നത് വയനാട് ജില്ലയിലാണ്.
ജില്ലയിലെ പൊതുവിദ്യാഭ്യാസകേന്ദ്രങ്ങളെ പുതിയ കോഴ്സുകളും മെച്ചപ്പെട്ട സൗകര്യങ്ങളും ഏര്‍പ്പെടുത്തി നവീകരിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ വയനാട് പാക്കേജ് പങ്കുവെക്കുന്നുണ്ടെങ്കിലും നടപടികൾ ഫയലിൽ ഉറങ്ങുന്നു. ആദിവാസി വികസനത്തില്‍ കൂടുതല്‍ ക്രിയാത്മകമായ സമീപനം ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയാണ് വയനാട് പാക്കേജ് മുന്നോട്ടുവെക്കുന്നതെങ്കിലും ഭരണകൂടം ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന സമീപനമാണ് നടത്തുന്നത്.
എസ്.എസ്.എൽ.സി കഴിഞ്ഞയുടൻ ഉപരിപഠന സാധ്യതയടയുന്നത് വിദ്യാർഥികളെ കാര്യമായി ബാധിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലവിലെ ക്ലാസ് മുറികളിൽ കുട്ടികളുടെ എണ്ണം കൂട്ടിയും, ഐ.ടി.ഐ, വി.എച്ച്.എസ്.സി, പോളിടെക്നിക് സീറ്റുകൾ എണ്ണിയുമാണ് പുറത്താകുന്ന കുട്ടികളെ അകത്താക്കുന്ന കണക്കുകൾ അവതരിപ്പിക്കാറുള്ളത്. പോളിടെക്നിക്കുകളുടെ പ്രവേശനത്തിന് അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി ആണെങ്കിലും പ്രവേശന നടപടികൾ പരിശോധിച്ചാൽ 90 ശതമാനവും പ്ലസ് ടുവിന് ശേഷമാണെന്ന് കാണാം.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിൽ നിന്ന് വരുന്ന കുട്ടികളും സംസ്ഥാന സിലബസിൽ പ്ലസ് ടുവിന് അപേക്ഷിക്കാറുണ്ട്.
പരിഹാരമായി ഏർപ്പെടുത്തുന്ന മാർജിനൽ ഇൻക്രീസ് എന്ന ഒറ്റമൂലി കൊണ്ട് ഓട്ടയടക്കുന്ന സംവിധാനമാണ് വർഷങ്ങളായി ജില്ലയിൽ നടക്കുന്നത്. ഇത് യഥാർഥത്തിൽ പരിഹാരമല്ലെന്ന് മാത്രമല്ല, പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കുകയാണ്.
അധ്യാപക വിദ്യാർഥി അനുപാതം ഹയർ സെക്കൻഡറിയിൽ 1:40 വരെയാകാം. ക്ലാസിൽ 50 കുട്ടികളിൽ കൂടുതൽ പാടില്ലെന്ന് 2020 ൽ കോടതി നിർദേശവുമുണ്ടെന്നിരിക്കെ 20 ശതമാനം സീറ്റ് വർധിപ്പിച്ചാൽ ക്ലാസിൽ 60 കുട്ടികൾ വരും. 20:20 അനുപാതത്തിൽ സ്ഥലപരിമിതിയുളള പ്ലസ്ടു ക്ലാസ് മുറികളിൽ 60 കുട്ടികൾ താങ്ങാവുന്നതിലും അപ്പുറമാണ്. ഗോത്രവർഗ കുട്ടികളുടെ സ്പെഷൽ അഡ്മിഷനും സാമൂഹിക നീതി വകുപ്പു വഴി വരുന്ന പ്രത്യേക പരിഗണന ലഭിക്കേണ്ട കുട്ടികളും എത്തുന്നതോടെ ക്ലാസ് മുറികൾ കുട്ടികളുടെ ബാഹുല്യത്തിൽ വീർപ്പുമുട്ടും. 40 കുട്ടികളുടെ സ്ഥാനത്ത് 60ഉം 65ഉം കുട്ടികൾ വയനാടടക്കമുള്ള മലബാറിലെ സ്കൂളുകളിലെ ക്ലാസുകളിൽ പഠിക്കേണ്ടിവരുന്നു. നിലവിലെ ഓൺലൈൻ ക്ലാസിലും ഇത്രയും വിദ്യാർഥികളെ ശ്രദ്ധിക്കാൻ അധ്യാപകർക്ക് പ്രയാസമാണ്.
സ്റ്റാറ്റ്യൂട്ടറി പരിധിക്കപ്പുറമുള്ള സീറ്റ് വർധന ലബ്ബ കമീഷനടക്കം തടഞ്ഞതും ബാലാവകാശ നിയമത്തിെൻറ പരിധിയിൽ വരുന്നതുമാണ്. കുട്ടികളുടെ പഠന കാര്യമായതിനാൽ, കോടതി വ്യവഹാരമാക്കി സങ്കീർണമായാൽ ഭാവി നഷ്ടപ്പെടുമെന്ന ഭീതിയിലാണ് പലരും ഇത് ചർച്ചചെയ്യാൻ മുന്നോട്ടുവരാത്തത്. ഒന്നോ രണ്ടോ കുട്ടികൾ ചേർന്ന് ചെയ്യേണ്ട ലാബ് പരീക്ഷണങ്ങൾ എട്ടും പത്തും കുട്ടികൾ ഒരുമിച്ച് ചെയ്യുമ്പോൾ പ്രത്യേകിച്ചും കെമിസ്ട്രി പോലുള്ള ലാബുകളിലെ അപകടസാധ്യത വളരെ കൂടുതലാണ്. സീറ്റ് കൂടുതലുള്ള ജില്ലകളിലെ അധികമുള്ള ബാച്ചുകൾ ആവശ്യാനുസരണം പുനർവിന്യസിച്ചും ഗോത്രവർഗ കുട്ടികൾ കൂടുതലുള്ള ജില്ലകളിൽ അവർക്ക് ആവശ്യമായ കോഴ്സുകൾ അനുവദിച്ചും പരിഹരിക്കാവുന്ന വിഷയമാണിത്. എന്നാൽ, വിദ്യാഭ്യാസ രംഗത്ത് സർക്കാർ സൗകര്യങ്ങളുടെ നീതിയുക്തവും ആനുപാതികവുമായ വിതരണം മലബാറിൽ ഇല്ലാതാവുന്നുവെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.